എന്തിനും ഏതിനും ട്രോള്‍ ആണ് ഇപ്പോള്‍. അതിഗൗരവമായ കാര്യങ്ങള്‍ പോലും തമാശയാക്കി മാറ്റാന്‍ ആണ് ട്രോളന്മാര്‍ നോക്കുന്നത്. ഇത്തരത്തില്‍ കൂടത്തായി കൊലപാതകവും സമൂഹ മാധ്യമങ്ങളില്‍ ആഘോഷമാക്കിയിരിക്കുകയാണ് ട്രോളന്മാര്‍. ”ഭാര്യയോട് ഇപ്പോള്‍ ഭയങ്കര സ്‌നേഹമാണ്.അവള്‍ ചായയും കൊണ്ടുവന്നാല്‍,റൊമാന്റിക്കായി ഒരു സിപ്പ് അവളെക്കൊണ്ട് കുടിപ്പിക്കാതെ എനിക്ക് ഇറങ്ങില്ല.ചോറുകൊണ്ടു വന്നാല്‍ ഒരുരുള ഉരുട്ടി അവള്‍ക്ക് കൊടുക്കാതെ ഉണ്ണാനും കഴിയുന്നില്ല.നമ്മുടെ ജീവന്‍ നമ്മള്‍ നോക്കണം.ഭാര്യ ‘ജോളി’യായാല്‍ എല്ലാം തീരും…..തുടങ്ങിയ രീതിയിലാണ് ട്രോളുകള്‍ നിറയുന്നത്.
എന്നാല്‍ ഇതിനെതിരെ പ്രതികരിച്ച് സന്ദീപ് ദാസ് എന്ന യുവാവ് രംഗത്തെത്തി. ഒരു ചായ പോലും തിളപ്പിക്കാനറിയാത്ത പുരുഷന്‍മാരുണ്ട്.ഇനി അഥവാ അറിഞ്ഞാലും അത് ചെയ്യാത്തവരുമുണ്ട്.അവരൊക്കെയാണ് ഭാര്യ കൊണ്ടുവരുന്ന ചായയെ പരിഹസിക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്ന് തുടങ്ങി ആണധികാരത്തിന് ക്ഷതമേല്‍പ്പിക്കുന്നതാണ് സന്ദീപ് ദാസിന്റെ കുറിപ്പ്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
”ഭാര്യയോട് ഇപ്പോൾ ഭയങ്കര സ്നേഹമാണ്.അവൾ ചായയും കൊണ്ടുവന്നാൽ,റൊമാന്റിക്കായി ഒരു സിപ്പ് അവളെക്കൊണ്ട് കുടിപ്പിക്കാതെ എനിക്ക് ഇറങ്ങില്ല.ചോറുകൊണ്ടു വന്നാൽ ഒരുരുള ഉരുട്ടി അവൾക്ക് കൊടുക്കാതെ ഉണ്ണാനും കഴിയുന്നില്ല.നമ്മുടെ ജീവൻ നമ്മൾ നോക്കണം.ഭാര്യ ‘ജോളി’യായാൽ എല്ലാം തീരും…..!! ”
ഇപ്പോൾ തകർത്തോടിക്കൊണ്ടിരിക്കുന്ന ഒരു മെസേജാണിത്.ജോളി എന്ന സ്ത്രീ നടത്തിയ കൊലപാതക പരമ്പരയെ അടിസ്ഥാനമാക്കിക്കൊണ്ട് ഒട്ടേറെ ട്രോളുകളും ‘തമാശ’കളും പുറത്തിറങ്ങിയിട്ടുണ്ട്.അവയൊന്നും ഒട്ടും നിഷ്കളങ്കമല്ല.പക്ഷേ സമൂഹം അവയെ തമാശയായിത്തന്നെ കണക്കാക്കും.സ്ത്രീവർഗ്ഗത്തെ ഇടിച്ചുതാഴ്ത്തുന്ന വിലകുറഞ്ഞ വരികൾ സ്ത്രീകൾ പോലും വാട്സ്ആപ്പിലൂടെ ഫോർവേഡ് ചെയ്തെന്നിരിക്കും.
ഇതിനൊരു മറുവശമുണ്ട്.സ്ത്രീകൾ നേരിടുന്ന വിവേചനങ്ങളെക്കുറിച്ച് ഒരു സ്ത്രീ തുറന്നുപറഞ്ഞാൽ എന്താണ് സംഭവിക്കാറുള്ളത്? മുഴുവൻ പുരുഷൻമാരെയും അടച്ചാക്ഷേപിക്കരുത് എന്ന് പറഞ്ഞ് ചിലർ കരഞ്ഞുതുടങ്ങും ! ”ചില പുരുഷൻമാർ മാത്രമാണ് പ്രശ്നക്കാർ” എന്ന് പ്രത്യേകം എടുത്തുപറഞ്ഞാലും ആ വിലാപം തീരില്ല.”ഈ ഫെമിനിച്ചികൾ നാടു മുടിച്ചേ അടങ്ങൂ” എന്നെല്ലാം പരിതപിക്കും ! അതിനെ പിന്തുണച്ചുകൊണ്ട് ചില കുലസ്ത്രീകളും രംഗത്തെത്തും !
