തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനവിനെതിരെ എല്‍.ഡി.എഫ് നടത്തുന്ന പ്രക്ഷോഭത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ഇന്ധനവില വര്‍ധനവിനെതിരേ എല്‍.ഡി.എഫ് പ്രക്ഷോഭമല്ല നടത്തേണ്ടതെന്നും ജനങ്ങള്‍ക്ക് നികുതിയിളവാണ് നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നികുതി കുറയ്ക്കാന്‍ തയാറാകാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രഹസന സമരത്തെ ജനം പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ജനത്തെ കൊളളയടിക്കുന്നതെന്നും കോവിഡ് മഹാമാരിയില്‍ ജനം നട്ടംതിരിയുമ്പോൾ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനു പകരം ഖജനാവ് വീര്‍പ്പിക്കുന്നതില്‍ മാത്രമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയെന്നും സുധാകരന്‍ ആരോപിച്ചു. ഇന്ധനവില നൂറു രൂപ കടന്നപ്പോള്‍ അതില്‍ സംസ്ഥാന സര്‍ക്കാര്‍ 22.71 രൂപയും കേന്ദ്രസര്‍ക്കാര്‍ 32.90 രൂപയും നികുതിയിനത്തിൽ ജനങ്ങളില്‍ നിന്നു പിടിച്ചുവാങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ നികുതി കുറയ്ക്കാതെ കേന്ദ്രത്തില്‍ കുറ്റം ചുമത്തി സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നും ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ നികുതി വന്‍ തോതില്‍ കുറയുമെങ്കിലും പിണറായി സര്‍ക്കാര്‍ അതിനും എതിരു നില്ക്കുകയാണെന്നും കെ.സുധാകരൻ കുറ്റപ്പെടുത്തി.യുപിഎ ഭരണകാലത്ത് ക്രൂഡ് ഓയില്‍ വില 145.31 ഡോളര്‍ ആയിരുന്നപ്പോള്‍ രാജ്യത്ത് പെട്രോളിന് 50.62 രൂപയും ഡീസലിന് 34.86 രൂപയുമായി പിടിച്ചു നിര്‍ത്തിയത് സർക്കാർ സബ്സിഡി നല്കിയാണെന്നും ഇപ്പോള്‍ അന്താരാഷ്ട്രവിപണയില്‍ ക്രൂഡിന് വില 74 ഡോളറായെങ്കിലും രാജ്യത്ത് ഇന്ധന വില കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments