കോഴിക്കോട്: വീട്ടില്‍ നടന്ന ദുരൂഹമരണങ്ങളുടെ കുരുക്കഴിയ്ക്കാന്‍ റോജോയും പെങ്ങള് രഞ്ജിയും ഇറങ്ങിയപ്പോള്‍ ജോളിയില്‍ നിന്ന് അവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . അപകടം മനസിലാക്കിയ ഇരുവരും തറവാട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നില്ല. എല്ലാവരേയും ഭീതിയിലാഴ്ത്തുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. റോയിയുടെ മരണശേഷം ജോളിയിലേക്ക് സംശയമുന നീണ്ടതോടെ രഞ്ജിയും റോജോയും പലപ്പോഴും കൂടത്തായിയിലെ തറവാടു വീട്ടിലെത്തിയിരുന്നെങ്കിലും ഒരിക്കല്‍പോലും അവിടെനിന്ന് ഭക്ഷണം കഴിക്കാനോ അന്തിയുറങ്ങാനോ കൂട്ടാക്കിയിരുന്നില്ല. ജ്യേഷ്ഠഭാര്യയുടെ പല നടപടികളും ദുരൂഹതയുണര്‍ത്തുന്നതാണെന്ന് കൃത്യമായി മനസ്സിലാക്കിയ ഇരുവരും ഇക്കാര്യം സുഹൃത്തുക്കളായ പലരോടും ചില ബന്ധുക്കളോടും പങ്കുവെച്ചിരുന്നു. അറസ്റ്റിലായ ജോളി, രഞ്ജിയെ വകവരുത്താന്‍ നീക്കം നടത്തിയതായി പൊലീസിനോട് കുറ്റസമ്മതം നടത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് രഞ്ജി കേട്ടത്.
അമേരിക്കയില്‍നിന്ന് മൂന്നുതവണ നാട്ടിലെത്തിയപ്പോഴും റോജോ തിരുവമ്പാടിയിലെ ഭാര്യവീട്ടിലും കോടഞ്ചേരിയിലെ ഹോട്ടലിലും രഞ്ജി താമസിക്കുന്ന എറണാകുളത്തെ വീട്ടിലുമാണ് അന്തിയുറങ്ങിയത്. പലപ്പോഴും തറവാടു വീട്ടിലെത്തിയ രഞ്ജി, ജോളി തളികയില്‍ വെച്ചുനീട്ടിയ പലഹാരങ്ങളോ ശീതളപാനീയങ്ങളോ രുചിച്ചുപോലും നോക്കിയില്ല.
ഭാര്യയും കുട്ടിയും മരണപ്പെട്ട ഷാജുവിനെ ജോളി വിവാഹം ചെയ്തത് ദുരൂഹത വര്‍ധിപ്പിച്ചു. ഇതോടെ ഇരുവരും തമ്മിലുള്ള പ്രണയബന്ധമാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്ന സംശയം ബലപ്പെട്ടു. ഇവരുടെ വിവാഹത്തെ കുടുംബത്തിലെ ചിലര്‍തന്നെ എതിര്‍ത്തിരുന്നു. എങ്കിലും ഷാജുവിനെ കൈവിടാന്‍ ജോളി തയാറായില്ല. ഷാജുവിന്റെ വീട്ടിലേക്ക് ജോളിയെ ബന്ധുക്കള്‍ കയറ്റാത്തതിനാല്‍ ഇരുവരും രണ്ടു വീടുകളിലാണ് താമസിച്ചത്. എല്ലാവരുടെയും മരണ സമയത്ത് സാന്നിധ്യം ഉണ്ടായിരുന്നുവെന്നതാണ് ജോളിയെ സംശയത്തിന്റെ നിഴലിലാക്കിയ മറ്റൊരുകാര്യം. എന്നാല്‍, പലരേയും താനാണ് ആശുപത്രിയില്‍ എത്തിച്ചത് എന്നതിന്റെ തെളിവുകള്‍ സൂചിപ്പിച്ചാണ് ഈ സംശയത്തെ ഇവര്‍ നേരിട്ടത്. ഇതോടെ ഇവര്‍ക്ക് മറ്റുള്ള ചിലരുടെ സഹായം ലഭിക്കുന്നുണ്ടെന്നും പൊലീസിന് വ്യക്തമായി. എല്ലാവരും ഭക്ഷണം കഴിച്ചശേഷമാണ് മരിച്ചത് എന്നതിനാല്‍ വിഷംകൊടുത്താണോ കൊലകള്‍ എന്ന സംശയവും ഉയര്‍ന്നു. എന്നാല്‍, റോയിയുടെ മരണത്തില്‍ മാത്രമേ പോസ്റ്റുമോര്‍ട്ടം നടന്നിട്ടുള്ളൂവെന്നത് അന്വേഷണസംഘത്തിനു വെല്ലുവിളിയായി. ഈ റിപ്പോര്‍ട്ടില്‍ സയനൈഡിന്റെ അംശം ശരീരത്തില്‍ കണ്ടെത്തിയിരുന്നു
Post Your Comments