ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ താൻ നിരപരാധിയാണെന്ന് ജയിൽ മോചിതയായ നളിനി ശ്രീഹരൻ. താൻ കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ളയാളാണ്. ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടപ്പോഴും രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോഴും ഞാനും എന്റെ കുടുംബവും കരഞ്ഞു. ആ ദിവസം ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്നും നളിനി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എന്നാൽ രാജീവ് ഗാന്ധി കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് അറിയാമോ എന്ന ചോദ്യത്തിന് മറുപടി നൽകാൻ നളിനി തയ്യാറായില്ലെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
‘ഞാൻ ഒരു കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ളയാളാണ്. ഇന്ദിരാഗാന്ധി മരിച്ചപ്പോൾ ഞങ്ങൾ ആ ദിവസം മുഴുവൻ ഭക്ഷണം കഴിച്ചില്ല. നാല് ദിവസം ഞങ്ങൾ കരഞ്ഞു. രാജീവ് ഗാന്ധി മരിച്ചപ്പോഴും ഞങ്ങൾ മൂന്ന് ദിവസം കരയുകയായിരുന്നു. പക്ഷേ അദ്ദേഹത്തെ കൊന്നു എന്ന കുറ്റം ഞാൻ വഹിക്കുന്നു. ആ കുറ്റം തെളിഞ്ഞാൽ മാത്രമേ എനിക്ക് വിശ്രമിക്കാനാകൂ,’ നളിനി ശ്രീഹരൻ പറഞ്ഞു. ‘കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് എനിക്ക് ചൂണ്ടിക്കാണിക്കാൻ കഴിയില്ല. ഒറ്റുന്ന ശീലം എനിക്കില്ല. ഞാൻ അങ്ങനെ ചെയ്തിരുന്നെങ്കിൽ 32 വർഷം ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു. എനിക്കറിയില്ല ആരാണെന്ന്,’ നളിനി പറഞ്ഞു.
അതേസമയം നളിനിയുടെ പ്രതികരണത്തെ ശ്രീപെരുമ്പത്തൂർ സ്ഫോടനത്തിൽ പരുക്കേറ്റ സബ് ഇൻസ്പെക്ടർ അനസൂയ ഏണസ്റ്റ് ഡെയ്‌സി എതിർത്തു. ‘സുപ്രീം കോടതി വിധിക്കെതിരെയാണ് നളിനി സംസാരിക്കുന്നത്. താൻ നിരപരാധിയാണെന്നും കുറ്റക്കാരിയല്ലെന്നും അവർ പറഞ്ഞാൽ കോടതി ഉത്തരവ് പുനഃപരിശോധിക്കുകയും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ മറ്റൊരു അന്വേഷണം ആരംഭിക്കുകയും വേണം,’ എന്ന് അനുസൂയ വ്യക്തമാക്കി. രാജീവ് ഗാന്ധി വധക്കേസിൽ മോചിതരായ മറ്റ് നാല് പ്രതികളെ പാർപ്പിച്ചിരിക്കുന്ന ട്രിച്ചി സ്പെഷ്യൽ ക്യാമ്പ് നളിനി ശ്രീഹരൻ തിങ്കളാഴ്ച സന്ദർശിച്ചിരുന്നു. മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരാണ് ഈ പ്രത്യേക ക്യാമ്പിൽ കഴിയുന്നത്. നാലുപേരേയും ശ്രീലങ്കയിലേക്ക് നാടുകടത്താനാണ് തീരുമാനം.
അവർ പോകാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളിലേക്ക് അവരെ അയക്കണമെന്ന ആവശ്യം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് നളിനി ഉന്നയിച്ചിരുന്നു. ‘ഞങ്ങളുടെ മകൾ ഹരിത താമസിക്കുന്ന രാജ്യത്തേക്ക് ഭർത്താവായ മുരുകനെ അയയ്ക്കാൻ ഞാൻ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശാന്തൻ ശ്രീലങ്കയിലേക്ക് പോകാൻ ആഗ്രഹിക്കുന്നു. മറ്റ് രണ്ടുപേരും ഇതുവരെ തീരുമാനിച്ചിട്ടില്ല,’ എന്ന് നളിനി മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments