നിതിൻ ഗോപാൽ
സ്വയം ഒരു യോണർ (Genre) ആയിമാറിയ സംഗീതജ്ഞർ ഇന്ത്യൻ സിനിമാരംഗത്ത് അപൂർവത ആണ്. ഒരു രവീന്ദ്രൻ, ഒരു ആർ ഡി ബർമൻ, ഒരു ഇളയരാജ. വേറേ അധികം ഒന്നും കിട്ടില്ല. തങ്ങൾ ചെയ്ത നാനാതരം ഗാനങ്ങളിൽ സ്വന്തം കൈയ്യൊപ്പ് ഇത്രത്തോളം imprint ചെയ്ത സംഗീത സംവിധായകർ വേറേ ഇല്ല. Popularity, longevility എന്നിവ കൂടി ആ ശൈലികൾക്ക് വരുമ്പോൾ ആണല്ലോ അതിനു പൂർണ്ണത ലഭിയ്ക്കുക. ഇൗ മൂന്നുപേരും തങ്ങളുടെ ഇൻഡസ്ട്രികളിൽ most popular & celebrated ആയിരുന്നു.
എന്താണ് രവീന്ദ്രന്റെ സംഗീതം? മനസ്സിലാക്കിയിടത്തോളം ശബ്ദം (Tones) ആണ് അദ്ദേഹത്തിന്റെ ലോകം. കർണ്ണാടക സംഗീതത്തിൽ ആഴത്തിൽ ഉള്ള അറിവ് തന്റെ ഉള്ളിൽ ഉള്ള ശബ്ദത്തെ വരുതിയിൽ നിർത്താൻ അദ്ദേഹത്തിന് കരുത്ത് നൽകി. എന്താണ് സംഗീതം എന്നുകൂടി പറഞ്ഞു പോകേണ്ടി വരും. കേൾക്കാൻ ഇമ്പം ഉള്ള എന്ത് ശബ്ദവും സംഗീതം ആണ്. ഭൂരിഭാഗം ആളുകൾക്കും ഇമ്പം തോന്നുന്ന ശബ്ദം എന്താണ് എന്ന അന്വേഷണം ആണ് ശാസ്ത്രീയ സംഗീതം. മനുഷ്യന്റെ ഓഡിബിൾ റേഞ്ചിൽ ഉള്ള ശബ്ദത്തെ ആദ്യം octaves ആയും അതിനെ 12 ( അല്ലെങ്കിൽ 16) ഫ്രീക്വൻസികളായും തിരിച്ചു ( notes /സ്വരങ്ങൾ), വിവിധ സ്കെയിലിൽ ( ശ്രുതി) വിവിധ ടെമ്പോയിൽ ( കാലം), വിവിധ താളക്രമത്തിൽ ( Rhythm) ഇൗ പറഞ്ഞ സ്വരങ്ങളുടെ വിവിധ combinations ഉണ്ടാക്കുന്നതാണ് ശാസ്ത്രീയ സംഗീതത്തിൽ ചെയ്യുന്നത്. സ്വരങ്ങളുടെ പല കോംബിനേഷനുകളെ ഭാരതീയ സംഗീതത്തിൽ രാഗങ്ങൾ എന്ന് പറയും. ഇതിൽ ചില combinations വളരെ വളരെ ജനപ്രിയം ആയിരിക്കും ( മലയമാരുതം, രേവതി, രീതിഗൗള, ജോഗ് രാഗങ്ങൾ ഒന്ന് എടുത്തു നോക്കാവുന്നതാണ്). രേവതി എന്ന രാഗം എടുത്തു നോക്കിയാൽ പഞ്ചമത്തിന് ശേഷം ധൈവതം ഒഴിവാക്കി കാകളി നിഷാദത്തിലോട്ട് ഒരു ചാട്ടം ആണ് രേവതിയെ മനോഹരം ആക്കുന്നത്. അതുപോലെ ഓരോ രാഗത്തിനും ഉണ്ട് ഓരോ പ്രത്യേകതകൾ.
