Latest NewsKeralaNews

അട്ടപ്പാടിയിൽ പുതിയ ഡാമും 458 കോടിയുടെ ജലസേചന പദ്ധതിയും വരുന്നു

തിരുവനന്തപുരം•അട്ടപ്പാടിയിൽ പുതിയ ഡാം നിർമിക്കാനും വൻകിട ജലസേചന പദ്ധതി നടപ്പിലാക്കാനും ജലസേചന വകുപ്പ് ഒരുങ്ങുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് വൻകിട ജലസേചന പദ്ധതി ജലസേചന വകുപ്പ് തയാറാക്കുന്നത്. ഇത് സംബന്ധിച്ച് 458 കോടിയുടെ വിശദമായ പദ്ധതി രേഖ തയാറായിക്കഴിഞ്ഞു. കഴിഞ്ഞദിവസം ഐഎംജിയിൽ നടന്ന ചടങ്ങിൽ പദ്ധതിരേഖ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കൈമാറി.

അഗളി – ഷോളയാർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള കോൺക്രീറ്റ് അണക്കെട്ടാണ് വിഭാവനം ചെയ്തിട്ടുള്ളത്. 450 മീറ്റർ നീളവും 51.5 മീറ്റർ ഉയരവും ഈ അണക്കെട്ടിനുണ്ടാവും. മുകൾഭാഗത്ത് എട്ട് മീറ്റർ വീതിയുണ്ടാവും. 9.5ഃ7.0 മീറ്റർ വീതമുള്ള അഞ്ച് ഷട്ടറുകളാവും ഡാമിൽ ഉണ്ടാവുക. വലതുകരയിലും ഇടതുകരയിലുംകൂടി 47 കിലോമീറ്റർ ദൂരത്തിൽ കോൺക്രീറ്റ് പൈപ്പിലൂടെ ജലം കർഷകർക്ക് എത്തിക്കും.

ഒരു മീറ്റർ വ്യാസമുള്ള പൈപ്പാണ് ജലവിതരണത്തിന് ഉപയോഗിക്കുന്നത്. അതിനാൽ ജലനഷ്ടം കുറയ്ക്കാൻ കഴിയും. വാർഷിക അറ്റകുറ്റപണിക്കും ഭൂമി ഏറ്റെടുക്കലിനും അധികം പണം ചെലവഴിക്കേണ്ടിവരില്ല എന്ന നേട്ടവുമുണ്ട്. ആദിവാസി മേഖലയിലെ കർഷകർക്കാണ് ഈ പദ്ധതിയുടെ നേട്ടം പ്രധാനമായും ലഭിക്കുന്നത്. ഇതിനൊപ്പം മൈക്രോ ഇറിഗേഷൻ പദ്ധതികൂടി നടപ്പിലാക്കാനും ജലസേചന വകുപ്പ് ലക്ഷ്യം വയ്ക്കുന്നു.

ആകെ 4255 ഹെക്ടർ പ്രദേശത്തെ കൃഷിക്ക് ജലസേചന സൗകര്യം ലഭ്യമാക്കും. കുടിവെള്ള വിതരണ സംവിധാനവും പദ്ധതിയിൽ ഉൾപ്പെടുന്നു. ഏഴ് ദശലക്ഷം ലിറ്റർ ജലമാണ് കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുക. വ്യാവസായിക ആവശ്യത്തിനും ഇവിടെനിന്ന് ജലം നൽകും. വേനൽകാലത്ത് ഡാമിൽനിന്ന് ചുരുങ്ങിയ തോതിൽ വെള്ളം തുറന്ന് വിട്ട് പുഴയിലെ പാരിസ്ഥിതിക സന്തുലനാവസ്ഥ ഉറപ്പാക്കും. കാവേരി നദീജലത്തിൽനിന്നും കേരളത്തിന് ഭവാനിപ്പുഴയിൽ ലഭ്യമാക്കേണ്ട ജലം പൂർണമായും വിനിയോഗിക്കുന്നതാണ് പദ്ധതി. മൂന്ന് മാസത്തെ പ്രയത്നത്തിനൊടുവിലാണ് വിശദമായ പദ്ധതി രേഖ തയാറാക്കിയത്. കേന്ദ്ര ജലവിഭവ കമ്മിഷന്റെ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അതിനാൽ കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകളിൽനിന്നും അനുമതി വേഗത്തിൽ ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പുതിയ പദ്ധതി രേഖ സമയബന്ധിതമായി തയാറാക്കിയ ഉദ്യോഗസ്ഥരെ മന്ത്രി കെ. കൃഷ്ണൻകുട്ടി അഭിനനന്ദിച്ചു. കർഷകർക്ക് പ്രയോജനകരമായ കൂടുതൽ പദ്ധതികൾ ഉണ്ടാവുകയും അവ സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button