കൊല്ലം : കൊല്ലം നഗരത്തില്‍ നടന്ന തോക്കു ചൂണ്ടി കവര്‍ച്ചയുമായി ബന്ധപ്പെട്ട് സംശയാസ്പദമായി മൂന്നു സംഘങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍. വിശദമായി ചോദ്യം ചെയ്യല്‍ നടക്കുന്നുണ്ടെങ്കിലും ഇവര്‍ തന്നെയാണു പ്രതികളെന്നു പൊലീസ് ഉറപ്പിച്ചിട്ടില്ല. ഇവരില്‍ ഒരു സംഘം രാജസ്ഥാന്‍ സ്വദേശികളാണ്. നാളുകളായി ഇവിടെ കഴിയുന്ന ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ചായിരുന്നു സംഭവത്തിനു ശേഷം പൊലീസിന്റെ അന്വേഷണം. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ലഭിച്ച ചില തെളിവുകള്‍ അടിസ്ഥാനമാക്കിയാണു മൂന്നു സംഘങ്ങളെ പൊലീസ് വലയിലാക്കിയത്.
ആഴ്ചകളായി ഇവിടെ തങ്ങി സ്ഥലങ്ങളും റോഡുകളുമൊക്കെ പരിചയപ്പെട്ട ശേഷമാകാം മാലപൊട്ടിക്കല്‍ ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കവര്‍ച്ച സംഘം കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. സിറ്റി, റൂറല്‍ പരിധികളിലായി ഇക്കഴിഞ്ഞ 28നു രാവിലെ 9നു കുഴിമതിക്കാട് മുതല്‍ 12.35നു പട്ടത്താനത്തു വരെ ജില്ലയില്‍ ആറിടത്താണു ബൈക്കിലെത്തിയ സംഘം തോക്കു ചൂണ്ടി വീട്ടമ്മമാരുടെ മാല കവര്‍ന്നത്.
ആറിടത്തു നിന്നായി ആകെ 15.5 പവന്റെ സ്വര്‍ണാഭരണങ്ങളാണു നഷ്ടമായത്. ബൈക്ക് തട്ടിയെടുക്കാന്‍ കുണ്ടറ റെയില്‍വേ സ്റ്റേഷന്‍ തിരഞ്ഞെടുത്തതു പോലും വ്യക്തമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നും പൊലീസ് കരുതുന്നു. ഇവര്‍ ഇനിയും ജില്ല വിട്ടു പോയിട്ടില്ലെന്നാണു നിഗമനം. പ്രതികള്‍ക്കായുള്ള ലുക്കൗട്ട് നോട്ടിസ് റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ പതിച്ചിട്ടുണ്ട്.
ഒപ്പം ഇവിടങ്ങളിലെല്ലാം ഷാഡോ പൊലീസിന്റെ നിരീക്ഷണവുമുണ്ട്. സിസി ടിവി ക്യാമറ ദൃശ്യങ്ങളില്‍ നിന്നു ലഭിച്ച ഇവരുടെ ദൃശ്യങ്ങള്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കു കൈമാറിയിട്ടുണ്ട്. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലെ പട്ടികയിലുള്ള പതിവു മാല മോഷ്ടാക്കളല്ല കവര്‍ച്ചയ്ക്കു പിന്നിലെന്ന് അന്നു തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു.
Post Your Comments