ഡല്‍ഹി : ലോകത്തിലെ ഏറ്റവും ‘ശുദ്ധ’മായ പെട്രോളിലേക്കും ഡീസലിലേക്കും മാറുന്നതിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ് അന്തിമ ഘട്ടത്തിലേക്ക്. ഏപ്രില്‍ ഒന്നു മുതല്‍ യൂറോ 4 നിലവാരത്തില്‍ നിന്ന് യൂറോ 6 ലേക്ക് മാറുന്നതോടെയാണ് സള്‍ഫര്‍ ഉള്‍പ്പെടെയുള്ള മലിനീകരണ ഘടകങ്ങളുടെ സാന്നിധ്യം ഏറ്റവും കുറഞ്ഞ ഇന്ധനമാണ് ഇന്ത്യയിലെ പമ്പുകളില്‍ ലഭ്യമാകുന്നത്. ഇതോടെയാണ് പെട്രോളിനും ഡീസലിനും വിലകൂടുന്നത്.
വാഹന എഞ്ചിന്‍ പുറന്തള്ളുന്ന മലിനീകരണ ഘടകങ്ങളുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പുതിയ മാനദണ്ഡമായ ഭാരത് സ്റ്റേജ്-6 എന്ന ബിഎസ്-6 നിലവില്‍ വരുന്നതിനു സമാന്തരമായാണ് അതിനു ചേര്‍ന്ന പെട്രോളും ഡീസലും വിതരണം ചെയ്യാന്‍ എണ്ണക്കമ്പനികള്‍ തയ്യാറാകുന്നത്.
‘ഏപ്രില്‍ ഒന്നു മുതല്‍ രാജ്യം പുതിയ ഇന്ധനത്തിലേക്ക് മാറുന്നതോടെ വിലയില്‍ തീര്‍ച്ചയായും വര്‍ധനവുണ്ടായേ തീരൂ. നിലവില്‍ 50 പി.പി.എം സള്‍ഫറാണ് ഇന്ധനത്തില്‍ ഉള്ളത്. അത് 10 പി.പി.എം ആക്കി ചുരുക്കുകയാണ്’. ഇത് ഉപഭോക്താക്കള്‍ക്ക് വലിയ ഭാരമാവില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. വെറും മൂന്ന് വര്‍ഷം കൊണ്ട് വലിയ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. 2017ല്‍ മാത്രമാണ് ബി എസ് 4 നിലവാരത്തിലേക്ക് ഇന്ത്യ മാറിയത്. ഇപ്പോള്‍ നാലില്‍ നിന്ന് അഞ്ചിലേക്കല്ല, മറിച്ച് ബിഎസ് ആറിലേക്ക് ഇന്ത്യ കുതിച്ചുചാട്ടം നടത്തിയിരിക്കുന്നത്. സള്‍ഫര്‍ കുറഞ്ഞ ഇന്ധനത്തിന്റെ സജ്ജീകരത്തിനായി കമ്പനി ഇതിനോടകം തന്നെ 17,000 കോടി രൂപ ചെലവാക്കി കഴിഞ്ഞു. ഇത് തിരിച്ചുപിടിക്കാനാണ് വില വര്‍ധിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ ഇന്ധനം ബിഎസ്-6 പെട്രോള്‍ വാഹനങ്ങളില്‍ നൈട്രജന്‍ ഓക്‌സൈഡ് ഉദ്ഗമനം 25 ശതമാനം കുറയ്ക്കും. ഡീസല്‍ കാറുകളില്‍ 70 ശതമാനവും. ഇതിലേറെ ഗുണനിലവാരമുള്ള ഇന്ധനം ലോകത്തെവിടെയും ലഭ്യമാകില്ല. നിലവില്‍ ഉപയോഗത്തിലുള്ള പഴയ തലമുറ ഡീസല്‍ വാഹനങ്ങളില്‍ പോലും സള്‍ഫര്‍ ഉദ്ഗമനം കുറയ്ക്കുന്നതാകും പുതിയ ഇന്ധനമെന്ന് സിംഗ് പറഞ്ഞു.
Post Your Comments