Latest NewsKerala

കേന്ദ്ര ബജറ്റ്: കാരുണ്യ സാര്‍വ്വത്രിക ആരോഗ്യ സുരക്ഷയ്ക്ക് പേര് മാത്രമാണ് കണ്ടുപിടിച്ചതെന്ന് തോമസ് ഐസക്ക്

കേരളത്തില്‍ 18.5 ലക്ഷം പേരില്‍ ഈ ആരോഗ്യ പരിപാടി ചുരുക്കാനല്ല തീരുമാനം

തിരുവനന്തപുരം: എല്ലാവിധ ഫെഡറല്‍ മര്യാദകളെയും ലംഘിച്ചുകൊണ്ടുള്ള കോമാളിക്കളിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തുന്നതെന്ന ആരോപണവുമായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിച്ച പുതിയ പദ്ധതിയായ ”കാരുണ്യ സാര്‍വ്വത്രിക ആരോഗ്യ സുരക്ഷ പദ്ധതി”യ്ക്ക് പേര് മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ പദ്ധതി നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാറിനെ അറിയിക്കാതെ സ്പീഡ് പോസ്റ്റില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് കത്തുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അവരെ ആയുഷ്മാന്‍ ഭാരത് സേവന ആനുകൂല്യങ്ങള്‍ക്കുള്ള അവകാശികളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്തയാണ് കത്തിലുള്ളത്. ഇതിലൂടെ എല്ലാവിധ ഫെഡറല്‍ മര്യാദകളെയും ലംഘിച്ചുകൊണ്ടുള്ള കോമാളിക്കളിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഏപ്രില്‍ മാസം മുതല്‍ കേരളത്തില്‍ ഈ സ്‌കീം നടപ്പാക്കുന്നതിനുള്ള ധാരണാപത്രമാണ് ഒപ്പുവച്ചിരിക്കുന്നത്. അത് എങ്ങനെയാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിട്ടേയുള്ളൂ. പുതിയ സ്‌കീമിന്റെ പേര് ”കാരുണ്യ സാര്‍വ്വത്രിക ആരോഗ്യ സുരക്ഷ പദ്ധതി” എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഘടന, ആനുകൂല്യത്തിന്റെ വലുപ്പം എന്നിവ സംബന്ധിച്ച് ഇപ്പോള്‍ വിളിച്ചിരിക്കുന്ന ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാലേ തീരുമാനമാകൂ. എത്ര ലക്ഷം രൂപവരെയാണ് ഇന്‍ഷ്വറന്‍സ് കമ്പനി നേരിട്ട് നല്‍കുക? ഇതിനുപുറമേ അഞ്ച് ലക്ഷം രൂപ വരെ ഏതെല്ലാം രോഗങ്ങള്‍ക്കാണ് സര്‍ക്കാര്‍ നേരിട്ട് ആശുപത്രിക്ക് പണം നല്‍കുന്നത്? ഇക്കാര്യങ്ങളെല്ലാം സംബന്ധിച്ച് തീരുമാനം എടുത്തു കഴിഞ്ഞിട്ടില്ല. അതിലുപരി സ്വകാര്യ ആശുപത്രികളില്‍ ഏതെല്ലാം ആശുപത്രികളെയാണ് ഈ സ്‌കീമില്‍ അക്രെഡിറ്റേഷന്‍ നല്‍കുക എന്നതും തീരുമാനിച്ചിട്ടില്ല. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ സേവനങ്ങള്‍ നല്‍കാന്‍ തയ്യാറാകുന്ന ആശുപത്രികളെ മാത്രമേ ഉള്‍പ്പെടുത്തൂ. ഇതൊക്കെ തീരുമാനിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് കേന്ദ്രസര്‍ക്കാരിന്റെ കത്ത് വീടുകളില്‍ എത്തിക്കൊണ്ടിരിക്കുന്നത്.

ഇന്‍ഷ്വറന്‍സ് കമ്പനികളോട് ഒരു ലക്ഷം രൂപയ്ക്കും രണ്ട് ലക്ഷം രൂപയ്ക്കുമുള്ള ഇന്‍ഷ്വറന്‍സ് ക്വാട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ പറയുന്ന തുക കൂടി പരിഗണിച്ചിട്ടായിരിക്കും ഇതു സംബന്ധിച്ച തീരുമാനം എടുക്കുക. കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നതിന് പരമാവധി 1000 കോടി രൂപ ചെലവാക്കാം എന്നാണ് ബജറ്റില്‍ പറഞ്ഞിട്ടുള്ളത്. ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം 120 കോടി രൂപയില്‍ താഴെയായിരിക്കും. ചെലവ് എല്ലാം സംസ്ഥാനത്തിനും ക്രെഡിറ്റ് എല്ലാം കേന്ദ്രത്തിനും ഇതു നടക്കാന്‍ പോകുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരത്തെ ജനങ്ങളുടെ മുന്നില്‍ തുറന്നു കാണിക്കുകതന്നെ ചെയ്യുമെന്നും മന്ത്രി ഐസക്ക് പറഞ്ഞു.

