Latest NewsNewsIndia

സൊമാറ്റോ ഡെലിവറി ബോയി വീട്ടിലെ നായക്കുട്ടിയുമായി കടന്നു; പരാതിയുമായി ദമ്പതികള്‍

പൂനെ: ഇന്ന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലകള്‍ ഏറെ സജീവമാണ്. അതിനായി പലപ്പോഴും ഡെലിവറി ബോയി നമ്മുടെ വീടുകളിലും എത്തും. എന്നാല്‍ ഇപ്പോള്‍ സൊമാറ്റോ ഡെലിവറി ബോയി നടത്തിയ ഒരു മോഷണമാണ് വാര്‍ത്തയാകുന്നത്. ഈ ഡെലിവറി ബോയി മോഷ്ടിച്ചത് പണമോ സ്വര്‍ണമോ ഒന്നും അല്ല, പക്ഷേ വീട്ടുകാര്‍ ഓമനിച്ച വളര്‍ത്തിയിരുന്ന നായ്ക്കുട്ടിയുമായാണ് അയാള്‍ മുങ്ങിയതെന്ന് മാത്രം.

ഉടമ വന്ദന ഷായുടെ ഒരു ട്വീറ്റിലൂടെയാണ് വാര്‍ത്ത പുറംലോകമറിഞ്ഞത്. പൂനെയില്‍ താമസിക്കുന്ന ദമ്പതികളുടെ പ്രിയപ്പെട്ട നായക്കുട്ടിയാണ് ഡോട്ടു. തിങ്കളാഴ്ചയാണ് ഇതിനെ കാണാതായ വിവരം ഉടമയായ വന്ദന ഷാ അറിയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാണാതാകുന്നതിന് മുമ്പ് വരെ വീട്ടിലും പരിസരത്തുമായി ഓടിക്കളിച്ച് നടക്കുന്ന ഡോട്ടുവിനെ കണ്ടെത്തി. എന്നാല്‍ പെട്ടെന്ന് ഡോട്ടു എങ്ങോട്ട് പോയി എന്നായിരുന്നു എല്ലാവരുടെയും സംശയം. കാണാതായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നായക്കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇവര്‍ സമീപത്തെ വീടുകളിലും റോഡിലും നായയെ തെരഞ്ഞു. പിന്നീട് ഇവര്‍ നായക്കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതിയും നല്‍കി.

ഒടുവില്‍, വീടിന് പരിസരപ്രദേശങ്ങളില്‍ ഭക്ഷണവുമായെത്തിയ ഡെലിവറി ബോയ്‌സിനോട് ഡോട്ടുവിനെക്കുറിച്ച് തിരക്കിയപ്പോഴാണ് സൊമാറ്റോയിലെ ഒരു ഡെലിവറി ബോയിയുടെ കൈവശം നായയെ കണ്ടതായി അവര്‍ അറിയുന്നത്. തുഷാര്‍ എന്ന സൊമാറ്റോ ഡെലിവറി ബോയിയാണ് മോഷ്ടാവ് എന്ന് കണ്ടെത്തിയതോടെ ഇയാളുടെ നമ്പറില്‍ ദമ്പതികള്‍ വിളിച്ചു. ഇയാള്‍ കുറ്റം സമ്മതിച്ചെങ്കിലും നായ്ക്കുട്ടിയെ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഗ്രാമത്തിലേക്ക് അയച്ചെന്ന് പറഞ്ഞ് ഡെലിവറി ബോയി ഒഴിയുകയായിരുന്നെന്ന് ദമ്പതികള്‍ പറഞ്ഞു. നായക്കുട്ടിക്ക് പകരം പണം തരാമെന്ന് പറഞ്ഞെങ്കിലും ഡെലിവറി ബോയി ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്‌തെന്നും ദമ്പതികള്‍ കൂട്ടിച്ചേര്‍ത്തു.

ഒടുവില്‍ ദമ്പതികള്‍ സൊമാറ്റോയെ സമീപിച്ചു. വിലാസവും ബന്ധപ്പെടേണ്ട നമ്പരും നല്‍കാന്‍ ആവശ്യപ്പെട്ട സൊമാറ്റോ അധികൃതര്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട ആരെങ്കിലും വീട്ടിലെത്തുമെന്ന് മറുപടി നല്‍കി. അതേസമയം പരാതി രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് വിസമ്മതിച്ചെന്നാണ് ദമ്പതികളുടെ ആരോപണം. മോഷ്ടാവിന്റെ വിവരങ്ങളടക്കം വന്ദനാ ഷാ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button