KeralaLatest NewsNews

വാളയാര്‍ കേസില്‍ ഗുരുതരമായ അട്ടിമറി നടന്നിട്ടുണ്ട് : അട്ടിമറി നടന്നതിന്റെ വസ്തുതകള്‍ അക്കമിട്ട് നിരത്തി മാധ്യമ പ്രവര്‍ത്തകന്‍

വാളയാര്‍ കേസ്സുമായി ബന്ധപ്പെട്ട് പൊലീസിന് എന്തെങ്കിലും വീഴ്ച പറ്റിയതാണ് എന്ന് കണക്കാക്കാനാവില്ലെന്നും ആസൂത്രിതവും ഗുരുതരവുമായമായ കുറ്റകൃത്യങ്ങളാണ് തുടര്‍ച്ചയായി പൊലീസ് നടത്തിയിട്ടുള്ളതെന്നും ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് വൈറലാകുന്നു.

പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുനരന്വേഷണം സാധ്യമാക്കുന്നതിനോടൊപ്പം തന്നെ കേസ്സിനെ ഈ രീതിയില്‍ അട്ടിമറിച്ച പൊലീസുകര്‍ക്കെതിരെ കുറ്റം ചുമത്തി അന്വേഷണം ആരംഭിക്കാന്‍ ആഭ്യന്തരവകുപ്പിന് ഉത്തരവാദിത്തമുണ്ട്. കേസ്സില്‍ ഗുരുരമായ അട്ടിമറി നടന്നിട്ടുണ്ട് എന്നത് വ്യക്തമാകുന്ന ചില വസ്തുതകളും മാധ്യമപ്രവര്‍ത്തകനായ ഷഫീഖ് താമരശ്ശേരി അക്കമിട്ട് നിരത്തുന്നുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം കാണാം

വാളയാര്‍ സംഭവത്തില്‍ പോലീസിനെതിരെ വലിയ പ്രതിഷേധങ്ങളുയരുന്നുണ്ട്. കേസ്സില്‍ പുനരന്വേഷണം സാധ്യമാക്കണമെന്ന ആവശ്യവും പലരും മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ പൊലീസിന് സംഭവിച്ച വീഴ്ചകള്‍ക്ക് പരിഹാരം കാണുക എന്നിടത്ത് അവസാനിക്കരുത് ഇപ്പോഴത്തെ ഈ സമ്മര്‍ദങ്ങള്‍. കാരണം വാളയാര്‍ കേസ്സുമായി ബന്ധപ്പെട്ട് പൊലീസിന് എന്തെങ്കിലും വീഴ്ച പറ്റിയതാണ് എന്ന് കണക്കാക്കാനാവില്ല, പകരം ആസൂത്രിതവും ഗുരുതരവുമായമായ കുറ്റകൃത്യങ്ങളാണ് തുടര്‍ച്ചയായി പൊലീസ് നടത്തിയിട്ടുള്ളത്. പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുനരന്വേഷണം സാധ്യമാക്കുന്നതിനോടൊപ്പം തന്നെ കേസ്സിനെ ഈ രീതിയില്‍ അട്ടിമറിച്ച പൊലീസുകര്‍ക്കെതിരെ കുറ്റം ചുമത്തി അന്വേഷണം ആരംഭിക്കാന്‍ ആഭ്യന്തരവകുപ്പിന് ഉത്തരവാദിത്തമുണ്ട്.

കേസ്സില്‍ ഗുരുരമായ അട്ടിമറി നടന്നിട്ടുണ്ട് എന്നത് വ്യക്തമാകുന്ന ചില വസ്തുതകളിലേക്ക്…

1 – 2017 ജനുവരി 13 ന് വൈകീട്ട് 6 മണിയോടടുത്താണ് 11 വയസ്സുകാരിയായ മൂത്ത പെണ്‍കുട്ടിയെ വീടിനകത്ത് തൂങ്ങിയ നിലയില്‍ കാണുന്നത്. സഹോദരിയായ 9 വയസ്സുകാരിയാണ് മൃതദേഹം ആദ്യമായി കണ്ടത്. സംഭവ സ്ഥലത്ത് നിന്നും മുഖംമൂടിയ രണ്ടുപേര്‍ ഓടിപ്പോകുന്നത് കണ്ടതായും അവരെ കണ്ട് ഭയന്ന താന്‍ ഒരു ഇലക്ട്രിക് പോസ്റ്റിന് പിറകില്‍ മറഞ്ഞ് നിന്നതായും ഒമ്പത് വയസ്സുകാരി അന്നു തന്നെ ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടേത് കൊലപാതകമാണെന്ന് സംശയിക്കാവുന്ന ആദ്യത്തെ തെളിവാണിത് എന്നാല്‍ പൊലീസ് ഈ മൊഴി കണക്കിലെടുത്തില്ല എന്നതിനെ കേവല വീഴ്ചയായി കാണാനാവില്ല.

2-തൂങ്ങിയ നിലയില്‍ കാണപ്പെട്ട മൂത്തകുട്ടിയുടെ ശരീരത്തില്‍ പലയിടങ്ങളിലായി നഖപ്പാടുകളും മറ്റും കണ്ടിരുന്നു എന്നും, കുട്ടി ഉപയോഗിച്ചിരുന്ന നാപ്കിന്‍ വീടിനകത്ത് തെറിച്ചുകിടക്കുന്നതായി കണ്ടുവെന്നും പരിസരവാസികളില്‍ ചിലര്‍ അന്ന് തന്നെ മാധ്യമപ്രവര്‍ത്തകരോടും പൊലീസിനോടും പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് ഈ മൊഴികളൊന്നും രേഖപ്പെടുത്തിയിട്ടില്ല എന്നത് ഗരുതരമായ സംശയങ്ങള്‍ ഉളവാക്കുന്നതാണ്.

3- പൊലീസിന്റെ നീക്കങ്ങളില്‍ ഏറെ സംശയം ജനിപ്പിക്കുന്ന മറ്റൊരു കാര്യമാണ് വാളയാര്‍ പോലീസ് സ്റ്റേഷനിലെ അന്നത്തെ എസ്.ഐ പിന്‍സണ്‍ പി.ജോസഫ് തയ്യാറാക്കിയ പ്രാഥമികാന്വേഷണറിപ്പോര്‍ട്ട് …പെണ്‍കുട്ടി ഏതോ മനോവിഷമത്തില്‍ വീടിനുള്ളില്‍ കഴുക്കോലില്‍ ഷാളില്‍ കെട്ടിത്തൂങ്ങി മരണപ്പെട്ടു’ എന്നാണ് റിപ്പോര്‍ട്ടിലുള്ളത്്. വളരെ ദുരൂഹമായ സാഹചര്യത്തില്‍ ശരീരത്തില്‍ നിരവധി അടയാളങ്ങളോട്കൂടി മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു പെണ്‍കുട്ടി മനോവിഷമത്താല്‍ ആത്മഹത്യ ചെയ്തു എന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ എഴുതിവെക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചത് എന്തായിരിക്കാം. യാതെരുവിധത്തിലുള്ള അന്വേഷണവും നടത്താതെ പെണ്‍കുട്ടിയുടെ മരണം മനോവിഷമത്താലുള്ള ആത്മഹത്യ എന്ന് പോലീസ് വരുത്തിത്തീര്‍ത്തത് എന്തിനായിരുന്നുവെന്നത് അന്വേഷണവിധേയമാക്കേണ്ടതാണ്.