രവീന്ദ്രന്റെ സംഗീതം ശബ്ദം ആണെന്ന് പറഞ്ഞല്ലോ. ശബ്ദത്തെ ഇവിടെ നമുക്ക് സ്വരങ്ങൾ എന്ന് വിളിക്കാം. രവീന്ദ്രൻ മാസ്റ്ററുടെ മനസ്സിൽ ഇൗ സ്വരങ്ങളുടെ വിവിധ combinations കിടന്ന് കളിക്കുകയാണ് എന്ന് നമുക്ക് മനസ്സിലാക്കാം. ഏതൊക്കെ സ്വരങ്ങൾ അടുപ്പിച്ചു വരുമ്പോൾ ആളുകൾക്ക് ഇഷ്ടപ്പെടും എന്ന് പെട്ടെന്ന് പ്രോസസ്സ് ചെയ്യാനുള്ള അപാരമായ musical intelligence ആണ് അദ്ദേഹത്തിന്റെ ബലം. തന്റെ നിരീക്ഷണങ്ങളിൽ നിന്നും നേടിയെടുത്ത അപാരമായ സൗന്ദര്യ ബോധം കൂടിയാകുമ്പോൾ ആളുകളെ വശീകരിക്കുന്ന മെലഡികൾ പിറക്കുകയായി. സ്വരങ്ങൾ വെച്ച് മൈക്രോ ലെവലിൽ സൃഷ്ടിക്കുന്നതിനാൾ ഇൗ ഈണങ്ങൾക്ക് നാം സാധാരണ കേൾക്കുന്ന ഈണങ്ങളുടെ സഞ്ചാരപഥം ആയിരിക്കില്ല. കീഴ് – മധ്യ – താര സ്ഥായികളിൽ പാട്ട് ഓടിനടക്കും. അതാണ് രവീന്ദ്രൻ മാഷിൻറെ പാട്ടുകളുടെ ഒന്നാമത്തെ വലിയ സവിശേഷത. ഇൗ പിറക്കുന്ന ബേസ് മെലഡിയെ അദ്ദേഹം വീണ്ടും അണിയിച്ചൊരുക്കുന്നു. ഗമകങ്ങളും ബ്രുഗകളും സംഗതികളും ഒക്കെയായി പാട്ടിനെ പ്രവചനാതീതമായ നിലയിൽ ആക്കും. ജനപ്രിയ സംഗീതത്തിന്റെ വാർപ്പ് മാതൃകകളെ അപ്പാടെ റദ്ദ് ചെയ്യുന്ന രീതിയിൽ ആണ് രവീന്ദ്രൻ മാസ്റ്ററുടെ ഗാനങ്ങൾ വന്നിരുന്നത്.
രവീന്ദ്ര ഗാനങ്ങളുടെ വശ്യതയ്ക്ക് വേറൊരു കാരണം അത് വളരെ സ്വീറ്റ് ആയ ഒരു ഭാഗം ആവർത്തിച്ചു നമ്മെ ഒരുതരം ആനന്ദ മൂർച്ചയിൽ എത്തിക്കുന്നു എന്നുള്ളതാണ്. കവിയുടെ – ഗാന – രസാമൃത – ലഹരിയിൽ ഒരു നവ – കനക കിരീടം.. എന്ന ഭാഗം നോക്കൂ ( ഗാനം: പ്രമദവനം). ഒരു രണ്ടക്ഷര മെലഡി അങ്ങനെ തന്നെ repeat ചെയ്ത് നമ്മെ കൊതിപ്പിക്കുന്നു. ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ ഈണങ്ങൾ ( മൂവന്തി താഴ്വരയിൽ), ആകാശക്കടമ്പില്‍ വിരിയുമൊരു നക്ഷത്രക്കുരുന്നുംയമുനയിലേ നീരോളപ്പരപ്പില്‍ തെളിയുമൊരു രാത്തിങ്കള്‍ തിടമ്പും ( ശ്രീലവസന്തം പീലി), കാലത്തും വൈകീട്ടും പൂംപാളത്തേനുണ്ണാൻആ വാഴത്തോട്ടത്തിൽ ( തേനും വയമ്പും) എന്നീ ഭാഗങ്ങൾ റഫർ ചെയ്യാം. ഇത് മിക്ക ഗാനങ്ങളിലും ഉണ്ട്.
