വാഷിങ്ടണ്‍ : ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ വ്യാപാരം കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ പ്രതിരോധ ഉത്പന്നങ്ങളുടെ വ്യാപാരം 18 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായുള്ള ഒന്‍പതാമത് ഇന്ത്യ-യുഎസ് ഡിഫന്‍സ് ടെക്നോളജീസ് ആന്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ യോഗം ഡല്‍ഹിയില്‍ നടക്കും. ഇതില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തുന്ന യുഎസ് പ്രതിരോധ അണ്ടര്‍സെക്രട്ടറി എല്ലെന്‍ എം ലോര്‍ഡ് ഇന്ത്യന്‍ പ്രതിരോധ സംരക്ഷണ സഹ-സെക്രട്ടറി അപൂര്‍വ ചന്ദ്രയുമായി കൂടിക്കാഴ്ച നടത്തും.
ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളിയായി തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തുഷ്ടനാണെന്നും ലോര്‍ഡ് പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക-സൈനികേതര ബന്ധങ്ങളും സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുമായുള്ള പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും ലോര്‍ഡ് വ്യക്തമാക്കി. ഇന്ത്യ- യുഎസ് ഉഭയകക്ഷി പ്രതിരോധ വ്യാപാരം 2008ല്‍ പൂജ്യമായിരുന്നു. ഇത് ഈ വര്‍ഷാവസാനം 18 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്നാണ് പെന്റഗണ്‍ നല്കുന്ന സൂചന.
യുഎസ് ഇന്ത്യ സ്ട്രാറ്റജിക് ട്രേഡ് അതോറിറ്റിക്ക് ടയര്‍ വണ്‍ പദവി നല്‍കിയതായും ലോര്‍ഡ് വ്യക്തമാക്കി. കൂടുതല്‍ പ്രതിരോധ സാങ്കേതിക ഉത്പന്നങ്ങള്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും നാറ്റോ സഖ്യകക്ഷികളായ ജപ്പാന്, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ അതേ അംഗീകാരമാണ് ഇതിലൂടെ ഇന്ത്യയ്ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments