കേപ് ടൗണ്‍: പാമ്പിനെ പേടിയില്ലാത്തവര്‍ കുറവായിരിക്കും. എവിടെയെങ്കിലും പാമ്പിന്റെ നിഴല്‍വെട്ടം കണ്ടാല്‍ പിന്നെ അലറിക്കരഞ്ഞ് ജീവനും കൊണ്ട് ഓടുകയായിരിക്കും മിക്കവരും ചെയ്യുക. ഫാത്തിമ ദാവൂദ് എന്ന യുവതിയും ഇത് തന്നെയാണ് ചെയ്തത്. സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ഏരിയയിലാണ് സൗത്ത് ആഫ്രിക്കന്‍ സ്വദേശിയായ ഫാത്തിമ പാമ്പിനെ കണ്ടത്. അവര്‍ക്ക് ഉറക്കെ നിലവിളിച്ചു. എന്നാല്‍ തന്റെ മുന്നിലുള്ള വസ്തു പാമ്പ് തന്നെയാണോ എന്ന് ഉറപ്പിക്കുന്നതിന് മുന്‍പാണ് അവര്‍ അലറിക്കരഞ്ഞതെന്ന് മാത്രം.
പക്ഷേ, തന്റെ മുന്നില്‍ കിടക്കുന്നത് എന്താണെന്ന് അറിഞ്ഞപ്പോഴാണ് അവര്‍ ശരിക്കും ഞെട്ടിയത്. ജാള്യതയാല്‍ അവര്‍ക്ക് ആരുടെയും മുഖത്ത് നോക്കാനായില്ല. കാരണം ആരുടെയോ തലയില്‍ നിന്നും അഴിഞ്ഞുവീണ വെപ്പുമുടിയുടെ കഷണമായിരുന്നു അത്. ആകെ നാണക്കേടായെന്ന് മനസിലാക്കിയ ഫാത്തിമ പിന്നീട് ഫേസ്ബുക്കിലൂടെ മാപ്പ് പറയുകയും ചെയ്തു.
തന്റെ വാവിട്ടുള്ള കരച്ചില്‍ കേട്ട് പേടിച്ച പാര്‍ക്കിംഗ് ഏരിയയിലുണ്ടായിരുന്ന വൃദ്ധയോട് മാപ്പു പറഞ്ഞുകൊണ്ടാണ് ഫാത്തിമ ഫേസ്ബുക്ക് കുറിപ്പ് ആരംഭിച്ചത്. ”ഞാന്‍ കരുതിയത് എന്റെ അടുത്തേക്ക് ഒരു പാമ്പ് വരുന്നുവെന്നാണ്” – ഫാത്തിമ പാമ്പെന്ന് തെറ്റിദ്ധരിച്ച വസ്തുവിന്റെ ചിത്രം കൂടി അവര്‍ പങ്കുവെച്ചു. ഒപ്പം ഇങ്ങനെ കുറിക്കുക കൂടി ചെയ്തു.” മറ്റൊരു കാര്യം, നിങ്ങളുടെ വെപ്പുമുടി വീണുപോയിട്ടുണ്ടെങ്കില്‍ അത് പിഎന്‍പി പാര്‍ക്കിംഗിന്റെ ഇടനാഴിയിലുണ്ട്”
നിരവധി പേരാണ് ഫാത്തിമയുടെ പോസ്റ്റിന് താഴെ കളിയാക്കിയും സമാധാനിപ്പിച്ചുമുള്ള കമന്റുകളുമായെത്തിയത്. എനിക്കും അത് പാമ്പായി തന്നെയാണ് തോന്നിയതെന്ന് ഒരാള്‍ കമന്റ് ചെയ്തിട്ടുമുണ്ട്. ആ ചിത്രം കാണുമ്പോഴും പാമ്പായി തന്നെയാണ് തോന്നുന്നതെന്ന്് മറ്റൊരാള്‍ കുറിച്ചു
Post Your Comments