
പാലക്കാട് : വാളയാര്‍ കേസില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് സിബിഐ കോടതി. അടുത്തമാസം 25ന് കൊച്ചിയിലെ സിബിഐ കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം. ആറു കുറ്റപത്രങ്ങളില്‍ മാതാപിതാക്കളെ സിബിഐ പ്രതി ചേര്‍ത്തിരുന്നു.
കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ സമന്‍സ് അയച്ചത്. കേസില്‍ തുടരന്വേഷണം നടത്തണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹർജി ഫയലില്‍ സ്വീകരിച്ച കോടതി സിബിഐയുടെ മറുപടിയ്ക്കായി ഏപ്രില്‍ ഒന്നിലേക്ക് മാറ്റി. കുട്ടികളുടേത് ആത്മഹത്യയല്ല കൊലപാതകമാണ്. ഇത് സാധൂകരിക്കുന്ന തെളിവുകള്‍ സി ബി ഐ മുഖവിലയ്‌ക്കെടുത്തില്ല എന്നാണ് ഹർജിയിലെ പ്രധാന വാദം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി എന്നറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് മാതാപിതാക്കളെ പ്രതി ചേര്‍ത്തത്.
ലൈംഗിക പീഡനത്തെത്തുടര്‍ന്നുണ്ടായ മാനസിക പീഡനമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. മക്കളുടെ മുന്നില്‍ വെച്ച് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണെന്നും സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ സഹോദരിയായ ഒമ്പത് വയസുകാരിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
Post Your Comments