മെലഡി പോലെതന്നെ റിച്ച് ആണ് മാഷിന്റെ ഗാനങ്ങളുടെ ഉപകരണ സംഗീതം. മാഷിന്റെ സ്വഭാവവും ഏതാണ്ട് അതുപോലെ തന്നെയാണ് എന്ന് മാഷ് തന്നെ പറഞ്ഞിട്ടുണ്ട്. എല്ലാം ഉത്സവമയം ആണ്. അദ്ദേഹത്തിന്റെ ഭക്ഷണ ശീലങ്ങൾ ഒക്കെ പ്രസിദ്ധമാണ്. അതുപോലെ തന്നെ ദുഃഖം വന്നാൽ അതീവ ദുഃഖിതനും ആകും. അദ്ദേഹത്തിന്റെ പാട്ടുകളിലും നമുക്ക് അത് കാണാം. സന്തോഷം ആണേൽ അങ്ങേ അറ്റം ആഘോഷം. ദുഃഖ ഗാനങ്ങളിൽ ദുഃഖഭാരം തുടിച്ചു നിൽക്കും. മാഷിന്റെ ഗാനമേളകളിൽ നമുക്ക് കാണാം വയലിൻ വായിക്കുന്നവരുടെ ഒക്കെ കഷ്ടപ്പാട്. ഒരു വിശ്രമവും ഉണ്ടാവില്ല. ഗ്രൂപ്പ് വയലിൻ, ഫ്ലൂട്, മൃദംഗം എന്നിവ ആണ് മാഷ് ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്നത്. സിത്താരിന്റെ മാജിക്കുകളും തബലയുടെ അസാധ്യ പ്രകടനങ്ങളും, വിയോള, വൈബ്ര ഫോൺ തുടങ്ങി മാഷ് ഉപയോഗിക്കാത്ത ഉപകരണങ്ങൾ ചുരുക്കം. കൊയർ പോലെ പല ഉപകരണങ്ങൾ പല സ്‌ഥായിയിൽ സമാന്തരമായി ഉപയോഗിക്കുന്നത് വല്ലാത്ത ഒരു ആസ്വാദന തലം ആണ് സമ്മാനിക്കുന്നത് (നീലക്കടമ്പ് എന്ന പുറത്തിറങ്ങാത്ത ചിത്രത്തിലെ ദീപം കൈയ്യിൽ എന്ന ഗാനത്തിന്റെ ഉപകരണ സംഗീതത്തെ പറ്റി ഒരു നീളൻ ലേഖനം തന്നെ എഴുതാൻ ഉണ്ട്). ഓരോ തവണ കേൾക്കുമ്പോഴും പുതുതായി എന്തേലും കണ്ടുപിടിക്കാൻ നമുക്ക് ഇതിൽ കഴിയും ( എ ആർ റഹ്മാൻ ആണ് ഇൗ multi level orchestra യുടെ ഏറ്റവും വലിയ പുലി).
ഇതൊക്കെ ചെയ്ത് വെച്ചാലും പാടി ഫലിപ്പിക്കാൻ പറ്റിയ ഗായകരും വേണമല്ലോ. അക്കാര്യത്തിൽ യേശുദാസിനെയും ചിത്രയെയും മാഷ് ഒരു വിഭവം ആയി തന്നെ കണ്ടു്. പ്രത്യേകിച്ചും യേശുദാസ്. ഈണം ഇടുമ്പോൾ ഏത് തലത്തിലും പാടി ഫലിപ്പിക്കാൻ കഴിവുള്ള യേശുദാസ് ഉണ്ട് എന്ന കാര്യം തനിക്ക് തന്നെ ധൈര്യം എപ്പോഴും മാഷ് തുറന്നു പറഞ്ഞിട്ടും ഉണ്ട്. യേശുദാസിന്റെ ഹൈ റേഞ്ച് തന്റെ മുൻഗാമികൾ ആയ ദേവരാജൻ മാഷും ദക്ഷിണാമൂർത്തി സ്വാമിയും ഒക്കെ ആവോളം ഉപയോഗിച്ചപ്പോൾ രവീന്ദ്രൻ മാഷ് കൂടുതലും ഉപയോഗിച്ചത് അദ്ദേഹത്തിന്റെ മധ്യ – കീഴ് സ്ഥായി ശബ്ദം ആണ്. യേശുദാസിന്റെ ഘനഗംഭീരമായ ബെയ്സ് ശബ്ദം ആളുകളെ അക്ഷരാർത്ഥത്തിൽ കീഴടക്കി കളയുകയായിരുന്നു. യേശുദാസിന് ഏറ്റവുമധികം താര പരിവേഷം നേടിക്കൊടുത്തതും രവീന്ദ്രൻ മാസ്റ്ററുമായി ചേർന്ന കൂട്ടുകെട്ട് ആണ്. അതുപോലെ തന്നെയാണ് ചിത്രയും. തന്റെ റേഞ്ച് എന്താണ് എന്ന് ബോധ്യപ്പെടുത്താൻ രവീന്ദ്രൻ മാസ്റ്റർ ഈണം നൽകിയ പാട്ടുകളിലൂടെ ചിത്രയ്ക്ക് സാധിച്ചു.
