ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പ്രതി ജീവനക്കാരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 2022 ല്‍, അവിഹിത ബന്ധം ആരോപിച്ച് പ്രതിയും ഭാര്യയും വേര്‍പിരിഞ്ഞു. ട്രോളി ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഭാര്യയുടെ കാമുകനെ പ്രതി നേരത്തെ പലതവണ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടെര്‍മിനല്‍ 1-ന് മുന്നില്‍ വെച്ച് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയത്. തുമക്കുരു മധുഗിരി സ്വദേശി രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട രാമകൃഷ്ണയുടെ നാട്ടുകാരനായ രമേശാണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വിമാനത്താവളത്തിലെ ടെര്‍മിനല്‍ 1-ന്റെ ശുചി മുറിക്ക് അടുത്ത് വെച്ചാണ് കൊല്ലപ്പെട്ട രാമകൃഷ്ണയെ പ്രതിയായ രമേശ് ആക്രമിച്ചത്. രമേശ് കയ്യില്‍ കരുതിയ കത്തി എടുത്ത് കുത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പൊലീസിന് നല്‍കിയിരിക്കുന്ന വിവരം. സംഭവ സ്ഥലത്ത് തന്നെ രാമകൃഷ്ണ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Post Your Comments