തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിൽ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾക്കൊപ്പം ശബരിമലയും ഒരു പ്രധാനവിഷയമായി ഉന്നയിക്കുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഒന്നോ രണ്ടോ വിഷയങ്ങളല്ല, ജനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടണം എന്നതാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം. അത്തരം ചർച്ചകളുടെ ഭാഗമായി നടത്തുന്ന പ്രചാരണങ്ങളുടെ ഫലമായി ജനങ്ങൾ നടത്തുന്ന ഒരു വിധിയെഴുത്തായിരിക്കും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്. കുമ്മനം വ്യക്തമാക്കി.
കൃത്യമായ ഒരു മാനിഫെസ്റ്റോയുടെ അടിസ്ഥാനത്തിൽ തന്നെയാണ് ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതെന്നും കുമ്മനം കൂട്ടിച്ചേർത്തു. ആചാരങ്ങൾ പ്രധാനമാണെന്നും തങ്ങളും ആചാരങ്ങൾ അനുസരിച്ച് ശബരിമലയിൽ പോകുന്നവരാണെന്നും ഇടത് നേതാക്കൾ പറയുന്നു. എന്നാൽ ഇപ്പോൾ പറയുന്നത് ജനങ്ങൾ വിശ്വസിക്കില്ല. ശബരിമല വിഷയത്തിൽ ഇടതുമുന്നണി ജനങ്ങളെ ചതിക്കുകയാണ് ചെയ്തത്. മഞ്ചേശ്വരത്തെയും കോന്നിയിലെയും ഇടത് സ്ഥാനാർത്ഥികൾ വിശ്വാസത്തിന്റെ കാര്യത്തിൽ ഇപ്പോൾ എടുത്തിരിക്കുന്ന നിലപാട് പൊള്ളയാണ്. കുമ്മനം പറഞ്ഞു.
ചെന്നിത്തലയ്‌ക്കെതിരെയും കുമ്മനം ആഞ്ഞടിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമലയിൽ നിയമനിർമാണം നടത്തുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന കാപട്യം നിറഞ്ഞതാണ്. ശബരിമല വിഷയത്തിൽ ഒരു പ്രമേയം പോലും ഇതുവരെ കൊണ്ടുവരാൻ തയാറാകാത്ത ചെന്നിത്തല പുറത്ത് വന്ന് ഇങ്ങനെ പറയുന്നത് അയ്യപ്പഭക്തരെ പ്രീണിപ്പിക്കാൻ വേണ്ടിയാണെന്നും കുമ്മനം വ്യക്തമാക്കി.
Post Your Comments