പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾ മരിച്ച കേസിൽ പ്രതികളായവരെ വെറുതെ വിട്ട നടപടിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. കേസിൽ സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചു. കേസ് കോടതിയിലെത്തിയപ്പോൾ സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ ഒന്നും സംസാരിക്കാതെ മൗനി ബാബയെ പോലെയാണ് പ്രോസിക്യൂഷൻ പെരുമാറിയതെന്നും പാലക്കാടുനിന്നുള്ള മന്ത്രി കൂടിയായ നിയമ മന്ത്രി ഏകെ ബാലനാണ് ഇക്കാര്യത്തിൽ പൂര്‍ണ്ണ ഉത്തരവാദിത്തമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
വടക്കോട്ട് നോക്കി മെഴുകുതിരി കത്തിക്കുന്നതിന് പകരം വാളയാര്‍ വിഷയത്തിൽ പുനരന്വേഷണം നടത്താൻ സര്‍ക്കാർ തയ്യാറാകണം. കത്വ സംഭവത്തിൽ പ്രതിഷേധിച്ച് പത്ത് ട്വീറ്റ് ഇട്ട മുഖ്യമന്ത്രിക്ക് വാളയാര്‍ പീഡനകേസിൽ മൗനമാണ്. തെളിവുകൾ സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ട് വിഴുങ്ങുകയായിരുന്നു. പോലീസിനെ സിപിഎം നോക്കുകുത്തിയാക്കി. കേസ് പുനരന്വേഷിക്കാൻ അടിയന്തര നടപടി വേണമെന്നും. വടക്കോട്ട് നോക്കി മെഴുകുതിരി തെളിയിക്കുന്ന ഡിവൈഎഫ്ഐക്കാരും സാംസ്കാരിക നായകരും അര്‍ബൻ നക്സലുകളും എല്ലാം വാളയാര്‍ കേസ് വന്നപ്പോൾ എവിടെ പോയെന്നു കെ സുരേന്ദ്രൻ വിമർശിച്ചു.
Post Your Comments