ബാംഗ്ലൂർ: പരീക്ഷ കോപ്പിയടി തടയാൻ കർണാടകയിൽ വിദ്യാർത്ഥികളെ കാര്‍ഡ്‌ബോര്‍ഡ് ബോക്‌സിനുള്ളില്‍ തലയിട്ട് പരീക്ഷ എഴുതിപ്പിച്ച് കോളജ് അധികൃതര്‍. പരീക്ഷകളിൽ വ്യാപകമായ കോപ്പിയടി നടക്കുന്ന സാഹചര്യത്തിലാണ് കോളജ് അധികൃതര്‍ ഇങ്ങനെയൊരു രീതി അവലംബിച്ചത്.
ഒന്നാം വര്‍ഷ സയന്‍സ് വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ പരീക്ഷയെഴുതിയത്. മുന്‍വശം മാത്രം തുറന്ന നിലയിലും മറ്റ് വശങ്ങള്‍ അടച്ചനിലയിലുമായിരുന്നു കാര്‍ഡ്‌ബോര്‍ഡ് ബോക്‌സ്. ബുധനാഴ്ചയാണ് കുട്ടികള്‍ ഇത്തരത്തില്‍ പരീക്ഷയെഴുതിയത്. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി. ഇത്തരം നടപടികള്‍ അനുവദിക്കാനാകില്ലെന്നും സംഭവത്തില്‍ കോളജിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് സി പീര്‍ജെഡ് പറഞ്ഞു. ഇത്തരത്തിലുള്ള നടപടികള്‍ സമൂഹം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കോപ്പിയടി തടയുന്നതിനായാണ് പുതിയ രീതി നടപ്പാക്കിയതെന്നും കുട്ടികളെ ഉപദ്രവിക്കുന്നതിനല്ലെന്നും കോളജ് ഡയറക്ടര്‍മാരിലൊരാളായ എം ബി സതീഷ് പറഞ്ഞു. ഇത് ഒരു പരീക്ഷണമായിരുന്നുവെന്നും കുട്ടികളുമായി സംസാരിച്ചതിനുശേഷമാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments