ഫിലിപ്പൈന്‍സ്: വിമാനയാത്രയ്ക്കിടെ അധിക ലഗേജിന് പണം നല്‍കുന്നതൊഴിവാക്കാന്‍ യുവതി ചെയ്ത തന്ത്രം വൈറലാകുന്നു. വിമാനത്താവള ജീവനക്കാര്‍ ലഗേജിന് പണം നല്‍കണമെന്നാവശ്യപ്പെട്ടതോടെ യുവതി ബാഗിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ ഒന്നിന് മുകളില്‍ ഒന്നായി ധരിക്കുകയായിരുന്നു. ഇവര്‍ ഈ വസ്ത്രങ്ങള്‍ ധരിച്ച് നില്‍ക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഫിലിപ്പൈന്‍സിലെ ഡാവാവോ സിറ്റിയില്‍ നിന്നുള്ള ജെല്‍ റോഡ്രിഗസ് ആണ് ഈ യാത്രക്കാരി. എയര്‍പോര്‍ട്ടിലെത്തിയ ഇവരോട് സ്യൂട്ട്‌കേസ് വളരെ ഭാരമുള്ളതാണെന്നും അധിക ലഗേജുകള്‍ക്ക് പണം നല്‍കണമെന്നും ചെക്ക്-ഇന്‍ സ്റ്റാഫ് അറിയിച്ചു. എന്നാല്‍ പണമടയ്ക്കാന്‍ വിസമ്മതിച്ച റോഡ്രിഗസ് വിമാനത്തില്‍ കയറുന്നതിന് മുമ്പായി ലഗേജ് തുറന്ന് വസ്ത്രങ്ങള്‍ ഒന്നിന് മുകളില്‍ ഒന്നായി ധരിക്കുകയായിരുന്നു.
ലഗേജിന്റെ അധികഭാരത്തിന് കാരണമായ 2.5 കിലോഗ്രാം വസ്ത്രവും ഇവര്‍ ധരിക്കുകയായിരുന്നു. തനിക്ക് ഏറെ ചൂട് അനുഭവപ്പെടുന്നെന്ന് ഇവര്‍ പറഞ്ഞതായും മൂന്ന് ജോടി ഷോര്‍ട്‌സും അഞ്ച് ഷര്‍ട്ടുകളും മൂന്ന് ജാക്കറ്റുകളും ഇവര്‍ ധരിച്ചിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അധിത ലഗേജ് ചാര്‍ജ്ജില്‍ നിന്നും ഒഴിവാകാന്‍ താന്‍ കാണിച്ച അതിബുദ്ധി റോഡ്രിഗസ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പോസ്റ്റ് നിമിഷങ്ങള്‍ക്കകം വൈറലായി. 20,000 ഷെയറുകളും 32,000 കമന്റുകളുമാണ് ഈ ചിത്രം നേടിയത്.
അധിക ലഗേജ് ചാര്‍ജ്ജ് ഒഴിവാക്കാന്‍ യാത്രക്കാര്‍ ഇത്തരത്തിലുള്ള ബുദ്ധി കാണിക്കുന്നത് ഇതാദ്യമല്ല. ഈ വര്‍ഷം ജൂലൈയില്‍, ഫ്രാന്‍സിലെ ഒരു വിമാനത്താവളത്തില്‍ ബാഗേജുകള്‍ക്ക് അധിക ഫീസ് നല്‍കുന്നത് ഒഴിവാക്കാന്‍ ഒരു യാത്രക്കാരന്‍ ലഗേജിന്റെ എട്ട് കിലോ ഭാരം കുറച്ചത് വൈറലായിരുന്നു. 15 ഷര്‍ട്ടുകളും പാന്‍സും ഇയാള്‍ ധരിക്കുന്നതിന്റെ വീഡിയോ അന്ന് അദ്ദേഹത്തിന്റെ മകനാണ് പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
Post Your Comments