4- പെണ്‍കുട്ടി മരണപ്പെട്ടുവെന്ന് കരുതുന്നതിന്റെ ഏതാനും സമയം മുമ്പ് പോലും വളരെ സ്വാഭാവികമായി സമീപത്തുള്ളവരോട് സംസാരിച്ചുന്നു എന്നും അതിനാല്‍ ആത്മഹത്യയാവാന്‍ യാതൊരു സാദ്ധ്യതയുമില്ലെന്ന് പരിസരവാസികളില്‍ പലരും അന്ന് പൊലീസിനെ അറിയിച്ചിരുന്നു. എന്നിട്ടും അന്വേഷണഘട്ടങ്ങളിലെല്ലാം പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണ് എന്ന് പൊലീസ് നിരന്തരം പറഞ്ഞത് എന്തിന് വേണ്ടിയായിരിക്കാം. ആരെ സംരക്ഷിക്കുന്നതിനായിരിക്കാം. അസ്വാഭാവികമരണത്തിന് കേസ്സെടുക്കുക മാത്രമാണ് അന്ന്
പോലീസ് ചെയ്തത്. ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായിരുന്നിട്ടും കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ പോക്‌സോ നിയമപ്രകാരം കേസ്സെടുക്കാനോ, മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്താനോ പോലീസ് തയ്യാറായിരുന്നില്ല എന്നതും ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണ്.

5- ഇവിടെയൊന്നും തീരുന്നില്ല പൊലീസ് ഈ വിഷയത്തില്‍ നടത്തിയ ക്രമക്കേടുകള്‍, മരണത്തിന് മുമ്പ് പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ആ വിവരം രക്ഷിതാക്കളെ അറിയിച്ചില്ല എന്ന് മാത്രമല്ല, സംഭവം ആത്മഹത്യ തന്നെയാണെന്നായിരുന്നു പൊലീസുകാര്‍ അവരോട് പറഞ്ഞിരുന്നത്. ഇതിനിടയില്‍ മാര്‍ച്ച് മാസത്തില്‍ ഇളയപെണ്‍കുട്ടി കൂടി സമാനമായ രീതിയില്‍ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മൂത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്ന വിവരം പുറത്തറിയുന്നത്. ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഇളയ മകളെയെങ്കിലും സംരക്ഷിക്കാമായിരുന്നുവെന്ന് കുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പല തവണ പറഞ്ഞിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ മൂത്ത പെണ്‍കുട്ടിയുടെ കൊലപാതകത്തിന് സാക്ഷി കൂടിയായ ഇളയ പെണ്‍കുട്ടി പിന്നീട് കൊല്ലപ്പെട്ടതില്‍ പൊലീസിന്റെ പ്രവൃത്തികള്‍ക്കും പങ്കുണ്ട് എന്ന് പറയേണ്ടി വരും. പോസ്റ്റുമോര്ട്ടം റിപ്പോര്‍ട്ട് രക്ഷിതാക്കളില്‍ നിന്നും പൊലീസ് മറച്ചുവെച്ചത് എന്തിന് വേണ്ടിയായിരുന്നു എന്ന ചോദ്യത്തിനും പൊലീസ് മറുപടി പറയേണ്ടതുണ്ട്.

6-ഈ രണ്ട് പെണ്‍കുട്ടികളും മരണപ്പെട്ടതായി കണ്ടെത്തിയത് ആ കുടുബം തമസിച്ചിരുന്ന ശെല്‍വപുരത്തെ ഒരു ഒറ്റമുറി വീട്ടിലാണ്. മുതിര്‍ന്ന ആളുകള്‍ക്ക് പൊലും കൈ ഉയര്‍ത്തിയാല്‍ എത്താന്‍ പ്രയാസമുള്ള അത്രയും ഉയരത്തിലാണ് വീടിന്റെ കഴുക്കോലുള്ളത്. സംഭവം നടക്കുമ്പോള്‍ വീടിനകത്ത് ഒരു കട്ടിലോ കസേരയോ ഒന്നുമുണ്ടായിരുന്നില്ല എന്നിരിക്കെ കുട്ടികള്‍ക്ക് സ്വയം തൂങ്ങാന്‍ കഴിയില്ല എന്നത് പ്രാഥമിക നോട്ടത്തില്‍ ഏതൊരാള്‍ക്കും നിഷ്പ്രയാസം മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. എന്നിട്ടും രണ്ടാമത്തെ പെണ്‍കുട്ടി മരണപ്പെട്ടപ്പോഴും അതും ആത്മഹത്യയാണെന്നായിരുന്നു പോലീസുകാര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ 9 വയസ്സുള്ള ഒരു കുട്ടി എങ്ങിനെ ആത്മഹത്യ ചെയ്യുമന്നതും നാല് അടിയില്‍ കൂടുതല്‍ ഉയരമില്ലാത്ത ഈ പെണ്‍കുട്ടികള്‍ എങ്ങിനെ കഴുക്കോലില്‍ സ്വയം തൂങ്ങുമെന്നതും വലിയ ചോദ്യങ്ങളായി ഉയര്‍ന്നു. ഇതെല്ലാം മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെ മാത്രമാണ്് പൊലീസ് ഈ വിഷയത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നീക്കങ്ങള്‍ നടത്തിയത് എന്നത് ഓര്‍ക്കേണ്ടതാണ്. അത്തരമൊരു വിവാദം അന്ന് രൂപപ്പെട്ടിരുന്നില്ലെങ്കില്‍ രണ്ട് സംഭവങ്ങളും ആത്മഹത്യകളായി തന്നെ പൊലീസ് വരുത്തിത്തീര്‍ക്കുമായിരുന്നു.

