Latest NewsKauthuka Kazhchakal

പ്രഭാത സവാരിക്കിടെ മഹാബലിപുരത്തെ തീരം വൃത്തിയാക്കി മോദി; ദൃശ്യങ്ങള്‍ വൈറല്‍

ചെന്നൈ: മഹാബലിപുരത്ത് പ്രഭാത സവാരിക്കിടെ കടല്‍ തീരം വൃത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. മോദിതന്നെയാണ് ഇതിന്റെ ദൃശ്യങ്ങളും വീഡിയോയും ട്വീറ്റ് ചെയ്തത്. രാവിലെ 30 മിനിറ്റ് നീണ്ട ‘മോണിംഗ് വാക്കിനിടെ’, തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള ചപ്പു ചവറുകള്‍ ശേഖരിച്ചെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇവയെല്ലാം എടുത്ത് ഹോട്ടല്‍ ജീവനക്കാരനെ ഏല്‍പിച്ചു. രാവിലെയുള്ള പ്രഭാത നടത്തം പ്ലോഗിംഗ് ആയിക്കൂടി വിനിയോഗിച്ചെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.

രാവിലെയുള്ള വ്യായാമത്തിനായി നടക്കാനോ ഓടാനോ പോകുന്നതിനിടെ, വഴിയരികിലെ മാലിന്യങ്ങള്‍ കൂടി എടുത്ത് മാറ്റി പരിസരം വൃത്തിയാക്കുന്ന രീതിയെയാണ് പ്ലോഗിംഗ് എന്ന് പറയുക. സ്വീഡനില്‍ 2016-ല്‍ ഒരു വലിയ മുന്നേറ്റമായി തുടങ്ങിയതാണിത്. പിന്നീടിത് മറ്റ് രാജ്യങ്ങളിലും നടപ്പാക്കാന്‍ തുടങ്ങി. ഇത്തരത്തില്‍ പരിസരം ശുചീകരിക്കാന്‍ കൂടി ഇറങ്ങിയതാണ് താന്‍ എന്ന സന്ദേശവുമായാണ് മോദി എത്തുന്നത്.

അതേസമയം, ഇന്നലെ ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിക്കായി മഹാബലിപുരത്തെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് പരമ്പരാഗത തമിഴ് വേഷത്തിലായിരുന്നു. തമിഴ് സ്റ്റൈലില്‍ വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് തോളില്‍ ഷാളുമിട്ടാണ് മോദി ഷി ജിന്‍ പിങ്ങിനെ സ്വീകരിച്ചത്. സാധാരണ വേഷത്തില്‍ നിന്ന് മാറി തനി തമിഴ്‌സ്റ്റൈലില്‍ വേഷമിട്ട് മോദിയെത്തിയത് വന്‍ വാര്‍ത്തയായിരുന്നു. വസ്ത്രധാരണത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന മോദി നേരത്തെ കേരളത്തില്‍ വന്നപ്പോള്‍ കേരളത്തനിമയുള്ള വസ്ത്രം ധരിച്ചിരുന്നതും വാര്‍ത്തയായിരുന്നു.

 

ഉച്ചകോടിക്കായി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ ഷി ജിന്‍പിങ്ങിനെ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. അവിടെനിന്ന് മഹാബലിപുരത്ത് എത്തിയ ശേഷമായിരുന്നു മോദി സ്വീകരിക്കാനെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button