തിരുവനന്തപുരം•പ്രതികൂല കാലാവസ്ഥയില്‍ നടന്ന അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. പ്രതീക്ഷിച്ച പോളിംഗ് ശതമാനത്തിലേക്ക് എത്തുവാന്‍ കഴിഞ്ഞില്ലെങ്കിലും ഈ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരില്‍ ബഹു ഭൂരിപക്ഷവും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കനുകൂലമായി വോട്ട് ചെയ്തുവെന്ന ശുഭപ്രതീക്ഷയാണുള്ളത്. ഇടതുമുന്നണിയും ബി.ജെ.പിയും ഈ തെരഞ്ഞടുപ്പില്‍ അധികാര ദുര്‍വിനിയോഗം നടത്തി കണക്കില്ലാതെ പണം വാരിക്കോരി ചെലവഴിക്കുന്നതില്‍ മത്സരിക്കുകയായിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും ഈ അഞ്ച് മണ്ഡലങ്ങളിലായി തമ്പടിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഭരണ നേട്ടങ്ങളൊന്നും ജനങ്ങളുടെ മുന്നില്‍ നിരത്തി വയ്ക്കാന്‍ കഴിയാതെ എല്‍.ഡി.എഫും, ബി.ജെ.പിയും ജാതിയും വര്‍ഗ്ഗീയതയും സമുദായധ്രുവീകരണവും നടത്തി വോട്ടര്‍മാരെ സ്വാധീനിക്കുവാനാണ് ശ്രമിച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി.
എന്‍.എസ്.എസ്ഇതുവരെ പുലര്‍ത്തി വന്ന സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്കെത്തിയത് ശബരിമലയുടെ സംരക്ഷണത്തിനായിട്ടാണ്. വിശ്വാസം സംരക്ഷിക്കുവാനും, ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുവാനും എന്‍.എസ്.എസ് നടത്തുന്ന പോരാട്ടം എല്ലാവര്‍ക്കും അറിയാം. എന്‍.എസ്.എസിന്‍റെ നിലപാടിനൊപ്പം നില്‍ക്കുന്നവരെ ശരിദൂരത്തിലൂടെ സഹായിക്കാനാണ് എന്‍.എസ്.എസ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്‍റെ പേരില്‍ വര്‍ഗ്ഗീയതയും സമുദായവും ആരോപിച്ച് എന്‍.എസ്.എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി കൊടുത്ത സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മറ്റ് സമുദായസംഘടനകള്‍ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുകയാണുണ്ടായത്. സമുദായ സംഘടനകള്‍ സി.പി.എമ്മിനൊപ്പം നിന്നാല്‍ നവോത്ഥാനവും, സി.പി.എമ്മിനെ പിന്തുണച്ചില്ലെങ്കില്‍ വര്‍ഗ്ഗീയതയുമായി കാണുന്ന ഇരട്ടത്താപ്പ് ഈ അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും ജനം തിരിച്ചറിയും.
പ്രതികൂല കാലാവസ്ഥയില്‍ സുഗമമായി വോട്ട് ചെയ്യാന്‍ കഴിയാത്ത വോട്ടര്‍മാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇലക്ഷന്‍ കമ്മീഷന്‍ പരാജയപ്പെട്ടെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി. വെള്ളത്തില്‍ പ്രവര്‍ത്തിച്ച ബൂത്തുകള്‍ പോലും മാറ്റി സ്ഥാപിക്കാന്‍ തയ്യാറാകാത്തത് വോട്ടര്‍മാര്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി. ഇടതു സര്‍ക്കാര്‍ നിയമിച്ച കളക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകപക്ഷീയമായ തീരുമാനമെടുത്ത ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ തീരുമാനം ശരിയായില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
Post Your Comments