7- സംഭവം നടന്ന് ഏതാണ്ട് ഒന്നര വര്‍ഷത്തിന് ശേഷം 2018 ഒക്ടോബറില്‍, കേസ്സിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കുന്നതിനായി കുട്ടികളുടെ രക്ഷിതാക്കളെ കാണാന്‍ ചെന്ന മാധ്യമപ്രവര്‍ത്തകരോട് കുട്ടികളുടെ അമ്മ പറഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥരോ പ്രോസിക്യൂഷനോ ഒന്നും അവരെ ഒരു കാര്യത്തിനും ബന്ധപ്പെടാറില്ല എന്നും അവരോട് ഒന്നും കാര്യമായി ചോദിച്ചറിഞ്ഞിട്ടില്ല എന്നുമാണ്. അത് മാത്രവുമല്ല, കോടതിയില്‍ കേസ് നടക്കുന്ന ദിവസം പോലും അവര്‍ അറിയാറില്ലായിരുന്നു. ഒടുക്കം വിധി വന്ന ദിവസം പോലും കുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത് ഇന്നാണ് വിധി എന്ന് അറിയില്ലായിരുന്നു എന്നാണ്. ഇത്തരം കാര്യങ്ങളെല്ലാം പൊലീസിനും പ്രോസിക്യൂഷനും നേരെ സംശയങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

8- കേസന്വേഷണത്തില്‍ കൃത്യമായ തെളിവുകള്‍ സമാഹരിച്ചിട്ടില്ലാത്തതിനാല്‍ കോടതിയില്‍ കേസ്സുമായി മുന്നോട്ട് പോകുന്നതിന് പ്രയാസങ്ങള്‍ ഉണ്ടെന്ന് നേരത്തെ പ്രോസിക്യൂഷന്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു. അതേ സമയം പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യവുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി സോജന്‍ സര്‍ക്കാറിന് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഈ രീതിയില്‍ കേസ്സിന്റെ വിവിധ ഘട്ടങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും വിരുദ്ധചേരികളില്‍ നിന്നതിന്റെ കാരണങ്ങള്‍ എന്തായിരുന്നുവെന്ന് അന്വേഷിക്കേണ്ടതുണ്ട്.

ഈ സര്‍ക്കാറിന്റെ കാലത്തെ ഏറ്റവും ക്രൂരമായ കൊലപാതകസംഭവങ്ങളിലൊന്നാണ് വാളയാറില്‍ നടന്നിട്ടുള്ളത്. ഇവിടെ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി ലഭ്യമാക്കുക എന്നത് സര്‍ക്കാറിന്റെ ബാധ്യതയാണ്. എന്നാല്‍ ഇവിടെ നീതിനിഷേധത്തിന് മുഖ്യകാരണക്കാരായിരിക്കുന്നത് പൊലീസ് തന്നെയാണിന്നിരിക്കെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തില്‍ കൃത്യമായ ഉത്തരവാദിത്വമുണ്ട്. പൊലീസ് നടത്തിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഉടന്‍ അന്വേഷണം ആരംഭിക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button