കണ്ണൂർ: കണ്ണൂരിലെ സെയ്ന്റ് ആഞ്ചലോകോട്ടയിൽ സുരക്ഷാചുമതലയിലുള്ള പോലീസുകാരൻ കോട്ടയിലെത്തിയ കമിതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് പരാതി. പള്ളിക്കുന്ന് സ്വദേശിനിയാണ് പൊലീസുകാരനെതിരെ പരാതി നൽകിയത്. സുഹൃത്തിനൊപ്പം കോട്ടയിലെത്തിയപ്പോൾ പൊലീസുകാരൻ ദൃശ്യങ്ങൾ പകർത്തിയെന്നും അത് പുറത്തുവിടാതിരിക്കാൻ പണം ആവശ്യപ്പെട്ടെന്നുമാണ് പരാതി. കമ്മിഷണർക്ക് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. അന്വേഷണം ആരംഭിച്ചു.
പള്ളിക്കുന്ന് സ്വദേശിനി കൊല്ലം സ്വദേശിയായ യുവാവുമൊത്താണ് കോട്ടയിലെത്തിയത്. ഇവരുടെ ദൃശ്യങ്ങൾ പൊലീസുകാരൻ മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു. ഈ ദൃശ്യം കാണിച്ച് കൊല്ലം സ്വദേശിയിൽനിന്ന് ആദ്യഘട്ടത്തിൽ 3,000 രൂപ വാങ്ങി. തുടർന്ന് യുവതിയോട് 25,000 രൂപ ആവശ്യപ്പെടുകയായിരുന്നു. അതിനായി ഗൂഗിൾ പേ നമ്പറും നൽകി. അതോടെ യുവതി കമ്മിഷണർക്ക് പരാതി നൽകുകയായിരുന്നു.
എട്ടുവർഷമായി ഡെപ്യൂട്ടേഷനിൽ ടൂറിസം വകുപ്പിലാണ് ഈ പോലീസുകാരൻ ജോലിചെയ്യുന്നത്. കണ്ണൂർ കോട്ടയിലെത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പെൺകുട്ടിയുടെ ഫോണിലേക്ക് അവ അയച്ച് ഭീഷണിപ്പെടുത്തി പോലീസുകാരൻ മുൻപും പണം ആവശ്യപ്പെട്ടതായി അറിയുന്നു.
Post Your Comments