Latest NewsIndiaNews

ഹോട്ടലിലെത്തിക്കാമെന്ന് പറഞ്ഞ് ക്യാബ് ഡ്രൈവര്‍ പറ്റിച്ചു, പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു; അമേരിക്കയില്‍ നിന്നെത്തിയ വിനോദ സഞ്ചാരിക്ക് സംഭവിച്ചത്

ന്യൂഡല്‍ഹി: അമേരിക്കയില്‍ നിന്നും ഡല്‍ഹിയിലെത്തിയ വിനോദ സഞ്ചാരിക്ക് നേരിടേണ്ടി വന്നത് ഞെട്ടിക്കുന്ന ദുരനുഭവങ്ങള്‍. ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ അമേരിക്കന്‍ സ്വദേശിയായ ജോര്‍ജ് വാന്‍മെറ്ററിനെ ക്യാബ് ഡ്രൈവറടക്കമുള്ള സംഘം തട്ടിക്കൊണ്ടുപോയി പണം തട്ടുകയായിരുന്നു. പഹര്‍ഗഞ്ചിലെ ഹോട്ടല്‍ മുറിയിലെത്തിക്കാമെന്ന് ഉറപ്പുപറഞ്ഞാണ് ക്യാബ് ഡ്രൈവര്‍ ജോര്‍ജിനെ വിമാനത്താവളത്തില്‍ നിന്നും വാഹനത്തില്‍ കയറ്റിയത്. എന്നാല്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ജോര്‍ജിനെ കബളിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമായിരുന്നു. സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപെട്ട ഇയാള്‍ പോലീസില്‍ പരാതി നല്‍കി.

വിമാനത്താവളത്തിലെത്തിയ ജോര്‍ജിനെ 400 രൂപയ്ക്ക് ഹോട്ടലിലെത്തിക്കാമെന്നാണ് ക്യാബ് ഡ്രൈവര്‍ പറഞ്ഞത്. കൊണാട്ട് പ്ലേസില്‍ എത്തിയതോടെ ഡ്രൈവര്‍ ഇയാളെ തെറ്റിദ്ധരിപ്പിക്കാന്‍ തുടങ്ങി. മുമ്പിലുള്ള പോലീസ് ബാരികേഡ് കാണിച്ച് ഉത്സവമായതിനാല്‍ വഴി ബ്ലോക്കാണെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഡ്രൈവര്‍ പഹര്‍ഗഞ്ചിലെ ഹോട്ടലിലേക്കെന്ന വ്യാജേന ആരെയോ ഫോണില്‍ വിളിച്ച് ഉത്സവമായതിനാല്‍ ഹോട്ടല്‍ അടച്ചിട്ടിരിക്കുകയാണെന്ന് ജോര്‍ജിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

ALSO READ: കണ്ണൂരില്‍ കുഞ്ഞുമായി യുവതി കിണറ്റില്‍ ചാടി; പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

തുടര്‍ന്ന് ക്യാബ് ഡ്രൈവര്‍ ജോര്‍ജിനെ മറ്റൊരു ടൂറിസ്റ്റ് ഓഫീസിലെത്തിച്ചു. അവിടെയുള്ളവര്‍ 450 ഡോളറിന് (31,909 രൂപ) റൂം റെഡിയാക്കാമെന്ന് പറഞ്ഞു. അവിടെ ഉണ്ടായിരുന്ന രണ്ടുപേരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ജോര്‍ജിന് സുവര്‍ണ്ണ ക്ഷേത്രത്തിലേക്കുള്ള യാത്ര വാഗ്ദാനം ചെയ്തു. ഇതിനായി 1294 ഡോളറാണ് (91,741 രൂപ) അവര്‍ ആവശ്യപ്പെട്ടത്. ടൂറിസ്റ്റ് ഓഫീസിലുള്ളവര്‍ ജോര്‍ജിനെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചില്ല. തനിക്കപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കുകയല്ലാതെ മറ്റ് മാര്‍ഗം ഉണ്ടായിരുന്നില്ലെന്നും ഓഫീസിലുണ്ടായിരുന്നവര്‍ ലൊക്കേഷന്‍ നോക്കാനോ ഗൂഗിള്‍ മാപ്പ് ചെക്ക് ചെയ്യാനോ അനുവദിച്ചില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

ALSO READ: ‘വിധി ബലാത്സംഗം പോലെ; ചെറുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കുക’; വിവാദ പോസ്റ്റുമായി ഹൈബി ഈഡന്റെ ഭാര്യ

ടൂറിസ്റ്റ് ഓഫീസില്‍ നിന്നും ഒരു കാറിലാണ് അവര്‍ ജോര്‍ജിനെ ആഗ്രയിലേക്ക് കൊണ്ടുപോയത്. തിരിച്ച് ഡല്‍ഹിയിലേക്കുള്ള യാത്രയും അതില്‍ തന്നെയായിരുന്നു. ജോര്‍ജ് ഡ്രൈവറോട് തന്നെ എയര്‍പോര്‍ട്ടില്‍ വിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ വിമാനത്താവളത്തിലേക്കല്ല പോകുന്നതെന്ന് ജോര്‍ജിന് മനസ്സിലായി. അവര്‍ കാണാതെ ഗൂഗിള്‍മാപ്പ് ചെക്ക് ചെയ്ത ജോര്‍ജ് താന്‍ ഗോള്‍ മാര്‍ക്കറ്റിലാണെന്ന് മനസിലാക്കുകയായിരുന്നു. വഴിയരികില്‍ രണ്ട് പോലീസുകാരെ കണ്ടതോടെ ജോര്‍ജ് കാറിന്റെ ഡോര്‍ തുറന്ന് ബാഗ് പുറത്തേക്കെറിയുകയും വാഹനത്തില്‍ നിന്നും എടുത്തുചാടുകയുമായിരുന്നു. പോലീസുകാര്‍ക്കടുത്തേക്കോടിയെത്തിയ ജോര്‍ജ് അവരോട് കാര്യങ്ങള്‍ വിശദീകരിക്കുകയും തുടര്‍ന്ന് മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ 45കാരനായ റാം പ്രീതിനെ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button