തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നീതി നിഷേധത്തിൽ പ്രതിഷേധിച്ച് വാളയാർ
പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കും. കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതിലും സി.ബി.ഐ അന്വേഷണ ഉത്തരവിലെ പിഴവ് തിരുത്താത്തതിലും പ്രതിഷേധിച്ചാണ് പെൺകുട്ടികളുടെ അമ്മ ഇന്ന് തല മുണ്ഡനം ചെയ്യുക.
ആദ്യം കേസ് അന്വേഷിച്ച ഡിവൈ.എസ്.പി സോജന്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്നാണ് അമ്മയുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ഒരു മാസമായി ഇവർ പാലക്കാട് ബസ്റ്റാന്‍ഡിന് സമീപം സമരം തുടരുകയാണ്. സി.ബി.ഐ അന്വേഷണ ഉത്തരവില്‍ മൂത്തപെണ്‍കുട്ടിയുടെ മരണം മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് പെൺകുട്ടികൾക്കും നീതി വേണമെന്നാണ് പെൺകുട്ടികളുടെ അമ്മയുടെ ആവശ്യം. സമരത്തിന് ബിജെപി നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സംസ്ഥാന നേതാവ് പി എം വേലായുധൻ എന്നിവർ സമര പന്തൽ സന്ദർശിച്ചിരുന്നു.
വാളയാറില്‍ 13 വയസുകാരിയെ 2017 ജനുവരി 13നും ഒമ്പതു വയസ്സുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും സഹോദരിമാരാണ്. അഞ്ചു പ്രതികളുണ്ടായിരുന്ന കേസില്‍ പോക്‌സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തില്‍ പാളിച്ചയുണ്ടായി. 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറിയിരുന്നു. പ്രതിയായിരുന്ന പ്രദീപിനെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
Post Your Comments