ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് എക്സ്പ്രസ് വൈകിയതിനെ തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. തേജസ് എക്‌സ്പ്രസില്‍ ശനിയാഴ്ച ലഖ്നൗവില്‍ നിന്നും ഡല്‍ഹിയിലേക്കും തിരിച്ചും യാത്ര നടത്തിയ എല്ലാവര്‍ക്കും 250 രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. ഇരു ദിശകളിലേക്കുമായി രണ്ട് മണിക്കൂറോളം ട്രെയിന്‍ വൈകിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
ലഖ്നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് 451 യാത്രക്കാരും ഡല്‍ഹിയില്‍ നിന്ന് ലഖ്നൗവിലേക്ക് 500 ഓളം യാത്രക്കാരുമാണ് ശനിയാഴ്ച ഉണ്ടായിരുന്നത്. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന സമയം വൈകിയാല്‍ മാത്രമേ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളൂ. വൈകി പുറപ്പെട്ട ശേഷം കൃത്യ സമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിയാല്‍ നഷ്ടപരിഹാരം ലഭ്യമാകില്ല.
ALSO READ: പ്രവാസികള്‍ സ്വന്തം രാജ്യത്തേക്ക് അയക്കുന്ന പണത്തിന് നിരീക്ഷണമേര്‍പ്പെടുത്തി ഈ രാജ്യം
ട്രെയിന്‍ വൈകിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ മുഴുവന്‍ യാത്രക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നത് ഇതാദ്യമാണ്. എല്ലാവര്‍ക്കും 250 രൂപ വീതം നല്‍കുമെന്ന് ഐ.ആര്‍.സി.ടി.സി അറിയിച്ചു. നഷ്ടപരിഹാരത്തുക നേടുന്നതിനായി എല്ലാ യാത്രക്കാരുടേയും മൊബൈല്‍ ഫോണുകളിലേക്ക് ലിങ്ക് അയച്ചിട്ടുണ്ടെന്നും അതില്‍ ക്ലിക്ക് ചെയ്യുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും ഐആര്‍സിടിസി റീജണല്‍ മാനേജര്‍ അശ്വിനി ശ്രിവാസ്തവ വ്യക്തമാക്കി.
നഷ്ടപരിഹാരത്തിന് പുറമെ യാത്രക്കാര്‍ക്ക് ചായയും മറ്റും അധികമായി നല്‍കേണ്ടി വന്നു. കൂടാതെ ട്രെയിന്‍ വൈകിയതില്‍ ക്ഷമിക്കണമെന്ന് ഉച്ചഭക്ഷണ പായ്ക്കറ്റുകളില്‍ പ്രിന്റുചെയ്താണ് യാത്രക്കാര്‍ക്ക് നല്‍കിയത്. ശനിയാഴ്ച ലഖ്നൗവില്‍ നിന്ന് 6.10-ന് പുറപ്പെടേണ്ട ട്രെയിന്‍ 8.55 നാണ് യാത്രതിരിച്ചത്. 12.25-ന് ഡല്‍ഹിയില്‍ എത്തേണ്ട ട്രെയിന്‍ 3.40-നാണ് എത്തിച്ചേര്‍ന്നത്. തിരിച്ച് ഡല്‍ഹിയില്‍ നിന്നും 5.30-നാണ് ട്രെയിന്‍ ലഖ്നൗവിലേക്ക് പുറപ്പെട്ടത്. 3.35-ആയിരുന്നു പുറപ്പെടേണ്ട യഥാര്‍ത്ഥ സമയം. ലഖ്നൗവില്‍ രാത്രി 10.05ന് എത്തിച്ചേരേണ്ടതിന് പകരം 11.30 ഓടെയാണ് എത്തിയത്. ഈ മാസം നാലിനാണ് തേജസ് ട്രെയിനിന്റെ ഉദ്ഘാടനം നടന്നത്.
Post Your Comments