തീവ്രമായ ആഗ്രഹം ഉണ്ടെങ്കിൽ പ്രായത്തിന്റെ പരിമിതികൾ നിഷപ്രഭം ആവും എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ്,ജയശ്രീ എൽ പ്രഭു. കൗമാര പ്രായത്തിൽ കുറച്ചു വർഷം സംഗീതം പഠിച്ചു,എങ്കിലും 23ആം വയസ്സിൽ
കല്യാണം കഴിഞ്ഞു കുടുംബ ജീവിതം തുടങ്ങിയപ്പോൾ മുറിഞ്ഞു പോയ സംഗീതം, പ്രായം അറുപതുകളിൽ എത്തിയപ്പോൾ പുനരാരംഭിച്ചു …ഭർത്താവും റിട്ടയേർഡ് ബാങ്കുദ്യോഗസ്ഥനുമായ , പാട്ട് ജീവശ്വാസമായ ശ്രീ.ലക്ഷ്മണ പ്രഭുവിന്റെയും ,കുടുംബാംഗങ്ങളുടെയും ശക്തമായ പിന്തുണയും കൂടെ ആയപ്പോൾ ,ആഗ്രഹം സഫലം…
രണ്ട് ആൺമക്കളിൽ മൂത്തത്
ബാങ്ക് ഉദ്യോഗസ്ഥനായ ശ്രീനേഷ് എൽ പ്രഭു.
ഗാനരചയിതാവും , സംഗീത സംവിധായകനുമായ ശ്രീനേഷിന്റെ
സാമൂഹിക പശ്ചാത്തലത്തിൽ ഉള്ള ഗാനങ്ങൾ സംഗീത സംവിധായകരായ ബിജിബാൽ, ഔസേപ്പച്ചൻ ,കൈലാസ് മേനോൻ,ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി ,ഉൾപ്പടെ ഉള്ള പ്രശസ്തർ പങ്കുവെച്ചിട്ടുണ്ട്. ഈ അമ്മയുടെം അച്ഛന്റെയും സംഗീതം ആണ് തന്നിലേയ്ക്ക് പകർന്നതും വളർത്തിയതും എന്ന് ശ്രീനേഷ് ,പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്..
അതുകൊണ്ട് അമ്മയുടെ സംഗീത പരിപാടിക്ക് ശ്രീനേഷ് തന്നെയാണ് ഹാർമോണിയം വായിക്കുന്നതും.
ഇളയമകൻ ഗണേഷും ബാങ്കിലാണ്,ഇപ്പോൾ
ഗിറ്റാർ പഠിക്കുന്നുമുണ്ട്.മരുമക്കൾ സ്നേഹാ ശ്രീനേഷും (ബാങ്ക് ഉദ്യോഗസ്ഥ) ,വിദ്യാ ഗണേഷും (ഐ ടി പ്രൊഫഷണൽ) പാട്ടുകാരാണ്, ചില ആൽബങ്ങളിൽ പാടിയിട്ടുമുണ്ട്,കൂടെ വയലിൻ പഠനവും നടക്കുന്നുണ്ട്. ശ്രീനേഷിന്റെയും സ്നേഹയുടെയും മൂത്ത മകൾ ഏഴു വയസ്സ്കാരി സാൻവികയും കുഞ്ഞു പാട്ടുകാരിയാണ്. ഇവർ എല്ലാം ചേർന്നുള്ള
കുടുംബ ഗ്രൂപ്പായ “ആത്രേയ സംഗീത് ” ക്ഷേത്രങ്ങളിൽ സൗജന്യ സേവയായി ,ഭജനയും ,സംഗീത കച്ചേരിയും നടത്താറുണ്ട്.. ആലപ്പുഴ മുല്ലക്കൽ ചിറപ്പിനുള്ള കുടുംബ കച്ചേരിക്കുള്ള തയ്യാറെടുപ്പിൽ ആണ് ജയശ്രീയും കുടുംബവും….ഇവരുടെ സംഗീത ഗുരുവായ ആലപ്പുഴ തിരുവമ്പാടി ശ്രീകുമാർ ആണ് ,കീബോർഡും വയലിനും വായിക്കുന്നത്..മകൻ ആദിത്യൻ ശ്രീകുമാർ പക്കവാദ്യവും,ശ്രീനേഷ് എൽ പ്രഭു ഹാർമോണിയവും വായിക്കുന്നു..
പാട്ട് ഈ കുടുംബത്തിലെ അന്തരീക്ഷത്തിൽ എപ്പോഴുമുണ്ട്..
“എന്റെ അച്ഛൻ രാജേന്ദ്രനാഥ നായിക്ക് കർണ്ണാടക സംഗീതം മാത്രമാണ് സംഗീതം എന്ന് വിശ്വസിച്ചിരുന്നു,അങ്ങനെ എന്നെ പാട്ട് പഠിപ്പിക്കാൻ ചേർത്തു.. ഭർത്താവും ശാസ്ത്രീയ സംഗീതം പഠിക്കാതെ തന്നെ പാടുകയും ആസ്വദിക്കുകയും ചെയ്യുന്ന ആൾ ആണ്..അത് കൊണ്ട് സംഗീതം നിഴലായി കൂടെ ഉണ്ടായിരുന്നു” ജയശ്രീ പറയുന്നു..
“പാട്ട് നല്ല ഔഷധമാണ്..അത് ആത്മീയമായ ലഹരിയാണ് ” എന്ന അഭിപ്രായം ആണ് ,ജയശ്രീക്ക്.. അവനവന്റെ ജോലിയിലും ,പാട്ടിലും വ്യാപൃതരായാൽ മനസ്സ് ശുദ്ധീകരിക്കപ്പെടുമെന്നും ,വീടുകളിൽ ശാന്തി നിലനിൽക്കും എന്നും ഈ അമ്മ അഭിപ്രായപെടുന്നു…
ഈ അറുപ്പത്തിയാറിലും പഠിക്കാൻ കാണിക്കുന്ന ആവേശം ഏവർക്കും മാതൃകാ പരമാണ്…എല്ലാം ‘നരസിംഹമൂർത്തി ‘ തന്നെ കൊണ്ട് ചെയ്യിക്കും എന്ന ഉറച്ച വിശ്വാസവും കൊണ്ട് മുന്നോട്ട് പോവുന്ന അമ്മ,പാട്ട് അനുസ്യൂതം തുടരട്ടെ…
Post Your Comments