കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതിയായ ജോളിക്ക് കൊലപാതകം നടത്താനുള്ള പൊട്ടാസ്യം സയനൈഡ് അവര്‍ വര്‍ഷങ്ങളോളം ജോലിചെയ്തെന്ന് അവകാശപ്പെടുന്ന ചാത്തമംഗലം എന്‍.ഐ .ടി കാമ്പസില്‍നിന്ന് ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം ശക്തമാക്കി. എന്‍.െഎ.ടി കാമ്പസിലെ കെമിക്കല്‍ ലബോറട്ടറിയില്‍ സയനൈഡോ വിഷാംശമുള്ള മറ്റു രാസവസ്തുക്കളോ സൂക്ഷിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
എന്‍.ഐ .ടിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച് ജോളി ലൈബ്രറിയില്‍ എത്തിയിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ അവിടെ ആരോടൊക്കെ ഇടപഴകി എന്നതു കണ്ടെത്താനുള്ള നീക്കവും ആരംഭിച്ചു. കൂടാതെ ജോളി മിക്കപ്പോഴും എന്‍.ഐ .ടിയിലേക്കെന്നു പറഞ്ഞ് വിളിച്ച ‘മാഡം’ ആരാണെന്നറിയാന്‍ ക്രൈംബ്രാഞ്ചിന്റെ ശ്രമം. ജോളിയുടെ അമിത ഫോണ്‍വിളി ശ്രദ്ധയില്‍പെട്ടപ്പോള്‍, അതേക്കുറിച്ച് ഭര്‍ത്താവ് ഷാജു ചോദിച്ചപ്പോഴാണ് അവര്‍ എന്‍.ഐ.ടിയിലെ മാഡത്തെയാണ് വിളിച്ചതെന്ന് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം ഷാജു ഇക്കാര്യം പറഞ്ഞിരുന്നു.
ഇതോടെ എന്‍.ഐ .ടി കാമ്പസിനകത്ത് ഉന്നതരുമായി ജോളിക്ക് ദൃഢമായ ബന്ധമുണ്ടെന്ന് വ്യക്തമായി. ജോളി എത്തിയെന്ന് വ്യക്തമായ ലൈബ്രറി കേന്ദ്രീകരിച്ചാണ് അന്വേഷണം മുറുകുന്നത്.ഒരു പ്രാവശ്യം മാത്രമേ താന്‍ ജോളിക്ക് സയനൈഡ് കൈമാറിയിട്ടുള്ളൂ എന്ന അറസ്റ്റിലായ മാത്യുവിന്റെ വെളിപ്പെടുത്തല്‍ അന്വേഷണ സംഘത്തെ കുഴക്കുന്നു. മറ്റു മരണങ്ങളില്‍ ജോളി ഉപയോഗിച്ചത് സയനൈഡ് അല്ലാത്ത മാരക വിഷമാകാമെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നു.
മരണകാരണമാകാവുന്ന മറ്റു രാസവസ്തുക്കള്‍ എന്തെല്ലാമാണെന്നും അവ ലഭിക്കാനുള്ള സാഹചര്യങ്ങളെക്കുറിച്ചും അന്വേഷണ സംഘം വിദഗ്ധരുടെ അഭിപ്രായം തേടിയിട്ടുണ്ട്.സിലിയുടെ മരണം നടക്കുമ്പോള്‍ അറസ്റ്റിലായ മാത്യുവും ജോളിയും തമ്മിലെ ബന്ധം ഉലഞ്ഞിരുന്നതായി സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ ജോളിക്ക് സയനൈഡ് എവിടെനിന്ന് ലഭിച്ചു എന്നത് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം
Post Your Comments