ആഗോള താപനിലയില്‍ വന്‍ വ്യതിയാനം. ഭൂമിയ്ക്ക് പുറത്തും ഉള്ളിലും കത്തുന്ന ചൂട്. 1880 മുതല്‍ ഇന്നു വരെയുള്ളതില്‍ വച്ച് ഏറ്റവും കഠിനമായ വേനല്‍ക്കാലമാണ് ഇക്കുറി കടന്നു പോയത്. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ നീണ്ടു നിന്ന ഉത്തരാര്‍ധഗോളത്തിലെ ഈ വേനല്‍ക്കാലം ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയതായിരുന്നുവെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയുടെ ദേശീയ കാലാവസ്ഥാ ഏജന്‍സിയായ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷനാണ് വേനല്‍ക്കാലത്തെ താപനിലയെ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തു വിട്ടത്.
ആയിരക്കണക്കിനു തെര്‍മോമീറ്ററുകള്‍ ഉപയോഗിച്ചും സെന്‍സറുകളുടെ സഹായത്തോടെയുമാണ് ഭൗമോപരിതലത്തിലെ താപനിലയുടെ ശരാശരി NOAA കണക്കാക്കിയത്. ഇതുവരെ ഒന്നാം സ്ഥാനത്തായിരുന്ന 2016 ലെ താപനിലയ്ക്കു തുല്യമാണ് ഇക്കുറി ഉത്തരാര്‍ധ ഗോളത്തില്‍രേഖപ്പെടുത്തിയ താപനിലയെന്ന് ഇതിലൂടെ വ്യക്തമായി. ഇരുപതാം നൂറ്റാണ്ടിന്റെ ശരാശരിയേക്കാള്‍ ഏതാണ്ട് 2.03 ഡിഗ്രി സെല്‍ഷ്യസ് അധികമാണ് ഈ വര്‍ഷത്തെ ഉത്തരാര്‍ധത്തിലെ വേനല്‍ക്കാല താപനില.
കൂടാതെ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ ഓഗസ്റ്റും രേഖപ്പെടുത്തിയത് ഇക്കുറിയാണ്. ഇവിടെയും ഒന്നാം സ്ഥാനത്ത് രൂക്ഷമായ എല്‍നിനോ പ്രതിഭാസം നേരിട്ട 2016 ആണ്. 2016 നെ അപേക്ഷിച്ച് 2019 ല്‍ എല്‍നിനോ പോലെ താപനില വര്‍ധിപ്പിക്കുന്ന ബാഹ്യഘടകങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അസാധാരണമായ അന്തരീക്ഷ താപനിലയാണ് ഈ വര്‍ഷം ഇതുവരെ അനുഭവപ്പെട്ടതെന്ന് നാസയും NOAA യും ഒരേ സ്വരത്തില്‍ പറയുന്നു.
ധ്രുവപ്രദേശങ്ങളില്‍ പോലും ഭൂമധ്യരേഖാ മേഖലയ്ക്ക് സമാനമായ താപനില ചില ദിവസങ്ങളിലെങ്കിലും അനുഭവപ്പെട്ടു എന്നതാണ് മറ്റൊരു ആശങ്കാജനകമായ കാര്യം. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രത്യക്ഷപ്പെട്ട വളരെ ദുര്‍ബലമായ എല്‍നിനോയാകാം ഇതിനു കാരണമെന്ന് കരുതിയിരുന്നുവെങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍ ഈ കണ്ടെത്തലും പൂര്‍ണമായി തള്ളിക്കളയുന്നു. സൂര്യതാപവും ഹരിതഗൃഹവാതകങ്ങളും ചേര്‍ന്നു സൃഷ്ടിച്ച ചൂട് തന്നെയാണ് ഇക്കുറിയുണ്ടായ താപനിലയിലുണ്ടായ വര്‍ധനവിനു കാരണമെന്ന് NOAA റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Post Your Comments