ന്യൂഡൽഹി ∙ ചികിത്സ നിഷേധിച്ചും ഗുണഭോക്താവിൽ നിന്നു പണം ഈടാക്കിയും സർക്കാരിന്റെ ഏറ്റവും വലിയ ജനകീയാരോഗ്യ പദ്ധതിക്കു ചീത്തപ്പേരുണ്ടാക്കിയ 111 ആശുപത്രികളെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ നിന്നു പുറത്താക്കി.ഗുണഭോക്താക്കൾ നൽകിയ പരാതിയിൽ ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയെ തുടർന്നാണു നടപടി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ആശുപത്രികൾ പുറത്തായത്– 59. ജാർഖണ്ഡ് (21), ഉത്തരാഖണ്ഡ് (12) തമിഴ്നാട് (10) എന്നിവിടങ്ങളിലും പത്തിലേറെ ആശുപത്രികൾ നോട്ടപ്പുള്ളികളായി.
പദ്ധതിയുടെ ഭാഗമായ 18,073 ആശുപത്രികളിൽ 1,200 എണ്ണത്തിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്നു തെളിഞ്ഞു.376 ആശുപത്രികൾക്കെതിരെ അന്വേഷണം നടക്കുകയാണ്. 6 ആശുപത്രികൾക്കെതിരെ ക്രിമിനൽ നടപടിയും തുടങ്ങി. ഇതുവരെ 1.5കോടി രൂപയാണ് പിഴയായി ഈടാക്കിയത്. അഴിമതിക്കാരെ പേരു പറഞ്ഞ് നാണംകെടുത്തുകയെന്ന നയത്തിന്റെ ഭാഗമാണിതെന്നു വ്യക്തമാക്കിയ ആരോഗ്യമന്ത്രാലയം ആശുപത്രികളുടെ പേര് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പദ്ധതിയുടെ ഭാഗമായ കേരളത്തിലെ 368 ആശുപത്രികൾ നിലവിൽ സർക്കാരിന്റെ ‘ഗുഡ് ബുക്കി’ലാണ്.
55.91 ലക്ഷം പേരാണ് കേരളത്തിൽ പദ്ധതിയിൽ ചേർന്നത്.സൽപേരുണ്ടാക്കിയ ആശുപത്രികളുടെ പേരും ഇനി പ്രസിദ്ധീകരിക്കും. പദ്ധതിയോടു മികച്ച രീതിയിൽ സഹകരിക്കുന്ന ആശുപത്രികളെ റാങ്ക് നടത്തിയാവും ‘നെയിം ആൻഡ് ഫെയിം’ (സൽപേരുണ്ടാക്കിയവർ) വിഭാഗത്തിൽ ഉൾപ്പെടുത്തുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ അറിയിച്ചു.
Post Your Comments