കൊച്ചി: കൊച്ചിക്കാരെ ആശങ്കയിലാഴ്ത്തി ഇന്ന് പ്രത്യക്ഷമായ മൂടല്‍മഞ്ഞിനെ കുറിച്ച് വിദഗ്ദ്ധരുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. നഗരത്തിലെ പലയിടത്തും കാഴ്ച മറയ്ക്കുന്ന നിലയിലായിരുന്നു മഞ്ഞ് രൂപപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നും ദൃശ്യമല്ലാത്ത പ്രതിഭാസം പലയിടത്തും നൂറ് മീറ്ററിനപ്പുറം കാഴ്ച സാധ്യമല്ലാത്ത രീതിയിലാണ് പ്രത്യക്ഷപ്പെട്ടത്. പുകമഞ്ഞ് പോലെ കാണപ്പെട്ടെങ്കിലും ഇതുമൂലം അന്തരീക്ഷത്തില്‍ തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല.
രാവിലെ ഏഴിനു ശേഷവും മഞ്ഞിന്റെ അളവില്‍ കുറവുണ്ടായില്ല. എന്നാല്‍ ഈ പ്രതിഭാസം പുകമഞ്ഞല്ലെന്നാണ് കുസാറ്റിലെ വിദഗ്ധരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊച്ചിയില്‍ കണ്ടത് പുകമഞ്ഞല്ല. ‘റേഡിയേഷണല്‍ ഫോഗ്’ എന്ന പ്രതിഭാസമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. പുകമഞ്ഞ് ആണെങ്കില്‍ അന്തരീക്ഷത്തില്‍ നല്ല രീതിയില്‍ പുക കാണും. ഇന്ന് കണ്ട പ്രതിഭാസത്തിനു റേഡിയേഷണല്‍ ഫോഗ് എന്നാണ് പറയുക എന്ന് കുസാറ്റ് അറ്റ്മോസ്ഫെറിക് സയന്‍സസ് വിഭാഗം പ്രൊഫസര്‍ ഡോ കെ മോഹനകുമാര്‍ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ മഴ കാരണമാണ് ഇത് രൂപപ്പെട്ടത്. മഴയുടെ ഈര്‍പ്പം ഉള്ളതുകൊണ്ട് മഞ്ഞ് പെട്ടന്ന് മുകളിലേക്ക് പോകാത്തതാണ്. അന്തരീക്ഷം ചൂടുപിടിച്ച് നല്ല വെയില്‍ വരുമ്‌ബോള്‍ ഇത് കുറയും. തണുപ്പും ചൂടും മാറിമാറി അന്തരീക്ഷത്തില്‍ വരുന്നതാണ് റേഡിയേഷണല്‍ ഫോഗിനു കാരണമെന്നും വിദഗ്ധര്‍ പറയുന്നു.
Post Your Comments