വടകര: കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ഉറ്റ സുഹൃത്ത് റാണി ഹാജരായി. വടകര റൂറല്‍ എസ് പി ഓഫീസിലാണ് യുവതി എത്തിയത്. റാണിയില്‍ നിന്നും അന്വേഷണസംഘം മൊഴി രേഖപ്പെടുത്തും. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ് റാണിയില്‍ നിന്ന് മൊഴിയെടുക്കുന്നത്. എന്‍ഐടിക്ക് സമീപം തയ്യല്‍ക്കട നടത്തിയിരുന്ന റാണി ജോളിയുമായി നില്‍ക്കുന്ന ഫോട്ടോകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. പോലീസ് പിടിച്ചെടുത്ത ജോളിയുടെ ഫോണില്‍ നിന്നാണ് റാണിയുമായുള്ള സൗഹൃദം പോലീസിന് വ്യക്തമായത്. ജോളിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ റാണിയുടെ മൊഴി ഉപകരിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
തലശേരിയില്‍ നിന്ന് രണ്ട് പേര്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ അതീവ രഹസ്യമായാണ് റാണി എസ് പി ഓഫീസിലെത്തിയത്. കൊലപാതകങ്ങളെക്കുറിച്ച് റാണിക്ക് അറിവുണ്ടോ എന്ന കാര്യമായിരിക്കും പ്രധാനമായും ചോദിച്ചറിയുക. കൊയിലാണ്ടിയിലാണ് റാണിയുടെ വീട്. എന്നാല്‍ ദിവസങ്ങളായി ഇവര്‍ തലശേരിയിലെ ഒരു ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ജോളിയുടെ മൊബൈല്‍ ഫോണില്‍ നിറയെ റാണിയുടെ ചിത്രങ്ങളായിരുന്നു. ജോളിക്കൊപ്പം യുവതി നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍ഐടിയില്‍ നടന്ന രാഗം കലോത്സവത്തില്‍ ജോളിക്കൊപ്പം റാണി എത്തിയിരുന്നു. ഇതിനിടെ എടുത്ത ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യുവതിയെ ചോദ്യം ചെയ്താല്‍ ജോളിയുടെ എന്‍ഐടി ജീവിതത്തിന്റെ ചുരുളഴിയുമെന്നാണ് കരുതുന്നത്.
അതേസമയം അന്വേഷണസംഘം ജോളിയെ ഒരു കേസില്‍ കൂടി അറസ്റ്റ് ചെയ്യും. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിലാണ് ജോളിയെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നത്. ഇതിനായി താമരശ്ശേരി കോടതിയില്‍ അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിക്കും. താമരശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Post Your Comments