കുറ്റ്യാടി: മഹാവിഷ്ണു ക്ഷേത്രത്തോട് ചേര്‍ന്ന വനത്തിനുള്ളില്‍ കൂട്ടംതെറ്റിപ്പോയ പുള്ളിമാന്‍കുഞ്ഞിനെ പെരുമ്പാമ്പ് പിടികൂടി. മണിക്കൂറുകള്‍ നീണ്ട പെരുമ്പാമ്പിന്റെ പരാക്രമത്തിനൊടുവില്‍ മാന്‍കുഞ്ഞിന് ജീവന്‍ നഷ്ടമായി. മരുതോങ്കരയിലെ ജാനകിക്കാട് ഇക്കോടൂറിസം കേന്ദ്രത്തിനടുത്ത മഹാവിഷ്ണു ക്ഷേത്രത്തോട് ചേര്‍ന്ന വനത്തിനുള്ളില്‍ ബുധനാഴ്ചയാണ് സംഭവം.
ഇക്കോ ടൂറിസം കേന്ദ്രത്തിലെ വനത്തിനുള്ളില്‍നിന്ന് രാവിലെ തീറ്റ തേടി പുറപ്പെട്ടതായിരുന്നു മാന്‍കൂട്ടം. കൂട്ടംതെറ്റി മേയുകയായിരുന്ന കഷ്ടിച്ച് ഒരുവയസ്സുമാത്രം പ്രായമുള്ള പത്തുകിലോയില്‍ താഴെ തൂക്കമുള്ള പെണ്‍ പുള്ളിമാന്‍കുഞ്ഞിനെയാണ് പെരുമ്പാമ്പ് പിടികൂടിയത്. ജീവന്മരണ പോരാട്ടത്തിനിടയില്‍ മാന്‍കുഞ്ഞിന്റെ ദീനരോദനംകേട്ട സമീപവാസികള്‍ കാട്ടിനുള്ളില്‍ കയറി.
മാന്‍കുട്ടിയെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കി പാതിയോളം അകത്താക്കിയ നിലയിലാണ് ആളുകള്‍ കാണുന്നത്. തുടര്‍ന്ന് ബഹളമുണ്ടാക്കിയപ്പോള്‍ പുള്ളിമാന്‍കുട്ടിയെ പുറന്തള്ളിയ ശേഷം പത്തടിയോളം നീളമുള്ള പെരുമ്പാമ്പ് കാട്ടിലേക്ക് ഇഴഞ്ഞുനീങ്ങി. പക്ഷേ മാന്‍കുട്ടി ചത്തു. വനംവകുപ്പ് ജീവനക്കാര്‍ സ്ഥലെത്തത്തി നാട്ടുകാരുടെ സഹായത്തോടെ മാന്‍കുഞ്ഞിന്റെ ജഡം കുഴിച്ചുമൂടി.
Post Your Comments