മന്ത്രി തോസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എല്ലാവിധ ഫെഡറല്‍ മര്യാദകളെയും ലംഘിച്ചുകൊണ്ടുള്ള കോമാളിക്കളിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തുന്നത്. നാട്ടില്‍ എല്ലായിടത്തും സ്പീഡ് പോസ്റ്റില്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് കത്തുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അവരെ ആയുഷ്മാന്‍ ഭാരത് സേവന ആനുകൂല്യങ്ങള്‍ക്കുള്ള അവകാശികളായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന വാര്‍ത്തയാണ് കത്തിലുള്ളത്. അഞ്ച് ലക്ഷം രൂപയുടെ വരെ ആരോഗ്യ പരിരക്ഷ അവര്‍ക്ക് ഉറപ്പു നല്‍കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ തലയ്ക്ക് മുകളിലൂടെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത് നേരിട്ട് അറിയിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് സ്‌കീം നടപ്പാക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ആ തീരുമാനങ്ങള്‍ എടുത്തുകൊണ്ടിരിക്കുകയാണ്. അതിനുപോലും കാത്തുനില്‍ക്കാന്‍ തയ്യാറല്ല. ക്രെഡിറ്റ് തങ്ങള്‍ക്കു തന്നെ വേണം. അതുകൊണ്ട് അഡ്വാന്‍സായി കാര്‍ഡ് അയച്ചുകൊണ്ടിരിക്കുകയാണ്. എന്തൊരു അല്‍പ്പത്തരമാണിത്.

ഏപ്രില്‍ മാസം മുതല്‍ കേരളത്തില്‍ ഈ സ്‌കീം നടപ്പാക്കുന്നതിനുള്ള ധാരണാപത്രമാണ് ഒപ്പുവച്ചിരിക്കുന്നത്. അത് എങ്ങനെയാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിട്ടേയുള്ളൂ. പുതിയ സ്‌കീമിന്റെ പേര് ”കാരുണ്യ സാര്‍വ്വത്രിക ആരോഗ്യ സുരക്ഷ പദ്ധതി” എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഘടന, ആനുകൂല്യത്തിന്റെ വലുപ്പം എന്നിവ സംബന്ധിച്ച് ഇപ്പോള്‍ വിളിച്ചിരിക്കുന്ന ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാലേ തീരുമാനമാകൂ. എത്ര ലക്ഷം രൂപവരെയാണ് ഇന്‍ഷ്വറന്‍സ് കമ്പനി നേരിട്ട് നല്‍കുക? ഇതിനുപുറമേ അഞ്ച് ലക്ഷം രൂപ വരെ ഏതെല്ലാം രോഗങ്ങള്‍ക്കാണ് സര്‍ക്കാര്‍ നേരിട്ട് ആശുപത്രിക്ക് പണം നല്‍കുന്നത്? ഇക്കാര്യങ്ങളെല്ലാം സംബന്ധിച്ച് തീരുമാനം എടുത്തു കഴിഞ്ഞിട്ടില്ല. അതിലുപരി സ്വകാര്യ ആശുപത്രികളില്‍ ഏതെല്ലാം ആശുപത്രികളെയാണ് ഈ സ്‌കീമില്‍ അക്രെഡിറ്റേഷന്‍ നല്‍കുക എന്നതും തീരുമാനിച്ചിട്ടില്ല. സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കില്‍ സേവനങ്ങള്‍ നല്‍കാന്‍ തയ്യാറാകുന്ന ആശുപത്രികളെ മാത്രമേ ഉള്‍പ്പെടുത്തൂ. ഇതൊക്കെ തീരുമാനിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് കേന്ദ്രസര്‍ക്കാരിന്റെ കത്ത് വീടുകളില്‍ എത്തിക്കൊണ്ടിരിക്കുന്നത്.

കത്തില്‍ ഒരു മുന്നറിയിപ്പുമുണ്ട്. ”ഈ കത്ത് മാത്രമായി അര്‍ഹതയ്ക്കുള്ള സാക്ഷ്യപത്രമാകുന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന വേളയില്‍ ഈ കാര്‍ഡിന് പുറമേ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ആര്‍എസ്ബിവൈ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം നിങ്ങള്‍ ഹാജരാക്കണം”.ആര്‍എസ്ബിവൈയില്‍ അംഗങ്ങളായി 42 ലക്ഷം പേര്‍ കേരളത്തിലുണ്ട്. അതില്‍ 18.5 ലക്ഷം പേര്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്ത് കത്ത് അയക്കുന്നത്. സോഷ്യോ ഇക്കണോമിക് സെന്‍സസ് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണത്രെ ഇവരെ തെരഞ്ഞെടുക്കുന്നത്. ആര് എങ്ങനെ തെരഞ്ഞെടുത്തു എന്നൊന്നും ചോദിക്കരുത്. ഇതുപോലൊരു പ്രഹസനം എന്തിനു വേണ്ടി?