ഇപ്രകാരമാണ് പുരുഷാധിപത്യം പ്രവർത്തിക്കുന്നത്.ഒറ്റബുദ്ധി ചിന്തകളിലൂടെ പാട്രിയാർക്കിയുടെ ഭീകരത മനസ്സിലാക്കാനാവില്ല.
സ്ത്രീവിരുദ്ധമായ തമാശകളും പ്രസ്താവനകളും ഞാൻ പണ്ട് ആസ്വദിച്ചിരുന്നു.ഇപ്പോൾ അതിന് കഴിയാറില്ല.സ്ത്രീവിരുദ്ധനായി വളർന്നുവരുന്നത് നിങ്ങളുടെ കുറ്റമല്ല.പക്ഷേ ജീവിതാവസാനം വരെ സ്ത്രീവിരുദ്ധനായി തുടരുകയാണെങ്കിൽ അത് നിങ്ങളുടെ മാത്രം കുറ്റമാണ് !
നമുക്കെല്ലാവർക്കും തലച്ചോറുണ്ട്.ചിന്തിക്കാനുള്ള ശേഷിയുമുണ്ട്.അത് വേണ്ടതുപോലെ ഉപയോഗപ്പെടുത്തിയാൽ മാത്രം മതി.സ്ത്രീകളുടെ നൊമ്പരങ്ങൾ അപ്പോൾ തിരിച്ചറിയാനാകും.
ഒരു പെൺകുട്ടി ജനിച്ചുവീഴുന്ന നിമിഷം മുതൽക്ക് ‘അടുക്കള’ എന്ന വാക്ക് അവളെ വലയം ചെയ്തുകൊണ്ടിരിക്കും.
ഇളംപ്രായത്തിൽത്തന്നെ കിച്ചൻ സെറ്റ് വാങ്ങിക്കൊടുത്ത് അവളെ അടുക്കളജോലിയ്ക്ക് പരുവപ്പെടുത്തിയെടുക്കും.
ആൺകുട്ടികൾ കളിക്കാൻ പോവുമ്പോൾ അതേ പ്രായത്തിലുള്ള പെൺകുട്ടികൾ പാചകത്തിൻ്റെ പ്രാഥമിക പാഠങ്ങൾ സ്വായത്തമാക്കും.
പരീക്ഷ അടുക്കുമ്പോൾ ആൺകുട്ടികൾക്ക് പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം.എന്നാൽ പല പെൺകുട്ടികൾക്കും അപ്പോഴും വീട്ടുജോലികൾ ചെയ്യേണ്ടിവരും.
വിവാഹശേഷം മറ്റൊരു വീട്ടിൽ ചെന്നാൽ സ്ഥിതി മെച്ചപ്പെടുമോ?ഒരിക്കലുമില്ല.
അടുക്കളപ്പണിയ്ക്കുവേണ്ടി ജോലിയും പഠനവും ഉപേക്ഷിച്ച സ്ത്രീകളുടെ കണക്കെടുക്കാൻ ഏതെങ്കിലും സ്റ്റാറ്റിസ്റ്റീഷ്യന് സാധിക്കുമോ?
വലിയ പദവികളിൽ ഇരിക്കുന്ന സ്ത്രീകൾ പോലും അടുക്കളപ്പണി ചെയ്യുന്നത് കണ്ടിട്ടില്ലേ?
പുരുഷൻമാർ ഉറങ്ങുന്ന സമയത്ത് പ്രവർത്തിച്ചുതുടങ്ങുന്ന യന്ത്രങ്ങളെപ്പോലെയല്ലേ മിക്ക സ്ത്രീകളും?
അവൾ മണിക്കൂറുകൾ കൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണം പത്ത് മിനുട്ട് കൊണ്ട് കഴിച്ചിട്ട് നിർദ്ദയം കുറ്റം പറയാറില്ലേ?
ഇത്രയൊക്കെ ചെയ്തിട്ടും എത്ര സ്ത്രീകൾ പരാതി പറഞ്ഞിട്ടുണ്ട്?ഇതെല്ലാം തങ്ങളുടെ കടമയാണെന്ന മട്ടിലല്ലേ അവർ പെരുമാറാറുള്ളത്?
അടുക്കളജോലി പെണ്ണിൻ്റെ കടമയാണെന്ന് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നില്ല.അതിന് സ്ത്രീയെ നിർബന്ധിക്കാനുള്ള അവകാശം ഒരാൾക്കുമില്ലെന്ന് ബഹുമാനപ്പെട്ട പുരുഷപ്രജകൾ മനസ്സിലാക്കിക്കൊള്ളുക.
