കൊച്ചി: വാളയാര്‍ കേസിലെ നാലാം പ്രതി എം മധു ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ എറണാകുളം എടയാറിലെ ഫാക്ടറി സൈറ്റ് മാനേജര്‍ പൊലീസ് കസ്റ്റഡിയില്‍. എടയാര്‍ സിങ്കിലെ നിയാസിനെയാണ് ബിനാനിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും.
സ്ഥാപനത്തിലെ ചെമ്പ് കമ്പനിയും തകിടുകളും മോഷ്ടിക്കാന്‍ ശ്രമിച്ചതിന് മധുവിനെ നേരത്തെ കരാര്‍ കമ്പനി അധികൃതര്‍ പിടികൂടിയിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ പരാതി നല്‍കാന്‍ കമ്പനി തയ്യാറെടുക്കുന്നതിനിടെയാണ് മധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവര്‍ത്തനം നിലച്ച കമ്പനിയുടെ ഉള്ളിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌ക്രാപ്പ് നീക്കുന്ന കരാര്‍ എടുത്ത കമ്പനിയുടെ മണ്ണ് പരിശോധന വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു മധു.
കേസില്‍ ജാമ്യം കിട്ടിയതിന് ശേഷം ഇയാള്‍ കൊച്ചിയിലെത്തിയിരുന്നു. വാളയാര്‍ കേസില്‍ സിബിഐ പുനരന്വേഷണം തുടരുന്നതിനിടെയാണ് പ്രതിയുടെ മരണം. 2017 ജനുവരി 7നാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് 4 ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് 6ന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. 2017 മാര്‍ച്ച് 12 ന് മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേര്‍ത്ത ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടിരുന്നു.
Post Your Comments