Latest NewsKeralaNews

അച്ഛന്‍ മക്കളെ നിലവറയില്‍ പൂട്ടിയിട്ടത് 9 വര്‍ഷം; കാരണം വിചിത്രം

ഒമ്പത് വര്‍ഷക്കാലം ഒരച്ഛന്‍ ആറുമക്കളെ നിലവറയില്‍ പൂട്ടിയിട്ടു. കാരണമാണ് വിചിത്രം. ലോകാവസനം അടുക്കാറായെന്ന് ഭയന്നാണ് ഇങ്ങനെ ചെയ്തതെന്നാണ് വിവരം. ഹോളണ്ടിലെ ഡെന്ത്ര പ്രവിശ്യയിലെ റുയീനര്‍വോള്‍ഡ് എന്ന ഗ്രാമത്തിലെ ഒരു ഫാം ഹൗസിലാണ് സംഭവം. തന്റെ മക്കളെ സുരക്ഷിതരാക്കാനായി മക്കളോടൊപ്പം ഫാം ഹൗസിന്റെ നിലവറയില്‍ പ്രവേശിച്ച അച്ഛന്‍ അവരെ അവിടെ പൂട്ടിയിടുകയായിരുന്നു. പിന്നീടുള്ള ഒമ്പതുവര്‍ഷങ്ങള്‍ മക്കളെ പുറംലോകം കാണിച്ചിട്ടില്ല. 16-25 വയസ് വരെ പ്രായമുണ്ട് മക്കള്‍ക്ക്. മക്കളുടെ കാര്യവും ഫാം ഹൗസിന്റെ കാര്യങ്ങളും നോക്കാന്‍ അച്ഛന്‍ ഒരു ജീവനക്കാരനെയും നിയമിച്ചു. ഫാം ഹൗസിന്റെ വളപ്പില്‍ പച്ചക്കറി കൃഷിയും മൃഗങ്ങളെ വളര്‍ത്തലുമുണ്ടായിരുന്നു.

ഈ പച്ചക്കറികളും പാലും കുടിച്ചാണ് ഇവര്‍ ജീവിച്ചത്. ഒരു ദിവസം രാത്രിയില്‍ കാവല്‍ക്കാരന്റെ കണ്ണുവെട്ടിച്ച് മൂത്തമകന്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ചെന്നു കയറിയത് ഒരു ബാറിലേക്കാണ്. തലമുടിയും താടിയും വളര്‍ന്ന് പ്രാകൃതരൂപത്തിലായിരുന്നു 25കാരന്‍. ഇത്രയും വര്‍ഷം പുറംലോകം കാണാത്തതിന്റെ പരിഭ്രമവും ഇയാള്‍ക്കുണ്ടായിരുന്നു. ബാറിലെത്തിയ ഇയാള്‍ ബിയര്‍ വേണമെന്ന് ആവശ്യപ്പെട്ട ശേഷം ജീവനക്കാരനോട് തന്റെ സഹോദരങ്ങളെ പൂട്ടിയിട്ടിരിക്കുകയാണെന്ന് അറിയിച്ചു. ജീവനക്കാരന്‍ ഉടന്‍ പൊലീസില്‍ വിവരം പറഞ്ഞു. പൊലീസെത്തി ഇവരെ മോചിപ്പിച്ചു. ഇതോടൊപ്പം കാവല്‍ക്കാരനേയും അറസ്റ്റ് ചെയ്തു. ഒരു മക്കള്‍ക്കും വിദ്യാഭ്യാസം നല്‍കിയിട്ടില്ല. ലോകം കാണാതെ ജീവിച്ചതിന്റെ മാനസികപ്രശ്‌നങ്ങള്‍ ഓരോരുത്തര്‍ക്കുമുണ്ട്. പെണ്‍കുട്ടികളുടെ അവസ്ഥ ദയനീയമായിരുന്നു. അതേസമയം അച്ഛനെ കണ്ടെത്താനായിട്ടില്ല.

ഓര്‍മവച്ചനാള്‍ മുതല്‍ അച്ഛനെ മാത്രമാണ് കാണുന്നതെന്നും അമ്മയാരെന്ന് അറിയില്ലെന്നും മക്കള്‍ പൊലീസിനോട് പറഞ്ഞു. ഡ്രെന്തെ പ്രവിശ്യയിലെ ജനസാന്ദ്രത കുറഞ്ഞ ഗ്രാമമാണ് റുയീനര്‍വോള്‍ഡ്. ആകെ 300 പേര്‍ മാത്രമാണ് ഇവിടെ ജീവിക്കുന്നത്. ഫാം ഹൗസ് പലരും കണ്ടിട്ടുണ്ടെങ്കിലും അവിടെ ആരെങ്കിലും താമസമുണ്ടെന്ന് അറിയില്ലായിരുന്നു. ഇടയ്ക്ക് വല്ലപ്പോഴും ഗൃഹനാഥനെ കാണാറുണ്ട്. അതല്ലാതെ മക്കളുണ്ടെന്ന് അറിയില്ലായിരുന്നു. മരങ്ങള്‍ തിങ്ങിനിറഞ്ഞ ഫാം ഹൗസിനെ ഗ്രാമവുമായി വേര്‍തിരിക്കുന്ന ഒരു കനാലുണ്ട്. കനാലിലെ പാലം കടന്നുവേണം അവിടെയെത്താന്‍. ആവശ്യങ്ങള്‍ക്കല്ലാതെ ആരും ഈ പ്രദേശത്ത് മറ്റുള്ളവരുടെ പ്രദേശങ്ങളിലേക്ക് കടന്നുചെല്ലാറുമില്ലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button