സ്ത്രീകളുടെ കഠിനാദ്ധ്വാനത്തെ മഹത്വവത്കരിക്കുന്നതുപോലും ശരിയല്ല.ആത്യന്തികമായി അതും അവർക്ക് ദോഷമേ ചെയ്യുന്നുള്ളൂ.
ഒരു ചായ പോലും തിളപ്പിക്കാനറിയാത്ത പുരുഷൻമാരുണ്ട്.ഇനി അഥവാ അറിഞ്ഞാലും അത് ചെയ്യാത്തവരുമുണ്ട്.അവരൊക്കെയാണ് ഭാര്യ കൊണ്ടുവരുന്ന ചായയെ പരിഹസിക്കാൻ ഇറങ്ങിയിരിക്കുന്നത് ! ഭാര്യയുടെ കൈവശം ഇരിക്കുന്ന ചായക്കപ്പ് പുരുഷൻ്റെ അവകാശമല്ല !
തരംകിട്ടിയാൽ പെണ്ണിൻ്റെ ശരീരത്തിൽ സ്പർശിച്ച് ആനന്ദം കണ്ടെത്തുന്ന ഞരമ്പുരോഗികളാൽ സമ്പന്നമാണ് ഈ നാട്.എന്നുകരുതി സ്ത്രീകൾ എല്ലാ പുരുഷൻമാരെയും ആ കണ്ണിലൂടെയാണോ കാണാറുള്ളത്?
സ്ത്രീധനത്തർക്കത്തിൻ്റെ പേരിൽ ഭാര്യയെ കൊന്നുകളഞ്ഞ ഭർത്താക്കൻമാരില്ലേ? എന്നിട്ടും പുരുഷൻമാർക്ക് ഭാര്യവീട്ടിൽ നിന്ന് സ്വർണ്ണവും സ്വത്തുക്കളും ലഭിക്കാറില്ലേ?
പ്രണയം നിഷേധിച്ചാൽ ആസിഡും പെട്രോളും ഉപയോഗിച്ച് മറുപടി പറയുന്ന പുരുഷൻമാരുടെ എണ്ണം വർദ്ധിച്ചുവരികയാണ്.അതുകൊണ്ട് പെൺകുട്ടികൾ പ്രണയിക്കുന്നത് നിർത്തിയോ?
സീരിയൽ കില്ലർമാരുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയാൽ അതിൽ ബഹുഭൂരിപക്ഷവും പുരുഷൻമാരായിരിക്കും.അതിൻ്റെ പേരിൽ ആരും പുരുഷവർഗ്ഗത്തെ അടച്ചാക്ഷേപിക്കാറില്ല.
പിന്നെ എന്തിനാണ് ഒരു ജോളിയുടെ അറസ്റ്റിനെ ഇത്രമേൽ ആഘോഷമാക്കുന്നത്? എന്തിനാണ് സ്വന്തം കുടുംബത്തിലുള്ള സ്ത്രീകളെ പരിഹസിക്കുന്ന മെസേജുകൾ ഷെയർ ചെയ്യുന്നത്?
സ്ത്രീകളെ അടിമകളായി കണക്കാക്കുന്ന പുരുഷൻമാരോട് എനിക്ക് സഹതാപമാണ്.എന്നെ സംബന്ധിച്ചിടത്തോളം സ്ത്രീ സഹയാത്രികയാണ്.അവൾ ദൈവമല്ല.ശ്വസിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യജീവി മാത്രം.
അവൾ എനിക്കൊപ്പം നടക്കണം.എൻ്റെ കൈകോർത്തുപിടിച്ച് നടക്കണം.ഒരു ഗ്ലോറിഫിക്കേഷൻ്റെയും ബാദ്ധ്യതയില്ലാതെ…
ഷെല്ലി ആൻ ഫ്രേസറുടെ ഫോട്ടോയാണ് എഴുത്തിനൊപ്പം ചേർത്തിട്ടുള്ളത്.ഈയിടെ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ചരിത്രം സൃഷ്ടിച്ച ജമൈക്കൻ റണ്ണർ.രണ്ട് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മ കൂടിയാണ് ഷെല്ലി എന്ന കാര്യം മനസ്സിലാക്കുക.
ഒരു ഷെല്ലിയാവാൻ എല്ലാ സ്ത്രീകൾക്കും സാധിക്കില്ലായിരിക്കും.പക്ഷേ സ്ത്രീകൾ സർവ്വശക്തിയുമെടുത്ത് ആഞ്ഞടിച്ചാൽ,അതൊരു തിരമാലയോളം വരും.അതിൽ ഒലിച്ചുപോകുന്ന മൺചിറകൾ മാത്രമാണ് എല്ലാ ആണഹങ്കാരങ്ങളും….!
https://www.facebook.com/photo.php?fbid=2464150183822202&set=a.1515859015317995&type=3
Post Your Comments