വേറെയും ഉണ്ട് രവീന്ദ്ര ഗീതങ്ങളുടെ സവിശേഷതകള്. ഒരേ ഗാനത്തിൽ പല്ലവിയും അനുപല്ലവിയും ചരണവും എല്ലാം വ്യത്യസ്ത ടെമ്പോയിൽ ചെയ്യുക മാഷിന്റെ ആദ്യകാല പരീക്ഷണങ്ങളിൽ ഒന്നായിരുന്നു. പല്ലവി പതിയെ പോയി അനുപല്ലവി ചടുല തലത്തിലേക്ക് മാറുന്നത് മാഷിന്റെ മാത്രം പ്രത്യേകത ആണ്. അരയന്നമേ ആരോമലെ, ഏഴ് സ്വരങ്ങളും, ആദി ദ്രുതപദ താളം, ആനയ്ക്കെടുപ്പത് പൊന്നുണ്ടെ തുടങ്ങി ഒരുപാട് ഗാനങ്ങൾ അങ്ങനെയുണ്ട്. ആലാപ് ചിട്ടപ്പെടുത്തുന്നതിലും മാഷിന് പ്രത്യേക വൈഭവം ഉണ്ട്. പാട്ടുകളിൽ ചിട്ട സ്വരങ്ങൾ ചേർക്കുന്നതിലും അദ്ദേഹം വിദഗ്ധൻ അണ്.
രാഗഭാവങ്ങൾ മനോഹരമായി ഗാനങ്ങളിൽ ഉൾക്കൊള്ളിക്കുന്നതിൽ മാസ്റ്റർക്ക് ഉണ്ടായിരുന്ന കൈയടക്കം വിസ്മയിപ്പിക്കുന്നതാണ്. രാഗങ്ങളേ മോഹങ്ങളെ ( ഹംസധ്വനി), പുഴയോരഴകുള്ള പെണ്ണ് ( വാസന്തി), പ്രമദവനം വീണ്ടും ( ജോഗ്), പത്ത് വെളുപ്പിന് ( ആഭേരി), ഗോപികാവസന്തം ( ഷൺമുഖപ്രിയ), പുലർകാല സുന്ദര ( മലയമാരുതം), യാത്രയായ് വെയ്‌ലോളി ( ചാരുകേശി), അറിവിന് നിലാവേ ( മോഹനം), വലംപിരി ശംഖിൽ ( കല്യാണ വസന്തം), കണ്ടുഞാൻ മിഴികളിൽ ( രീതിഗൗള), അഴകേ നിൻ ( ദർബാരി കാനഡ), ദീപം കൈയ്യിൽ ( ശുദ്ധ സാവേരി), ഒറ്റക്കമ്പി നാദം ( മധ്യമാവതി), ഗോപാംഗനെ ( നാട്ട), എന്തിന് വേറൊരു സൂര്യോദയം ( ശുദ്ധ ധന്യാസി), ആലില മഞ്ചലിൽ ( ആഭോഗീ), കുടജാദ്രിയിൽ ( രേവതി), ആഷാടം പാടുമ്പോൾ ( അമൃത്തവർഷിണി), ഒത്തിരി ഒത്തിരി മോഹങ്ങൾ ( വലചി), തേനും വയമ്പും ( ശിവരഞ്ജനി), ചന്ദനമണിവാതിൽ ( ഹിന്ദോളം) ഒക്കെ രാഗഭാവം തെളിഞ്ഞു നിൽക്കുന്ന ഗാനങ്ങളുടെ ഉദാഹരണങ്ങൾ അണ്. രാഗം ഒളിപ്പിച്ചു വെക്കുന്നതിലും സാധാരണ സഞ്ചാരത്തിൽ നിന്നും മാറ്റി പിടിക്കുന്നതിനും