വാഷിങ്ടണ്‍: നമുക്ക് മറ്റൊരാള്‍ ഏതെങ്കിലും തരത്തിലുള്ള ദ്രോഹം ചെയ്താല്‍ നമ്മള്‍ എന്തുചെയ്യും. സാരമില്ല, അറിയാതെ ചെയ്തതല്ലേ എന്നോര്‍ത്ത് ക്ഷമിക്കുമോ? പലര്‍ക്കും അത് സാധിക്കാറില്ല. എങ്ങനെയെങ്കിലും അവനിട്ട് തിരികെയൊരു പണി കൊടുക്കാന്‍ പണിച്ച പണി പതിനെട്ടും പയറ്റുകയും ചെയ്യും. എന്നാല്‍ സ്വന്തം സഹോദരനെ കൊന്ന പോലീസുകാരിയെ കോടതി മുറിയില്‍ വെച്ച് ആലിംഗനം ചെയ്ത യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അമേരിക്കയിലാണ് സംഭവം. അയല്‍ക്കാരനെ വെടിവെച്ച് കൊന്ന പോലീസ് ഓഫീസര്‍ക്ക് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
പോലീസ് ക്രൂരതക്കെതിരെ കോടതിക്ക് പുറത്ത് പ്രതിഷേധക്കാര്‍ ഉച്ചസ്വരത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നപ്പോഴാണ് കോടതി മുറിക്കുള്ളില്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍ അരങ്ങേറിയത്. കറുത്ത വര്‍ഗക്കാരനായ ജീന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ജീനിന്റെ സഹോദരന്‍ ബ്രാണ്ട് വിധി കേള്‍ക്കാന്‍ കോടതിമുറിക്കുള്ളില്‍ എത്തിയിരുന്നു. വിധി കേട്ട ശേഷം ബ്രാണ്ട് പറഞ്ഞതിങ്ങനെയാണ്. ”നിങ്ങള്‍ ജയിലില്‍ പോകണമെന്ന് എനിക്ക് ആഗ്രഹമില്ല. ഒരു വ്യക്തിയെന്ന രീതിയില്‍ എനിക്ക് നിങ്ങളോട് സ്‌നേഹമാണ്. നിങ്ങള്‍ക്ക് ദോഷകരമാകുന്ന ഒന്നും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല, സാധിക്കുമോ എന്നറിയില്ല, എനിക്കവരെ ഒന്ന് ആലിംഗനം ചെയ്യാന്‍ പറ്റുമോ?’. തുടര്‍ന്ന് ആരുടെയും കണ്ണു നിറക്കുന്ന രംഗങ്ങളാണ് കോടതിമുറിക്കുള്ളില്‍ നടന്നത്. രംഗം കണ്ട് ജഡ്ജിയുടെ പോലും കണ്ണുകള്‍ നിറഞ്ഞു.
Post Your Comments