തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച് വീണ്ടും ദുരൂഹമരണ പരമ്പര . കരമന കൂടത്തറ തറവാട്ടിലെ വര്‍ഷങ്ങള്‍ ഇടവിട്ടുള്ള ഏഴ് പേരുടെ ദുരൂഹമരണത്തിന്റെ ചുരുള്‍ അഴിഞ്ഞത് ഇങ്ങനെ.
സ്‌പെഷല്‍ ബ്രാഞ്ചിന്റെ മൂന്നു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കരമന കൂടത്തറ തറവാട്ടിലെ വര്‍ഷങ്ങള്‍ ഇടവിട്ടുള്ള ഏഴ് പേരുടെ ദുരൂഹമരണത്തിന്റെ ചുരുള്‍ അഴിഞ്ഞത്. . താലൂക്ക് ഓഫിസിലെ ജീവനക്കാരായി അഭിനയിച്ചും താടിവളര്‍ത്തി രൂപംമാറിയും സ്‌പെഷല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ പരാതിക്കാരുടെയും ആരോപണ വിധേയരുടേയും അടുത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. ആരോപണവിധേയരുടെ മൊഴികളിലെ പൊരുത്തക്കേടുകള്‍ മനസിലായതോടെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി റിപ്പോര്‍ട്ട് നല്‍കിയത്.
Read Also : കരമന കൂടത്തറ തറവാട്ടില്‍ പല കാലയളവുകളിലായി നടന്ന ഏഴ് പേരുടെ ദുരൂഹ മരണം : പ്രതികരണവുമായി ആരോപണവിധേയന്‍
എന്നാല്‍ അന്വേഷണം പിന്നീട് മന്ദഗതിയിലാകുകയായിരുന്നു. കൂടത്തായിയിലെ കൊലപാതക പരമ്പര ജനശ്രദ്ധ നേടിയതോടെയാണ് പഴയ ഫയല്‍ വീണ്ടും വെളിച്ചം കണ്ടത്. കോഴിക്കോട് കൂടത്തായിയിലെ കൊലപാതകങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടു വന്നതും സ്‌പെഷല്‍ ബ്രാഞ്ചായിരുന്നു. ഏഴുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു നാട്ടില്‍ പ്രചാരണമുണ്ടായതോടെയാണ് സ്‌പെഷല്‍ ബ്രാഞ്ച് വിഷയം ശ്രദ്ധിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ അനില്‍കുമാറിന്റെ പരാതി ആ സമയത്താണു മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിക്കുന്നത്.
പൊലീസ് ആസ്ഥാനത്തുനിന്ന് അന്വേഷിക്കാന്‍ നിര്‍ദേശം ലഭിച്ചതോടെ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നാട്ടുകാരില്‍നിന്ന് രഹസ്യമായി വിവരങ്ങള്‍ ശേഖരിച്ചു. അവസാനം മരിച്ച ജയമാധവന്റെ നെറ്റിയില്‍ മുറിവേറ്റ പാടുണ്ടായിരുന്നെന്ന വിവരം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. കട്ടിലില്‍നിന്നു വീണതോ കതകില്‍ തലയിടിച്ചതോ ആകാമെന്നു വീടിനോട് അടുപ്പമുള്ളവര്‍ പറഞ്ഞെങ്കിലും നാട്ടുകാരില്‍ ചിലര്‍ക്ക് സംശയം ഉണ്ടായിരുന്നു. വീട്ടിലെ സഹായിയായിരുന്ന രവീന്ദ്രന്‍നായര്‍ക്കുനേരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. </p>
ജയമാധവന്‍നായര്‍ മരിച്ചപ്പോള്‍ രവീന്ദ്രന്‍നായര്‍ അയല്‍വാസികളെപോലും അറിയിക്കാതെ വളരെ അകലെ താമസിക്കുന്ന, വീട്ടുജോലികള്‍ ചെയ്യാന്‍ വരുന്ന സ്ത്രീയെ വിളിച്ചു വരുത്തിയെന്നു സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. അയല്‍വാസി തന്റെ ഓട്ടോറിക്ഷ പാര്‍ക്കു ചെയ്യുന്നത് കൂടത്തില്‍ തറവാട്ടിലാണ്. അയാളെ വിളിക്കാതെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെത്തി മറ്റൊരു ഓട്ടോറിക്ഷ വിളിച്ചു ജയമാധവന്‍ നായരെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
ജോലിക്കാരിയും ഒപ്പമുണ്ടായിരുന്നു. ജയമാധവന്‍നായരുടെ മരണം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് അവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലം ഇതുവരെ കിട്ടിയിട്ടില്ല. റിപ്പോര്‍ട്ട് വേഗത്തില്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കത്തു നല്‍കിയിട്ടുണ്ട്. കാര്യസ്ഥനായിരുന്ന സഹദേവനും താനുമാണ് ജയമാധവന്‍നായരെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയതെന്നാണ് രവീന്ദ്രന്‍നായര്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്.
സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ ഇതേക്കുറിച്ച് സഹദേവന് അറിവുണ്ടായിരുന്നില്ല. മൊഴികളിലെ ഈ വൈരുദ്ധ്യം ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി. വീട്ടുജോലി ചെയ്യുന്ന സ്ത്രീക്ക് 25 ലക്ഷവും സഹദേവന് 5 ലക്ഷവും രവീന്ദ്രന്‍ നല്‍കിയതായും സ്‌പെഷല്‍ ബ്രാഞ്ചിനു വിവരം ലഭിച്ചു. ഇക്കാര്യങ്ങള്‍ പരിശോധിച്ച ഉന്നത ഉദ്യോഗസ്ഥര്‍ മരണങ്ങളില്‍ അസ്വഭാവികതയുണ്ടെന്ന നിഗമനത്തില്‍ എത്തുകയും കേസ് എടുക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.
Post Your Comments