മാസ്റ്റർക്ക് കഴിഞ്ഞിട്ടുണ്ട്. സുന്ദരീ സുന്ദരീ എന്ന ഗാനം ഭക്തി രസം തുളുമ്പി നിൽക്കുന്ന വസന്ത എന്ന രാഗത്തിൽ ആണ്. വികാര നുകയുമായ് എന്ന ഏറ്റവും ദുഃഖം തുളുമ്പുന്ന ഗാനം മംഗള രാഗമായ മധ്യമാവതിയിൽ ആണ്. പുടവ ഞൊറിയും പുഴതൻ എന്ന ഗാനം രീതിഗൗള ആണെന്ന് വിശ്വസിക്കാൻ പ്രയാസം. ഇല്ലിക്കാടും ചെല്ലകാറ്റും ജോഗിന്റെ വേറൊരു ട്രീറ്റ്മെന്റ് ആണ്. മേടമാസ പുലരി വേറാരും ചിന്തിക്കാത്ത ഒരു മോഹനം ആണ്. കാറ്റോടും കന്നിപാടം പന്തുവരാളിയുടെ സാധ്യതകൾ നന്നായി ഉപയോഗിച്ച ഗാനം ആണ്.
സംഗീത സംവിധായകൻ എന്ന നിലയിൽ സിനിമയുടെ സന്ദർഭത്തോട് പരമാവധി ചേർന്ന് നിന്നുകൊണ്ടാണ് അദ്ദേഹം ഇൗ വൈവിധ്യങ്ങൾ ഗാനങ്ങളിൽ നിറച്ചത് എന്നുകൂടി ഓർക്കണം. ആദ്യം ഈണം കൊടുത്ത് വരികൾ എഴുതിക്കുന്നതിലും വരികൾക്ക് ഈണം പകരുന്നതിലും ഒരുപോലെ ശോഭിച്ചിരുന്നു അദ്ദേഹം.
മെലഡി ( വരികളുടെ സംഗീതം), ഹാർമണി ( interstanza ബാക്ക്ഗ്രൗണ്ട് മ്യൂസിക്), ആലാപനം തുടങ്ങി ഒരു പാട്ടിന്റെ പൂർണ്ണതയ്ക്ക് വേണ്ട എല്ലാത്തിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് ഉണ്ടാകും. 1979ൽ തുടങ്ങി 2005ൽ മരിക്കുന്നത് വരെ തീർത്തും വ്യത്യസ്തവും മൗലികവും ജനപ്രിയവുമായ സംഗീതം ആയിരുന്നു അദ്ദേഹം നൽകിയിരുന്നത്. സ്റ്റോക്ക് തീർന്നു എന്ന് ആരേക്കൊണ്ടും പറയിപ്പിക്കാത്ത മുൻനിര സംഗീത സംവിധായകൻ അദ്ദേഹം മാത്രമാണ്.
വല്ലപ്പോഴും ആകര്‍ഷകമായ ഒരു ഈണത്തിന്റെ ഏതാനും പൂക്കള്‍ വിരിയുന്ന ഈ കാലത്ത് ഈണങ്ങളുടെ ഒരു വസന്തം തന്നെ തീര്‍ത്തിരുന്ന മാസ്റ്ററുടെ പ്രസക്തി എത്ര വലുതാണെന്ന് ഓരോ ദിനവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പ്രണാമങ്ങൾ
Post Your Comments