KeralaLatest NewsNews

വിജിയെ പോലെ നിരാലംബർക്ക് താങ്ങും തണലുമായി പിണറായി സർക്കാർ എപ്പോഴുമുണ്ടാകുമെന്ന് മന്ത്രി കെ ടി ജലീൽ

തിരുവനന്തപുരം: കോളജ് മാറ്റ ഉത്തരവിനെ തുടർന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പഠനം നിർത്തിയ ബിരുദ വിദ്യാർഥിനിക്കു സർക്കാർ സൗജന്യമായി പഠിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ.ടി.ജലീൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത അധ്യായന വർഷം നഗരത്തിലെ ഏതെങ്കിലും കോളജിൽ ഡിഗ്രിക്കു സൗജന്യമായി പഠിക്കാനുള്ള സൗകര്യവും ഒരുക്കും. വിജിയെ പോലെ നിരാലംബർക്ക് താങ്ങും തണലുമായി പിണറായി സർക്കാർ എപ്പോഴും ഒപ്പമുണ്ടാകുമെന്നും ജലീൽ വ്യക്തമാക്കി. ആനിമേഷൻ ആൻഡ് വെബ് ഡിസൈനിം‌ങ് കോഴ്സിനു പഠിക്കാനുള്ള വിജിയുടെ ആഗ്രഹം സർക്കാർ മുൻകയ്യെടുത്ത് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: ആവർത്തിച്ച് അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവും നടത്തുമ്പോഴും ന്യായീകരിച്ച് മന്ത്രി ജലീൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

വിജി പഠിക്കും, സർക്കാർ നെഞ്ചോട് ചേർത്തുവയ്ക്കും

അച്ഛൻ ചെറുപ്പത്തിലേ നഷ്ടപ്പെടുകയും അമ്മ ക്യാൻസറിന് അടിപ്പെട്ട് യാത്രയാവുകയും ചെയ്ത് അനാഥയായ തിരുവനന്തപുരം സ്വദേശിനി വിജിക്ക് ചേർത്തല എൻഎസ്എസ് എയ്ഡഡ് കോളേജിലാണ് മെറിറ്റിൽ ഡിഗ്രിക്ക് പ്രവേശനം ലഭിച്ചിരുന്നത്. ഓരോ ദിവസവും ആറു മണിക്കൂർ യാത്ര ചെയ്ത് ആലപ്പുഴയിലെത്താനുള്ള പ്രയാസവും അവിടെ ഹോസ്റ്റലിൽ ചേർന്നു പഠിക്കാനുള്ള സാമ്പത്തിക പ്രയാസം കൊണ്ടുമാണ് തലസ്ഥാനത്ത് സീറ്റൊഴിഞ്ഞ് കിടക്കുന്ന സർക്കാർ വുമൻസ് കോളേജിലേക്ക് സ്ഥലം മാറ്റം നൽകി സർക്കാർ ഉത്തരവിറക്കിയത്. അതിനെതിരെയാണ് പ്രതിപക്ഷം ദുഷ്ടലാക്കോടെ എന്നെ ലക്ഷ്യമിട്ട് തുനിഞ്ഞിറങ്ങിയത്.

അടിമുടി അനാവശ്യ കോലാഹലങ്ങൾ തീർത്ത വിവാദങ്ങൾ അഭിമാനിയായ വിജിയിൽ തീർത്ത അപമാനം സഹിക്കവയ്യാതെ ആ കുട്ടി ഈ വർഷം പഠിക്കേണ്ടെന്നു തീരുമാനിച്ചത് വല്ലാത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. സർക്കാർ സ്ഥാപനമായ സി – ആപ്റ്റിൽ അടുത്ത മാസം പതിനഞ്ചോടെ ആരംഭിക്കുന്ന ആറു മാസം ദൈർഘ്യമുള്ള ആനിമേഷൻ ആൻന്റ് വെബ് ഡിസൈനിംഗ് കോഴ്സിന് ചേർന്നു പഠിക്കാനുള്ള വിജിയുടെ ആഗ്രഹം ഗവൺമെന്റ് മുൻകയ്യെടുത്ത് സഫലമാക്കും. അടുത്ത അദ്ധ്യായന വർഷം നഗരത്തിലെ ഏതെങ്കിലും ഒരു കോളേജിൽ ഡിഗ്രിക്ക് സൗജന്യമായി പഠിക്കാനുള്ള സൗകര്യവും ഒരുക്കിക്കൊടുക്കും. വിജി ഒരു പ്രതീകമാണ്. ആരോരുമില്ലാത്ത ആയിരങ്ങളുടെ പ്രതീകം. അവളെപ്പോലുള്ള നിരാലംബർക്ക് താങ്ങും തണലുമായി പിണറായി സർക്കാർ എപ്പോഴും ഒപ്പമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button