ബെംഗളൂരു: ഏഴ് തലയുള്ള പാമ്പ്. പുരാണങ്ങളിലൊക്കെ നമ്മള്‍ ഇത്തരത്തിലുള്ള പല കഥകളും കേട്ടിട്ടുണ്ടെങ്കിലും ലോകത്ത് ഇന്നുവരെ അത്തരത്തിലൊരു പാമ്പിനെ ആരും കണ്ടിട്ടില്ല. എന്നാല്‍ അത്തരത്തിലൊരു പാമ്പിന്റെ തോല്‍ കണ്ടെത്തിയെന്ന വാര്‍ത്തയാണ് ബെംഗളൂരു കനകപുരയില്‍ നിന്ന് പുറത്ത് വരുന്നത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വന്‍ ജനത്തിരക്കാണ്. മാരിഗോവദന എന്ന ഗ്രാമത്തിലാണ് ആളുകള്‍ ഏഴ് തലയുള്ള പാമ്പിന്റെ പടം കണ്ടതായി അവകാശപ്പെട്ടത്.
ഒരു ക്ഷേത്രത്തിന് അടുത്ത് വച്ചാണ് ഇവര്‍ ഈ പാമ്പിന്‍ തോല്‍ കണ്ടത്. ഇതോടെ വിവിധ കഥകള്‍ പ്രചരിക്കാന്‍ തുടങ്ങി. അധികം വൈകാതെ പുരാണത്തിലെ പാമ്പിനെയാണ് കണ്ടത് എന്ന് പ്രചാരണവും ശക്തമായിരുന്നു. വാര്‍ത്താ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്ത വ്യാപിച്ചതോടെ നൂറുകണക്കിന് ആളുകള്‍ സ്ഥലത്തേക്ക് ഒഴുകിയെത്തി. ഇതോടെ ചിലര്‍ കുങ്കുമമവും മഞ്ഞളും ചാലിച്ച് ആരാധനയും തുടങ്ങി. ആറ് മാസം മുന്‍പ് ഇതുപോലെ പാമ്പിന്‍ തോല്‍ കണ്ടെത്തിയിരുന്നതായി ഗ്രാമവാസികളില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേത്തുടര്‍ന്ന് ഇവിടെ ഒരു ക്ഷേത്രം നിര്‍മ്മിച്ചിരുന്നു. ഈ അമ്പലത്തിന് അടുത്തായാണ് പുതിയ പാമ്പിന്‍തോല്‍ കണ്ടെത്തിയത്.
Multi-headed snake’s skin draws crowds in Kanakapura #Karnataka pic.twitter.com/suXh4eGHhl
— TOI Bengaluru (@TOIBengaluru) October 10, 2019
എന്നാല്‍ പ്രദേശവാസികളുടെ ഈ വാദം തള്ളുകയാണ് വിദഗ്ധര്‍. ഇതുവരെ ലോകത്ത് ഒരിടത്തും ഏഴ് തലകളുള്ള പാമ്പിനെ കണ്ടെത്തിയിട്ടില്ലെന്ന് ഒരു ഗവേഷകന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. രണ്ട് തലയുള്ള പാമ്പുകളുണ്ട്, അത് അപൂര്‍വ്വമാണ്. മൂന്ന് ആഴ്ച്ച മുതല്‍ രണ്ട് മാസം വരെ ഇടവേളകളില്‍ പാമ്പുകള്‍ പടം പൊഴിക്കാറുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
Post Your Comments