അഹമ്മദാബാദ്: വിവാഹം നിശ്ചയിക്കുന്നതിന് മുന്‍പ് സാധാരണയായി, വരന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും ജോലിയെക്കുറിച്ചുമാണ് അന്വേഷിക്കാറ്. എന്നാല്‍ അഹമ്മദാബാദിലെ ഗാന്ധിനഗര്‍ ഗ്രാമത്തില്‍ വിവാഹം കഴിക്കണമെങ്കില്‍ വരന്‍ മറ്റ് ചില പരീക്ഷണങ്ങള്‍ കൂടി വിജയിക്കണം. എങ്കിലേ വിവാഹം നടക്കൂ. വധുവിന്റെ കുടുംബത്തിലെ മുതിര്‍ന്ന പുരുഷന്മാര്‍ വരന്റെ ശ്വാസം പരിശോധിക്കും. ശ്വാസത്തിന് മദ്യത്തിന്റെ മണം ഉണ്ടെങ്കില്‍ പിന്നെ ആ വരന് പെണ്ണില്ല. പ്രധാനമായും ഗ്രാമത്തിലെ താക്കൂര്‍ വിഭാഗത്തിനിടയിലാണ് ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു ആചാരം നടന്നു വരുന്നത്.
ഗാന്ധിനഗറിലെ കലോല്‍ താലൂക്കിലെ പിയാജ് ഗ്രാമത്തിലാണ് ഇങ്ങനെ ഒരു ആചാരം നടക്കുന്നത്. വിവാഹബന്ധം നിശ്ചയിക്കുന്നതിനുമുമ്പ്, വധുവിന്റെ കുടുംബത്തില്‍ നിന്നും കുറഞ്ഞത് 25 പേര്‍ എങ്കിലും വരന്റെയും അച്ഛന്റെയും ആ കുടുംബത്തിലെ മറ്റ് പുരുഷ അംഗങ്ങളുടെയും ശ്വാസം മണക്കുന്നു. ഇതില്‍ മദ്യത്തിന്റെ മണം ബോധ്യപ്പെട്ടാന്‍ പിന്നെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ല.
അതിനേക്കാളുപരി, ഭര്‍ത്താവിന്റെ മദ്യാപാനം മൂലം ഒരു വിവാഹബന്ധം പരാജയപ്പെട്ടാല്‍ പുരുഷന്റെ കുടുംബം സ്ത്രീയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. നാല് വര്‍ഷം മുന്‍പാണ് ഈ രീതി ഗ്രാമത്തില്‍ ആരംഭിച്ചത്. കടുത്ത മദ്യപാനം മൂലം 20 വയസിന് താഴെയുള്ള 15 ഓളം പുരുഷന്മാര്‍ മരിച്ച സാഹചര്യത്തിലായിരുന്നു ഗ്രാമത്തില്‍ ഇത്തരത്തിലൊരു വ്യത്യസ്ത ആചാരം കൊണ്ടുവന്നത്.
5,500ഓളം ജനസംഖ്യയുള്ള ഗ്രാമത്തിലെ 3,600 പേര്‍ താക്കൂര്‍ സമുദായത്തില്‍ നിന്നുള്ളവരാണ്. മദ്യപാനിയായ ഭര്‍ത്താവ് കാരണം ഒരു സ്ത്രീയുടെ ജീവിതം തകരുന്ന നിരവധി സംഭവങ്ങള്‍ താന്‍ കണ്ടിട്ടുണ്ടെന്നും അതിനാല്‍, വിവാഹിതനാകുന്നതിനുമുമ്പ് വരന്റെ പശ്ചാത്തലവും സ്വഭാവവും വിശദമായി പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഗ്രാമത്തിലെ സര്‍പഞ്ചായ രമേശ്ജി താക്കൂര്‍ പറയുന്നു. എന്നാല്‍ ഇത്തരത്തിലൊരു തീരുമാനം വഴി ഗ്രാമത്തിലെ മദ്യപാനം തടയാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്നും ജീവിത പങ്കാളികളെ ലഭിക്കാന്‍ കുറച്ച് മദ്യപാനികള്‍ക്ക് മദ്യം ഉപേക്ഷിക്കേണ്ടിവന്നുവെന്നും രമേശ്ജി പറഞ്ഞു. 12 അല്ലെങ്കില്‍ 13 വയസാകുന്നതോടെ മദ്യപാനം തുടങ്ങിയ നിരവധി ആണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതിനുമുമ്പ് മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ഫ്രഞ്ച് ഓപ്പണിൽ പി വി സിന്ധു സെമി ഫൈനൽ കാണാതെ പുറത്തായി
പോലീസിനെ ആശ്രയിക്കുന്നതിനുപകരം, വിവാഹങ്ങള്‍ നിശ്ചയിക്കുന്നതിനുമുമ്പ്, വിവാഹനിശ്ചയ ദിവസവും വിവാഹ ദിവസവും വരന്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ഗ്രാമത്തിലെ താമസക്കാരനായ ഷനാജി താക്കൂര്‍ പറയുന്നു. വരന്‍നോ അയാളുടെ കുടുംബാംഗങ്ങളോ ഏതെങ്കിലും മദ്യപാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ടോയെന്നും ഗ്രാമത്തിലെ മുതിര്‍ന്നവര്‍ രഹസ്യമായി അന്വേഷിക്കാറുണ്ടെന്നും അതിനായി വരനെയും കുടുംബാംഗങ്ങളെയും പിന്തുടര്‍ന്ന് നിരീക്ഷിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞാന്‍ എല്ലാ ദിവസവും മദ്യം കഴിക്കാറുണ്ടായിരുന്നു, പക്ഷേ അമിതമായ മദ്യപാനം മൂലം എന്റെ ചില സുഹൃത്തുക്കള്‍ മരിക്കുന്നത് കണ്ടതിനാല്‍ ഞാന്‍ അത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. മദ്യം ഉപേക്ഷിക്കാനുള്ള പ്രേരണ തന്നെ വിവാഹത്തിന് മുന്നോടിയായി നടത്തുന്ന ഈ പരീക്ഷണമായിരുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ഞാന്‍ മദ്യം ഉപേക്ഷിച്ചു’ അടുത്തിടെ വിവാഹിതനായ 21 കാരന്‍ പറയുന്നു.
Post Your Comments