തിരുവനന്തപുരം: ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കുന്നതിൽ കേരളം സഹകരിക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ ആരോപണം തെറ്റാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പദ്ധതിയിൽ കേരളം അംഗമാണെന്നും ഇതിന്‍റെ ആദ്യ ഗഡു കേരളത്തിന് കിട്ടിയെന്നും മന്ത്രി പറഞ്ഞു.
എന്തുകൊണ്ടാണ് പ്രധാനമന്ത്രി അങ്ങനെ പറഞ്ഞതെന്നറിയില്ല. കേരളം പദ്ധതിയിൽ ഒപ്പിട്ടതാണ്. ആദ്യ ഗഡു എന്ന നിലയിൽ 25 കോടി രൂപ കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും കേരളത്തിൽ നിലവിലുള്ള ആരോഗ്യ സുരക്ഷ പദ്ധതിയുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്താതെ കേന്ദ്ര പദ്ധതിയിൽ സഹകരിക്കാനാണ് കേരളം ആഗ്രഹിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിവർഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം ബിപിഎൽ പരിധിയിലുള്ളവർക്ക് ഉറപ്പാക്കുന്ന പദ്ധതി കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നും, സംസ്ഥാനസർക്കാർ ഇതുവരെ ഈ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായിട്ടില്ലെന്നുമായിരുന്നു ഇന്ന് പ്രധാനമന്ത്രി തൃശ്ശൂരിൽ പറഞ്ഞത്.
Post Your Comments