അഞ്ചൽ: നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചുകടന്ന മാതാവിനെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്. സംഭവത്തിന് ശേഷം ഓട്ടോയില്‍ കടന്നുകളഞ്ഞ യുവതിയെ പരിസരത്തെ നിരീക്ഷണ ക്യാമറകളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മേവറം – അയത്തില്‍ ബൈപാസ് റോഡില്‍ നിന്നും ശ്രീനാരായണ പബ്ലിക് സ്‌കൂളിലേക്കുള്ള വഴിയിലായിരുന്നു സംഭവം. വഴിയാത്രക്കാരാണ് സമീപത്തെ ആക്രികടയ്ക്ക് സമീപം കുഞ്ഞിനെ ടവ്വലില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
ഹൈവേ പോലീസും പിങ്ക് പോലീസും സ്ഥലത്തെത്തി കുഞ്ഞിനെ പാലത്തറയിലുള്ള എന്‍.എസ്.സഹകരണ ആശുപത്രിയില്‍ എത്തിച്ചു. തുടർന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചയാളെ തിരക്കിയിറങ്ങിയത്. സംഭവം നടക്കുന്നതിന് മിനിട്ടുകള്‍ക്ക് മുൻപ് ഒരു യുവതി ഇവിടെയുള്ള ആട്ടോസ്റ്റാന്‍ഡില്‍ നിന്നും ആട്ടോ വിളിച്ചു പോയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആട്ടോ ഡ്രൈവറും നാട്ടുകാരും പോലീസും നടത്തിയ തെരച്ചിലില്‍ അയത്തില്‍ ബൈപാസ് ജംഗ്ഷനില്‍ നിന്നും യുവതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു. അഞ്ചല്‍ വയലാ സ്വദേശിയായ യുവതി ഇക്കഴിഞ്ഞ 25നാണ് തൃശൂരിലെ ഒരു ആശുപത്രിയില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചതെന്നാണ് മൊഴി നൽകിയിരിക്കുന്നത്. യുവതിയുടെ സുഹൃത്തായ അനിയന്‍ ബാവാ എന്നു വിളിക്കുന്ന സുനിയുടെ നിര്‍ദേശപ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും ഇവർ പോലീസിനോട് പറഞ്ഞു. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു.
Post Your Comments