ന്യൂഡല്‍ഹി : മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രതിസന്ധി തീര്‍ക്കാന്‍ മുഖ്യമന്ത്രിയും നിലവിലെ പിസിസി അധ്യക്ഷനുമായ കമല്‍നാഥുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും. പിസിസി അധ്യക്ഷപദം ജ്യോതിരാദിത്യ സിന്ധ്യക്ക് നല്‍കാനാകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കമല്‍നാഥും മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങും. ചൊവ്വാഴ്ച സോണിയ ഗാന്ധി ജോതിരാദിത്യ സിന്ധ്യയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ചര്‍ച്ചകളെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു.
മധ്യപ്രദേശിലെ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നം പരിഹരിക്കാന്‍ സോണിയ ഗാന്ധി നേരത്തെ അച്ചടക്ക സമിതി അധ്യക്ഷന്‍ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചിരുന്നു. കമല്‍നാഥ് മുഖ്യമന്ത്രി ആയതിനാല്‍ പിസിസി അധ്യക്ഷ പദം ഒഴിയണം എന്നാണ് ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവരുടെ ആവശ്യം. മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിയതോടെ കമല്‍നാഥ് പിസിസി അധ്യക്ഷസ്ഥാനം ഒഴിയുമെന്നായിരുന്നു സിന്ധ്യാ അനുകൂലികളുടെ കണക്കുകൂട്ടല്‍.
എന്നാല്‍, മുഖ്യമന്ത്രിയായി എട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും കമല്‍നാഥ് അധ്യക്ഷസ്ഥാനത്തു തുടരുകയായിരുന്നു. പല തവണ പാര്‍ട്ടി നേതൃത്വത്തെ സിന്ധ്യ അതൃപ്തി അറിയിച്ചു. മിക്ക എംഎല്‍എമാരും മന്ത്രിമാരും സിന്ധ്യക്ക് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. അധ്യക്ഷ സ്ഥാനം ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് വരെ സിന്ധ്യ സൂചന നല്‍കിയിരുന്നു.
Post Your Comments