പ്രീദു രാജേഷ്
കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞു നിർത്തിയതു പോലെ തന്നെ എനിക്കേറ്റവുമിഷ്ടപ്പെട്ട രാജസ്ഥാനിലെ ഉദയ്‌പൂരിനെക്കുറിച്ചാകാം ഇനിയുള്ള വിവരണങ്ങൾ..
ഉദയ്‌പുർ – വളരെ ശാന്തമായ ഒരു നാട്… അത്യാവശ്യം തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറി ജീവിക്കാൻ താല്പര്യമുള്ളവർക്ക് ഇവിടം ഇഷ്ടമാകും…
കഴിഞ്ഞു പോയ ഓരോ വർഷങ്ങളിലും ഈ നാടിന്റെ വളർച്ച കണ്മുന്നിൽ കണ്ടതു കൊണ്ട്, പോയ വർഷങ്ങളെ അപേക്ഷിച്ചു ഉദയ്‌പുർ രൂപത്തിലും ഭാവത്തിലും അല്പം ഒന്നു മാറിയിട്ടുണ്ട് എന്നു തന്നെ പറയാം. എന്നാലും സൗന്ദര്യത്തിനു വലിയ കോട്ടങ്ങൾ ഇതുവരെ സംഭവിച്ചതായി തോന്നിയിട്ടില്ല…
‘തടാകങ്ങളുടെ നാട് ‘എന്നാണു ഉദയ്‌പുർ അറിയപ്പെടുന്നതു തന്നെ…രാജസ്ഥാൻ മരുഭൂമിയാണെന്നു കരുതുന്ന പ്രിയ സുഹൃത്തുക്കൾക്കു തടാകങ്ങളുടെ നാട്ടിലേക്കു സ്വാഗതം…….ഭത്തേ സാഗർ, ബഡീ ലേക്ക്, പിച്ചോള ലേക്ക്, സ്വരൂപ് സാഗർ ലേക്ക്,ധൂത് തലായ് ലേക്ക്, ധേബാർ ലേക്ക്, രാജ്സംമന്ദ്ലേക്ക്, ഉദൈ സാഗർ ലേക്ക്, ജൈസ മന്ദ് ലേക്ക്….
ഇവ വലിയ തടാകങ്ങൾ. ഇനിയുമുണ്ടു നിരവധി ചെറിയ ചെറിയ നീർത്തടാകങ്ങൾ…..കൂറ്റൻ മലനിരകൾക്കിടയിലൂടെയും കാട്ടുപ്രദേശങ്ങൾക്കിടയിലൂടെയും ഒഴുകുന്നവ. ഈ ചെറു തടാകങ്ങളാണ് കാടിനുള്ളിൽ അധിവസിക്കുന്ന ജീവജാലങ്ങളുടെ ദാഹമകറ്റുന്നത്.കൊടും ചൂടു കാലത്തു ഈ ചെറു തടാകങ്ങൾ മുൻപു പറഞ്ഞ വലിയ തടാകങ്ങളെ അപേക്ഷിച്ചു ജലം വളരെപ്പെട്ടെന്നു വറ്റിപ്പോകുന്നവയാണ്.
അതിനാൽത്തന്നെ വന്യമൃഗങ്ങളുൾപ്പെടുന്ന കാട്ടു മൃഗങ്ങൾ ഈ സമയത്തു നാട്ടിലേക്കു ജലം തിരക്കിയിറങ്ങുന്നു. ജലം മനുഷ്യനു എന്ന പോലെ തന്നെ ഓരോ ജീവജാലങ്ങളുടെയും ജീവന്റെ നിലനിൽപ്പിനു ആവശ്യമായ ഒരു ഘടകമാണല്ലോ… ഇവിടുത്തെ ഗ്രാമങ്ങളിൽ വന്യമൃഗ ശല്യത്താൽ നാശ നഷ്ടങ്ങൾ ഉണ്ടാകുന്നതിനു പുറമേ , ഗ്രാമവാസികൾ സ്വയ രക്ഷയും ഉറപ്പാക്കേണ്ട സമയമാണിത് . ഇല്ലെങ്കിൽ ദാഹം മാത്രമല്ല വിശപ്പും അകറ്റിയിട്ടേ ഈ പറഞ്ഞ വന്യ മൃഗങ്ങൾ തിരികെ മടങ്ങുകയുള്ളൂ.
വന്യ മൃഗങ്ങൾ കാടിറങ്ങിയാൽ പശു ആട്, കോഴി എന്നിങ്ങനെയുള്ള വീടുകളിൽ വളർത്തുന്ന നിരുപദ്രവകാരികളായ ചെറു ജീവികളുടെ അന്ത്യം നിശ്ചയം .. കഴിഞ്ഞ ചൂടു കാലത്തു അടുത്തുള്ള ഗ്രാമത്തിലെ കർഷകന്റെ പശുക്കുട്ടിയെ പുലി കൊണ്ടുപോയതായി വാർത്ത പരന്നിരുന്നു.. ജീവരക്ഷാർത്ഥം മനുഷ്യർ പുറത്തിറങ്ങാനും പേടിയ്ക്കുന്ന സമയം.
പണ്ടു കാലങ്ങളിൽ മനുഷ്യൻ പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്ന കാലത്തു വന്യജീവി ആക്രമണത്തിൽനിന്നും രക്ഷപ്പെ ടാനായി ഉപയോഗിച്ചിരുന്ന പല രീതികളും ഇതിനാൽത്തന്നെ ഇവിടെ ഇന്നും തുടർന്നു കൊണ്ടിരിക്കുന്നു.
വലിയ രീതിയിൽ പെരുമ്പറ മുഴക്കും പോലെ ശബ്ദമുണ്ടാക്കുകയോ തീ കൊളുത്തുകയോ ഒക്കെ ചെയ്യാറുണ്ട്..
കൊടും ചൂടു സമയത്തും വലിയ ജലദൗർലഭ്യം ഉദയ്‌പൂരിലെ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും അനുഭവപ്പെടാറില്ല എന്നതു മറ്റൊരു വശവും.
തടാകങ്ങൾക്കു പുറമേ ചരിതസ്‌മാരകാവിഷ്ടങ്ങളുറങ്ങുന്ന കൊട്ടാരങ്ങളും വർഷങ്ങൾ പഴക്കമേറിയ പുരാതന ക്ഷേത്രങ്ങളും ഉദയ്പൂരിന്റെ ഭാഗമാണ്.. സിറ്റി പാലസ്, മൺസൂൺ പാല
സ്, ജഗദീഷ് മന്ദിർ, ഇടാന മാതാജി മന്ദിർ, ഹിൻഗ്ലാജി മാതാജി മന്ദിർ,etc.. ഇതിനുപുറമെ ചില ചെറിയ ഗ്രാമക്കാഴ്ച്ചകളും മലയോരക്കാഴ്ചകളും ഡാമുകളും..
(തുടരും )
Post Your Comments