KeralaLatest NewsNews

നാടുവിട്ട് പോയ താനൂരിലെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത് : നടപടിയെടുക്കുമെന്ന് പോലീസ്

കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനികളാണ് നാടുവിട്ടത്

മലപ്പുറം : താനൂരില്‍ നിന്ന് നാടുവിടുകയും പിന്നീട് മുംബൈയില്‍ നിന്ന് കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദൃശ്യങ്ങളും, ചിത്രങ്ങളും, വിവരങ്ങളുമുള്‍പ്പടെ നീക്കം ചെയ്യണമെന്ന് പോലീസ് അറിയിച്ചു. നീക്കം ചെയ്യാത്തവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം പെണ്‍കുട്ടികളെ ഇതുവരെ വീട്ടുകാര്‍ക്കൊപ്പം വിട്ടിട്ടില്ല. സിഡബ്ല്യുസി കെയര്‍ ഹോമിലാണ് കുട്ടികളുള്ളത്. വിശദമായ കൗണ്‍സിലിങിന് ശേഷമായിരിക്കും ഇവരെ വീട്ടുകാര്‍ക്കൊപ്പം വിടുക. കുട്ടികളെ നാടു വിടാന്‍ സഹായിച്ച എടവണ്ണ സ്വദേശി റഹീം അസ്ലമിനെ കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

ഇയാളെ തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി. തട്ടിക്കൊണ്ടു പോകല്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനികളാണ് നാടുവിട്ടത്. പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പോലീസില്‍ പരാതി നല്‍കി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോണാവാലയില്‍ വെച്ചാണ് റെയില്‍വേ പോലീസ് പെണ്‍കുട്ടികളെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button