കത്ത് ഒന്നിന് അച്ചടിയും തപാലുമടക്കം 43 രൂപയിലേറെ ചെലവു വരും. ഈ പണവുംകൂടി പദ്ധതി നടത്തിപ്പിന് ചെലവഴിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ആളൊന്നിന് ഇന്‍ഷ്വറന്‍സിന് 1100 രൂപയേ പരമാവധി ആയുഷ്മാന്‍ ഭാരതില്‍ നിന്നും ലഭിക്കൂ. 660 രൂപയാണ് കേന്ദ്രത്തില്‍ നിന്നും ലഭിക്കുക. ബാക്കി സംസ്ഥാനം വഹിക്കണം. 5 ലക്ഷം രൂപ ആനുകൂല്യമുള്ള ഒരു ഇന്‍ഷ്വറന്‍സ് പരിപാടിക്ക് ചുരുങ്ങിയത് 8000 രൂപയെങ്കിലും പ്രീമിയം കൊടുക്കേണ്ടി വരും. ബാക്കി മുഴുവന്‍ തുകയും സംസ്ഥാനം വഹിക്കണം. അങ്ങനെ 660 രൂപ തരുന്നുണ്ടെന്നു പറഞ്ഞ് 8000 രൂപയുടെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ കത്തയപ്പ് വെപ്രാളം മുഴുവന്‍.

കേരളത്തില്‍ 18.5 ലക്ഷം പേരില്‍ ഈ ആരോഗ്യ പരിപാടി ചുരുക്കാനല്ല തീരുമാനം. ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞതുപോലെ ഇപ്പോള്‍ ആര്‍എസ്ബിവൈയില്‍ അംഗങ്ങളായിട്ടുള്ള 42 ലക്ഷം കുടുംബങ്ങള്‍ക്കെങ്കിലും പുതിയ പദ്ധതിയില്‍ അര്‍ഹതയുണ്ടാകും. വേറെ ആരോഗ്യ ഇന്‍ഷ്വറന്‍സുള്ള ജീവനക്കാരെയും പെന്‍ഷന്‍കാരെയും പോലുള്ള വിഭാഗക്കാരെ മാറ്റി നിര്‍ത്തിയാല്‍ പിന്നെയും ബാക്കി വരുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്ക് സ്വന്തം കൈയില്‍ നിന്നും പ്രീമിയം അടച്ച് ഈ പദ്ധതിയില്‍ അംഗത്വം എടുക്കുകയും ചെയ്യാം. അങ്ങനെ കേരളത്തിലെ മുഴുവന്‍ കുടുംബങ്ങളെയും ഉള്‍ക്കൊള്ളിക്കുന്ന സാര്‍വ്വത്രിക ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും 5 ലക്ഷം രൂപയ്ക്ക് നേരിട്ട് ഇന്‍ഷ്വറന്‍സ് പദ്ധതി ആയുഷ്മാന്‍ ഭാരതില്‍ ഇല്ല. കേന്ദ്രസര്‍ക്കാരിനും അങ്ങനെ വാശിയില്ല. അതുകൊണ്ടാണല്ലോ കേന്ദ്രസര്‍ക്കാരിന്റെ പ്രീമിയം 660 രൂപയായി നിജപ്പെടുത്തിയിട്ടുള്ളത്. ഒന്നോ രണ്ടോ ലക്ഷം രൂപയ്ക്ക് ഇന്‍ഷ്വറന്‍സ് കമ്പനിയും ബാക്കി സര്‍ക്കാര്‍ നേരിട്ട് ആശുപത്രികള്‍ക്ക് പണം നല്‍കുന്ന സമ്പ്രദായവുമാണ് എല്ലാ സംസ്ഥാനങ്ങളും പിന്തുടരുന്നത്. കേരളവും ഇതേ മാതൃകയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്.

ഇന്‍ഷ്വറന്‍സ് കമ്പനികളോട് ഒരു ലക്ഷം രൂപയ്ക്കും രണ്ട് ലക്ഷം രൂപയ്ക്കുമുള്ള ഇന്‍ഷ്വറന്‍സ് ക്വാട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ പറയുന്ന തുക കൂടി പരിഗണിച്ചിട്ടായിരിക്കും ഇതു സംബന്ധിച്ച തീരുമാനം എടുക്കുക. കേരളത്തില്‍ പദ്ധതി നടപ്പാക്കുന്നതിന് പരമാവധി 1000 കോടി രൂപ ചെലവാക്കാം എന്നാണ് ബജറ്റില്‍ പറഞ്ഞിട്ടുള്ളത്. ഇതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം 120 കോടി രൂപയില്‍ താഴെയായിരിക്കും. ചെലവ് എല്ലാം സംസ്ഥാനത്തിനും ക്രെഡിറ്റ് എല്ലാം കേന്ദ്രത്തിനും ഇതു നടക്കാന്‍ പോകുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരത്തെ ജനങ്ങളുടെ മുന്നില്‍ തുറന്നു കാണിക്കുകതന്നെ ചെയ്യും.

https://www.facebook.com/thomasisaaq/photos/a.210357065647109/2556169394399186/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button