![](/wp-content/uploads/2019/10/sabiti.jpg)
ടെഹ്‌റാന്‍ : ഗള്‍ഫ് മേഖലയില്‍ വീണ്ടും പരിഭ്രാന്തി സൃഷ്ടിച്ച് മിസൈല്‍ ആക്രമണം. സൗദിയിലെ തുറമുഖ നഗരമായ ജിദ്ദയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ചെങ്കടലില്‍ ഇറാന്റെ എണ്ണക്കപ്പലിനു നേരെയാണ് മിസൈല്‍ ആക്രമണം ഉണ്ടായത്. . 2 മിസൈലുകളേറ്റ് ടാങ്ക് തകര്‍ന്നതിനെത്തുടര്‍ന്ന് കടലിലേക്ക് എണ്ണ ചോര്‍ന്നു. കപ്പല്‍ സുരക്ഷിതമാണെന്നും ചോര്‍ച്ച പരിഹരിച്ചു വരികയാണെന്നും ഇറാന്‍ വ്യക്തമാക്കിയെങ്കിലും ആഗോള വിപണിയില്‍ എണ്ണവില 2 % ഉയര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഇറാനിലെ ലാറക് തുറമുഖത്തേക്കു വരുമ്പോഴാണ് നാഷണല്‍ ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘സാബിത്തി’ ആക്രമിക്കപ്പെട്ടത്. ഭീകരാക്രമണമാണെന്നു സംശയിക്കുന്നതായി പിന്നീട് ഇറാന്റെ ഔദ്യോഗിക മാധ്യമം വെളിപ്പെടുത്തി. കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണ്. കപ്പലിനു തീ പിടിച്ചിട്ടില്ലെന്ന് ടാങ്കര്‍ കമ്പനി (എന്‍ഐടിസി) പ്രതികരിച്ചതും ആക്രമിക്കപ്പെട്ട കപ്പല്‍ ഏതെന്നു സ്ഥിരീകരണം ലഭിക്കാഞ്ഞതും തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി.
സൗദിയിലെ അരാംകോ എണ്ണശാലയ്ക്കുനേരെ ആക്രമണമുണ്ടായി ഏതാനും ആഴ്ചകള്‍ പിന്നിടുമ്പോള്‍ ഉണ്ടായ പുതിയ സംഭവം മേഖലയില്‍ പൊതുവേ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. മുന്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്ന് യുഎസ് ആരോപിച്ചിരുന്നു. ഇപ്പോഴത്തെ ആക്രമണത്തെപ്പറ്റി സൗദിയോ ഈ മേഖലയിലുള്ള യുഎസ് നാവികസേനയുടെ അഞ്ചാം കപ്പല്‍വ്യൂഹമോ പ്രതികരിച്ചിട്ടില്ല.
Post Your Comments