അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. വിഷം കഴിച്ച് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി. സന്ദര്‍ശകരുടെ ഇരിപ്പിടത്തില്‍ അവശനായി ഇരുന്ന മണലൂര്‍ സ്വദേശിയയായ സുഖിലേഷ് (35) എന്ന യുവാവിന് സി.ഐ: പി.കെ മനോജ് കുമാറിന്റെ ഇടപെടലില്‍ പോലീസ് വാഹനത്തില്‍ ആസ്പത്രിയിലെത്തിച്ച് ജീവന്‍ തിരിച്ചുകിട്ടി. കാഞ്ഞാണിയിലെ യൂണിയന്‍ തൊഴിലാളിയായ സുഖിലേഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. കുറച്ചു ദിവസം മുന്‍പ് ഇവരുടെ മകള്‍ക്ക് ചര്‍ദ്ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യ മകളെയും കൂട്ടി തന്റെ പുല്ലഴിയിലുള്ള വീട്ടിലായിരുന്നു. ഇതിനിടെ സുഖിലേഷ് ഇവരെ വിളിച്ചെങ്കിലും മകളെ പരിചരിക്കുന്നതിനിടയില്‍ ഭാര്യയുടെ ശ്രദ്ധയില്‍പ്പെട്ടില്ല.
ഇതിന്റെ വൈരാഗ്യമെന്നോണം വീട്ടിലെത്തിയ ഭാര്യയെ സുഖിലേഷ് മര്‍ദ്ദിച്ച് അവശയാക്കുകയായിരുന്നെന്ന് പറയുന്നു. തുടര്‍ന്ന് ജില്ലാ ആസ്പത്രിയില്‍ ചികിത്സ തേടിയ ഭാര്യ അന്തിക്കാട് പോലീസിലെത്തി പരാതി നല്‍കി. സ്റ്റേഷനിലേക്ക് രണ്ടു പേരെയും വിളിപ്പിച്ചെങ്കിലും സ്വയം മരിക്കുമെന്നും, ഭാര്യയെ വധിക്കുമെന്നും ഭീഷണി മുഴക്കി. അടുത്ത ദിവസം ഇയാളോട് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രാവിലെ സുഹൃത്തിന്റെ ബൈക്കില്‍ അന്തിക്കാട് സ്റ്റേഷന് 75 മീറ്റര്‍ അകലെ വന്നിറങ്ങിയ ഇയാള്‍ സമീപത്തെ ചെടികള്‍ക്കിടയില്‍ നിന്ന് കൈയില്‍ കരുതിയ വിഷം കുടിച്ചു.
തുടര്‍ന്ന് സ്റ്റേഷനിലേക്ക് നെഞ്ച് തിരുമ്മി നടന്നു വരുന്ന ദൃശ്യങ്ങള്‍ സ്റ്റേഷനു മുന്നിലെ സിസിടിവി ക്യാമറയില്‍ വ്യക്തമാണ്. സന്ദര്‍ശകര്‍ ഇരിക്കുന്നിടത്ത് അസ്വസ്ഥനായി ഇയാള്‍ വന്നിരുന്ന വിവരം ബൈക്കില്‍ കൂടെ വന്ന ആള്‍ സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സിഐ : പി.കെ മനോജ് കുമാറിന്റെ നിര്‍ദേശ പ്രകാരം സിവില്‍ പോലീസ് ഓഫീസറായ സോണി, തോമസ് എന്നിവര്‍ ചേര്‍ന്ന് അന്തിക്കാട് സര്‍ക്കാര്‍ ആസ്പത്രിയിലെത്തിച്ച് പ്രഥമ ശ്രുശ്രൂഷ നല്‍കി. തുടര്‍ന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലെത്തിച്ചു. ഇയാള്‍ അപകടനില തരണം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments