സ്ഥിരം ജോലിക്കു പോകുമ്പോള്‍ മടുപ്പ് തോന്നാത്തവര്‍ കുറവായിരിക്കും. ജോലിസ്ഥലത്തെ മടുപ്പ് പലരീതിയിലാണ് ബാധിക്കാറ്. ചിലപ്പോള്‍ അസുഖങ്ങളുടെ രൂപത്തിലും മറ്റുചിലപ്പോള്‍ മാനസിക പ്രശ്‌നങ്ങളായുമൊക്കെ അത് നമുക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. എന്നാല്‍ ജോലി അങ്ങനെ വേണ്ട എന്ന് വയ്ക്കാനുമാകില്ല. ചിലപ്പോഴൊക്കെ എന്തെങ്കിലും അസുഖത്തിന്റെ പേരു പറഞ്ഞ് ലീവെടുത്താലും പിന്നീടുള്ള വരുംവരായ്കകളെ കുറിച്ചോര്‍ത്ത് ഇഷ്ടമല്ലെങ്കിലും ജോലിയില്‍ തുടരാന്‍ നാം നിര്‍ബന്ധിതരാകും. എന്നാല്‍ മൃഗങ്ങള്‍ങ്ങനൊന്നുമില്ല. ജോലിയുണ്ടെങ്കില്‍ എന്ത് ഇല്ലെങ്കില്‍ എന്ത്? പണിയെടുക്കാന്‍ മടിച്ച് അസുഖം അഭിനയിച്ച ഒരു കുതിരയാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
മെക്സിക്കോയിലെ ഒരു ക്ലബ്ബിലെ സവാരിക്കാരനാണ് കക്ഷി. സവാരിക്കായി ഇവിടെ വേറെയും കുതിരകളുണ്ട്. എന്നാല്‍ ജിങ്ജാങ് എന്ന ഈ കുതിര ആളിത്തിരി ബുദ്ധിശാലിയാണ്. ഈയടുത്തായി സവാരിക്കായി ആര് അടുത്തെത്തിയാലും ജിങ്ജാങ്, എടുത്തടിച്ച പോലെ നിലത്തുവീഴും. എന്നിട്ട് ചത്തത് പോലെ അനക്കമില്ലാതെ കിടക്കും. ഒത്തിരി നേരം ഈ കിടപ്പ് തുടരുകയും ചെയ്യും. ആദ്യമൊക്കെ പരിശിലകരും മറ്റ് ജീവനക്കാരും ഇത് കണ്ട് പേടിച്ചിരുന്നു. പിന്നീടാണ് ജോലി ചെയ്യാതിരിക്കാനുള്ള ജിങ്ജാങിന്റെ ബുദ്ധിയാണിതെന്ന് അവര്‍ക്കൊക്കെ മനസിലായത്.
https://www.facebook.com/frasisco.zalar.9/videos/173767363758806/
ഇങ്ങനെയൊക്കെ അഭിനയിച്ച് തകര്‍ത്ത് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയാണെങ്കില്‍ അത്രയും സന്തോഷം എന്ന മട്ടിലാണ് ജിങ്ജാങിന്റെ പെരുമാറ്റം. കുതിരയുടെ ഈ സൂത്രപ്പണി വീഡിയോയാക്കിയിരിക്കുകയാണ് പരിശീലകര്‍. അവരത് ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
എന്തായാലും ഓസ്‌കാറ് കൊടുക്കേണ്ട അഭിനയമാണ് കുതിരയുടേതെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. അത്രയും ‘ടൈമിംഗും’ പ്രതിഭയുമുണ്ട് ജിങ്ജാങിനെന്നാണ് ഇവര്‍ പറയുന്നത്.
Post Your Comments