ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയതോടെയാണ് ജലനിരപ്പ് ഉയർന്നിരിക്കുന്നത്. നിലവിൽ, ഡാമിലെ ജലനിരപ്പ് 139.90 അടിയിലെത്തി. നീരൊഴുക്ക് കൂടിയതിന് പുറമേ, തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതും ജലനിരപ്പ് ഉയരാൻ കാരണമായി. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ, 4 മണിക്കൂർ കൊണ്ട് ജലനിരപ്പ് 140 അടിയിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ.
അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തും, തമിഴ്നാട്ടിലും കനത്ത മഴ പെയ്തതിനാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ തമിഴ്നാട് തീരുമാനിച്ചിരുന്നു. എന്നാൽ, മഴയുടെ തോത് നേരിയ തോതിൽ കുറഞ്ഞതോടെ അണക്കെട്ട് തുറക്കാനുള്ള തീരുമാനം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 142 അടിയാണ്. ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യം ഉണ്ടായാൽ അത് അണക്കെട്ടിന്റെ നിലനിൽപ്പിനെ ബാധിക്കാൻ സാധ്യതയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം കൂടിയ അണക്കെട്ടുകളിൽ ഒന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്.
Also Read: അവകാശികളില്ലാതെ ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് കോടികൾ! ആർബിഐയുടെ ഞെട്ടിക്കുന്ന കണക്കുകൾ ഇതാ
Post Your Comments