വെല്ലൂര്‍: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരന്‍ പരോള്‍ കഴിഞ്ഞ് വീണ്ടും ജയിലിലേക്ക്. അമ്പത്തൊന്ന് ദിവസത്തെ പരോള്‍ കാലാവധി അവസാനിച്ചതോടെയാണ് നളിനിയെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചത്. മകള്‍ അരിത്രയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിതിനായി കഴിഞ്ഞ ജൂലൈ 5നാണ് മദ്രാസ് ഹൈക്കോടതി നളിനിക്ക് പരോള്‍ അനുവദിച്ചത്. ഓഗസ്റ്റില്‍ ഈ പരോള്‍ കാലാവധി കഴിഞ്ഞിരുന്നെങ്കിലും മദ്രാസ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു.
അതേസമയം, രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഏഴ് പ്രതികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നളിനി നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. പ്രതികളെ മോചനം ആവശ്യപ്പെട്ട് നേരത്തേ തമിഴ്‌നാട് സര്‍ക്കാരും ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഈ ശുപാര്‍ശയുടെ തല്‍സ്ഥിതി തേടാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ഹര്‍ജിയില്‍ നളിനി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ശുപാര്‍ശയില്‍ തീരുമാനം കൈകൊള്ളാന്‍ ഗവര്‍ണറോട് നിര്‍ദ്ദേശിക്കാനാകില്ലെന്ന വസ്തുത തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.
1991 മേയ് 21-ന് നടന്ന ചാവേര്‍ സ്‌ഫോടനത്തിലാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളിലൊരാളാണ് നളിനി. ഇരുപത്തിയേഴ് വര്‍ഷത്തിനിടെ 2016 ല്‍ പിതാവിന്റെ മരണാനന്തര ചടങ്ങിന് വേണ്ടി ഒരു ദിവസം മാത്രമാണ് നളിനി ജയിലിന് പുറത്തിറങ്ങിയിരുന്നത്. 2000ല്‍ സോണിയാഗാന്ധിയുടെ അപേക്ഷ പ്രകാരമാണ് നളിനിയുടെ വധശിക്ഷ തമിഴ്‌നാട് സര്‍ക്കാര്‍ ജീവപര്യന്തമായി കുറച്ചത്. 41 പ്രതികളുണ്ടായിരുന്ന കേസില്‍ 26 പേര്‍ക്കും ടാഡ കോടതി 1998ല്‍ വധശിക്ഷ വിധിച്ചിരുന്നു. 1999ല്‍ മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. റോബര്‍ട്ട് പയസ്, ജയകുമാര്‍, നളിനി, രവിചന്ദ്രന്‍ എന്നിവരുടെ ശിക്ഷയായിരുന്നു ജീവപര്യന്തമായി കുറച്ചത്. കേസിലുള്‍പ്പെട്ട മറ്റ് 19 പേരെ വെറുതെ വിട്ടിരുന്നു.
Post Your Comments