കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്ക് പിന്നാലെ മറ്റൊരു അഴിമതിക്കേസില്‍ കൂടി മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ കുരുക്ക് മുറുകുന്നു. ആലുവ മണപ്പുറം പാലം നിര്‍മ്മാണ അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷയില്‍ സര്‍ക്കാര്‍ നടപടി വൈകുന്നത് ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷമായിട്ടും സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അപേക്ഷയില്‍ തീരുമാനമെടുത്തില്ലെന്നാണ് ആരോപണം. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. പൊതു പ്രവര്‍ത്തകനായ ഖാലിദ് മുണ്ടപ്പിള്ളിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
വി കെ ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് 2014ല്‍ മണപ്പുറത്ത് സ്ഥിരം ആര്‍ച്ച് പാലം നിര്‍മ്മിക്കുന്നത്. ആറ് കോടി രൂപയ്ക്കായിരുന്നു നിര്‍മ്മാണ കാരാറെങ്കിലും പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പതിനേഴ് കോടി രൂപ ചിലവായിരുന്നു. രണ്ട് കമ്പനികളെ മാത്രം ഉള്‍പ്പെടുത്തി നടത്തിയ ടെണ്ടറില്‍ കരാര്‍ ലഭിച്ച് കമ്പനിയ്ക്ക് ആര്‍ച്ച് പാലം നിര്‍മ്മിച്ച് മതിയായ പരിചയം ഉണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്.
പാലത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ച സാമഗ്രികളുടെ യാതൊരു വിവരവും പൊതുമരാമത്ത് വകുപ്പിന്റെ കൈവശം ഇല്ലായിരുന്നു എന്നും 4.20 കോടി ഖജനാവിന് നഷ്ടം ഉണ്ടായിട്ടുണ്ടെന്നുമാണ് ഹര്‍ജിക്കാരന്റ പ്രധാന ആരോപണം. വി കെ ഇബ്രാഹിം കുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയ്ക്കായി ഹര്‍ജിക്കാരന്‍ 2019 സെപ്റ്റംബറില്‍ സര്‍ക്കാറിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ ഫയലില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തില്ലെന്നാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ തുടരുന്ന അലംഭാവത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രോസിക്യൂഷന്‍ അനുമതിയില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ആവശ്യം. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്‍, പിഡബ്യൂഡി സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ അനുമതി തേടിയിട്ടുണ്ട്.
Post Your Comments